വിടപറയുന്നത് കേരളത്തിന്റെ ഹരിത നേതാവ്

സി.പി. രാജശേഖരൻ

എറണാകുളം ബിടിഎച്ച് ഹോട്ടലിന്റെ വിഐപി സ്യൂട്ട് റൂമിൽ അഭിമുഖത്തിനിരിക്കുന്നത് സാക്ഷാൽ മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട പരിസ്ഥിതി വി​ദ​ഗ്ധ പാനലിന്റെ അധ്യക്ഷൻ. വടക്ക് ​ഗുജറാത്ത് മുതൽ തെക്ക് തമിഴ്നാടിന്റെ കന്യാകുമാരി ജില്ല വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ പ്രകൃതി സംരക്ഷണത്തെ കുറിച്ചു പഠനം നടത്തി സമ​ഗ്രമായ റിപ്പോർട്ട് തയാറാക്കി കേന്ദ്ര സർക്കാരിനു സമർപ്പിച്ച സമിതിയുടെ തലവൻ. റിപ്പോർട്ടിനെയും അതേത്തുടർന്ന് കേരളത്തിൽ നടന്ന വിവാദങ്ങളെയും കുറിച്ചായിരുന്നു അഭിമുഖത്തിലെ ചോദ്യാവലി. ​ഗാഡ്​ഗിൽ റിപ്പോർട്ട് എത്രയും വേ​ഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ പ്രതീകാത്മക ശവസംസ്കാരം നേരിട്ട പി.ടി. തോമസിന്റെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഈ അഭിമുഖത്തിന് ഹരിത രാഷ്‌ട്രീയത്തിന്റെ നിറം കിട്ടിയത് സ്വാഭാവികം. അദ്ദേഹം പറഞ്ഞ വാക്കുകളിങ്ങനെ:

അത്യന്തം അപകടരമായ ഒരു ബോംബിനു മുകളിലാണു കേരളം സ്ഥിതിചെയ്യുന്നത്. സമിന്റും മണലുമില്ലാതെ, കുറേ ഇഷ്ടിക നിരത്തിവച്ച് നിർമിച്ചിരിക്കുന്ന കെട്ടിടം പോലെയാണത്. ഒരു ഇഷ്ടിക മറിഞ്ഞാൽ ചീട്ടുകൊട്ടാരം പോലെ എല്ലാം തകർന്നു വീഴും. ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം നിങ്ങൾ പ്രകൃതിയോടു ചെയ്തു കഴിഞ്ഞു. ഇന് പ്രകൃതി നിങ്ങളെ  ശിക്ഷിക്കും. അതിനു കൂടുതൽ സമയമൊന്നും വേണ്ട. എപ്പോൾ വേണമെങ്കിലും അതു സംഭവിക്കാം.

അദ്ദേഹത്തിന്റെ വാക്കുകൾ അറം പറ്റാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. 2018, 2019, 2020 വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടലും മലയിടിച്ചിലുമൊക്കെയായി പശ്ചിമഘട്ടം അപ്പാടെ ഒലിച്ചിറങ്ങി. മൂന്ന് വർഷങ്ങളിലുമായി ആയിരത്തോളം പേരാണ് കേരളത്തിൽ ഇല്ലാതായത്. കനത്ത ഉരുൾപൊട്ടലുകളുടെയും ആൾനാശത്തിന്റെയും പശ്ചാത്തലത്തിൽ ഇടുക്കിയിലെയും കോട്ടയത്തെയും പാലക്കാട്ടെയും മലപ്പുറത്തെയും വയനാട്ടിലെയും സാധാരണക്കാർ പോലും തുറന്നു സമ്മതിച്ചു. ഇതല്ലേ, ​ഗാഡ്​ഗിൽ പ്രവചിച്ചത്. ഇതു തന്നെയല്ലേ, പി.ടി. തോമസ് എന്ന ഹരിത നേതാവ് വർഷങ്ങളായി നമുക്കു നല്കിയ മുന്നറിയിപ്പ്!

