കരിനിയമങ്ങൾക്ക് ജനാധിപത്യപരമായ അന്ത്യം, ഇരുസഭകളും പാസാക്കി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന മൂന്നു കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കുന്ന ബിൽ ലോക്സഭ പാസാക്കി. ബിൽ പിന്നീടു രാജ്യസഭയുടെ പരി​ഗണനയ്ക്കു വിട്ടു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. ഇനി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകാനുള്ള എല്ലാ നടപടികളും പൂർത്തിയാകും. ഒരു വർഷത്തോളം നീണ്ട ദേശ വ്യാപക കർഷക സമരത്തിന്റെയും പ്രതിപക്ഷ പ്രതിഷേധത്തിന്റെയും മഹാ വിജയമാണ് നരേന്ദ്ര മോദി സർക്കാരിന്റെ പിന്മാറ്റം. എന്തു വന്നാലും നിയമങ്ങൾ പിൻവലിക്കില്ലെന്ന കടുത്ത നിലപാടെടുത്ത നരേന്ദ്ര മോദിയെയും ബിജെപിയെയും രാജ്യം മുട്ടുകുത്തിച്ചു.
ബിൽ പാസാക്കാൻ കാട്ടിയ തിടുക്കം തന്നെയാണ് നിയമം പിൻവലിക്കുന്ന കാര്യത്തിലും മോദി കാണിച്ചത്. നിയമങ്ങൾ പിൻവലിക്കുന്ന ബിൽ സഭയിൽ വച്ച് ചർച്ച ചെയ്യണമെന്ന കോൺ​ഗ്രസിന്റെ ആവശ്യം മോദി അം​ഗീകരിച്ചില്ല. ചർച്ച കൂടാതെ തന്നെ സഭയിൽ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിം​ഗ് തോമറാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചു. പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധി, മുൻ പ്രസിഡന്റ് രാഹുൽ ​ഗാന്ധി, ലോക്സഭയിലെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ നേതൃത്വം നൽകി. പാർല മെന്റിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച എംപിമാർ പാർലമെന്റ് കോംപ്ലക്സിലെ ​ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമ്മേളിച്ച് കർഷകർക്ക് അഭിവാദ്യം അർപ്പിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ലോക്സഭ പാസാക്കിയതിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജേഷ് തികായത്ത് സംതൃപ്തി രേഖപ്പെടുത്തി. സമരത്തിൽ പങ്കെടുത്ത് ജീവൻ വെടിഞ്ഞ 750 കർഷകരുടെ ജീവത്യാ​ഗത്തിന്റെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക വിലസ്ഥിരത, എംഎസ്പിയുടെ നിയമ പരിരക്ഷ തുടങ്ങിയ മറ്റ് പ്രധാന പ്രശ്നങ്ങൾക്കും പരിഹാരം കാണെണ്ടതുണ്ടെന്ന് തികായത്ത്.

Related posts

Leave a Comment