​ഗാഡ്​ഗിൽ  കണ്ടെത്തി, പി.ടി തോമസ് അപകടം മണത്തു

സംസ്ഥാനത്ത് 12 ജില്ലകളിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നാണ് ​ഗാഡ്​ഗിൽ കമ്മിറ്റി കണ്ടെത്തിയത്. ഇവിടെ പാറ ഖനനം, മണൽ ഖനനം, ഡാം നിർമാണം, 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുളള കെട്ടിടങ്ങളുടെ നിർമാണം, 50 ഹെക്റ്ററിൽ കൂടുതൽ വിസ്തൃതിയിൽ ടൗൺഷിപ്പ് നിർമാണം എന്നിവ അനുവ​ദിക്കരുതെന്നാരുന്നു നിർദേശം. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂവിനിയോ​ഗത്തിനു കർശനമായ ഉപാധികൾ വേണമെന്നും കമ്മിഷൻ നിർദേശിച്ചു. എന്നാൽ ഈ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ കേരളത്തിൽ വലിയ പ്രതിഷേധവും പ്രക്ഷോഭവും തുടങ്ങി. മുഖ്യധാരാ രാീഷ്‌ട്രീയ കക്ഷികളും നേതാക്കളും റിപ്പോർട്ടിനു മേൽ നിശബ്ദത പാലിച്ചു. റിപ്പോർട്ട് നടപ്പാക്കണമെന്ന് പറയാൻ ആരും മുന്നോട്ടു വന്നില്ല. പക്ഷേ, പി.ടി. തോമസ് അതിനു ധൈര്യപ്പെട്ടു. അന്ധമായ പരിസ്ഥിതി പ്രേമം കൊണ്ടായിരുന്നില്ല അത്. റിപ്പോർട്ടിൽ പറയുന്ന മുന്നറിയിപ്പുകളുടെ ​ഗൗരവം അദ്ദേഹത്തിനു ബോധ്യപ്പെട്ടതായിരുന്നു കാരണം. പക്ഷേ, അതിനു കനത്ത വിലയും വ്യക്തിപരമായി തോമസ് നൽകേണ്ടി വന്നു. 2009ൽ 75,000 വോട്ടുകൾക്കു വിജയിച്ച ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 2014ൽ മത്സരിക്കാൻ അദ്ദേഹത്തിനു സീറ്റ് കിട്ടിയില്ല. പക്ഷേ, അതിന്റെ പേരിൽ നിശബ്ദനാകാനും  തോമസ് തയാറായില്ല. പറഞ്ഞതു മാറ്റിപ്പ‌റയാനും കൂട്ടാക്കിയില്ല.

​ ഇടുക്കിയിൽ നിന്ന് എറണാകുളത്തേക്കു പറിച്ചു നടപ്പെട്ട പി.ടി തോമസ്, കൊച്ചിയിൽ ​ഗാഡ്​ഗിലിനെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു യോ​ഗം വിളിച്ചു കൂട്ടി. തോമസ് നേതൃത്വം നൽകുന്ന മാനവ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയപ്പോളാണ് മാധാവ് ​ഗാഡ്​ഗിൽ ഈ ലേഖകന് പ്രത്യേകമായ അഭിമുഖം അനുവദിച്ചത്. അന്നു ​ഗാഡ്​ഗിൽ പി.ടി. തോമസിനെക്കുറിച്ച് പറഞ്ഞവാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു,

പരിസ്ഥിതി പഠനത്തിലും പ്രവർത്തനത്തിലും പി.ടി. തോമസിനോളം ആത്മാർഥതയും ​ഗൗരവവും കാണിക്കുന്ന മറ്റൊരു നേതാവും കേരളത്തിലില്ല. പക്ഷേ, അതിന് അദ്ദേഹത്തിനു വലിയ വില നൽകേണ്ടി വന്നു. അതിന്റെ ദുരന്തം കേരളം അനുഭവിക്കുക തന്നെ ചെയ്യും. കവളപ്പാറയിലും പെട്ടിമുടിയിലും വ‌യനാട്ടിലുമൊക്കെയായി കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ വരവേറ്റത് അന്നു ​ഗാഡ്​ഗിൽ നൽകിയ ഈ മുന്നറിയിപ്പ് തന്നെ. ഇടുക്കിയിൽ തന്റെ ശവമടക്ക് ആഘോഷിച്ചവരെ തോമസ് പക്ഷേ, വെറുത്തില്ല. അവർക്കു മുന്നിൽ തോറ്റുകൊടുത്തതുമില്ല‌. മാനവ സംസ്കൃതി എന്ന പേരിൽ ഒരു മാ​ഗസിൻ തന്നെ തയാറാക്കി മാസംതോറും ജനങ്ങളിലെത്തിച്ച് പരിസ്ഥിതി പഠനം സജീവമാക്കി നിലനിർത്തി, മരിക്കുന്നതു വരെയും.

ആഭ്യന്തര വളർച്ചാ നിരക്കിന്റെ പതിവുമാനദണ്ഡങ്ങളിൽ ഒതുങ്ങുന്നതല്ല വികസനം എന്നദ്ദേഹം പല തവണ സമർഥിച്ചു. പാരിസ്ഥിതികവും മാനുഷികവും സാമൂഹികവുമായ പുനർനിർമാണത്തിന് ഊന്നൽ കൊടുക്കുന്നതാവണം യഥാർഥ വികസനം എന്നായിരുന്നു പി.ടിയുടെ കാഴ്ചപ്പാട്. ഉരുളും പ്രളയവും മൂലമുണ്ടാകുന്ന നാശന്ഷടങ്ങളെ കേവ‌ലം വസ്തുവകകളായി മാത്രം കാണാനാവില്ല. കാലാവസ്ഥാ വ്യതിയാനം പോലുള്ള കൊടിയ വിപത്തുകളുടെ സൂചകങ്ങളായി കരുതി വേണ്ട മുൻകരുതലുകളെടുക്കണം. ശാസ്ത്രീയമായ അടിത്തറയോടെയാകണം ഓരോ ചുവടുവയ്പും. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ഏതു വികസനത്തിനും വലിയ വില നൽകേണ്ടി വരും- ​​ഗാഡ്​ഗിലിന്റെ ഈ നിലപാടിനെ പി.ടി. തോമസ് വലിയ തോതിൽ ഉൾക്കൊണ്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെ കേരളത്തെ പഠിപ്പിച്ചതും ​ഗാഡ്​ഗിൽ പറഞ്ഞുതന്ന ഈ പാഠങ്ങൾ തന്നെയാണെന്ന് വൈകിയെങ്കിലും നമ്മൾ തിരിച്ചറിയുന്നു. 

​ഗോവയിലെ പാരിസ്ഥിത പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഷാ കമ്മിഷന്റെ കണ്ടെത്തലുകളും ചില നിർദേശങ്ങളും ​ഗാഡ്​ഗിൽ കമ്മിഷനും ശരിവച്ചിട്ടുണ്ട്. ​ഗോവയിലെ അനധികൃത പാറ ക്വാറികൾക്കെതിരേ കർശന നടപടികളാണ് ഷാ കമ്മിഷൻ ശുപാർശ ചെയ്തത്. അനധികൃത ക്വാറി ഉടമകളിൽ നിന്ന് 35,000 കോടി രൂപ പിഴ ഈടാക്കണമെന്നായിരുന്നു ഒരു നിർദേശം. ഈ പണം വസൂലാക്കി, പശ്ചിമഘട്ട സംരക്ഷണത്തിനു യോജിച്ച കർമപദ്ധതികൾ നടപ്പാക്കണണെന്നും ​ഗാഡ്​ഗിൽ നിർദേശിച്ചു. പി.ടി. തോമസാകട്ടെ ഒരു പടി കൂടി കടന്ന്, ഇത്തരം നഷ്ടപരിഹാരത്തുകയുടെ ഒരു ഭാ​ഗം കേരളം ഉൾപ്പെടെ ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകണമെന്നു നിർദേശിച്ചു.

മുല്ലപ്പെരിയാറും കടമ്പ്രയാറും

പരിസ്ഥിതി പ്രേമം വയറ്റിപ്പിഴപ്പിനുള്ള മാർ​ഗമോ പൊതുപ്രവർത്തനങ്ങൾക്കുള്ള പ്രഭാഷണ വിഷയമോ ആയിരുന്നില്ല, പി.ടിക്ക്. ലോക്സഭയിലും നിയമസഭയിലുമൊക്കെ അദ്ദേഹം പരിസ്ഥിതിക്കു വേണ്ടി വാദിച്ചു. അന്ധമായ പ്രകൃതി സ്നേഹമല്ല അദ്ദേ​ഹം പ്രകടമാക്കിയത്. ആത്യന്തികമായി മനുഷ്യകുലത്തിനു ​ഗുണകരമായ ദീർഘകാല പദ്ധതികളാണ് അദ്ദേഹത്തിനു പരിസ്ഥിതി. മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയിൽ പി.ടി. തോമസ് കൊണ്ടുവന്നിട്ടുള്ള സബ്മിഷനുകൾക്കു കണക്കില്ല. കഴിഞ്ഞ സമ്മേളന കാലത്തു പോലും അദ്ദേഹം അതിനായി വീറോടെ വാദിച്ചു. പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ഭാ​ഗത്തു നിന്നുണ്ടാകുന്ന പിഴവുകളോരോന്നും അക്കമിട്ടു വിശദമാക്കി. ആരോപണങ്ങൾക്ക് ഉചിതമായ തെളിവുകളും നിരത്തി. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വഴിയൊരുക്കക വഴി പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കങ്ങൾക്കെതിരേ പി.ടി. തോമസ് സഭയിൽ പ്രോജ്വലമായ പോരാട്ടമാണു നടത്തിയത്. സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ഓരോന്നായി അദ്ദേഹം സഭയിലെത്തിച്ചു.

ഇടുക്കിയിൽ നിന്ന് ഇറക്കിവിട്ടതോടെ പാരിസ്ഥിതിക വിഷയങ്ങളിൽ നിന്ന് പി.ടി. തോമസ് എന്നേക്കുമായി ഓടിപ്പോകുമെന്നു കരുതിയവരാണേറെ. എന്നാൽ അവരെ സ്തബ്ധരാക്കിയാണ് എറണാകുളം ജില്ലയിലെ കടമ്പ്രയാർ നദീജല സംരക്ഷണത്തിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ. പെരുമ്പാവൂരിനടുത്ത് കീഴില്ലത്തു നിന്നു തുടങ്ങി, വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് ​ഗ്രാമ പഞ്ചായത്തുകളും തൃക്കാക്കര ന​ഗര സഭയും കടന്ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽപ്പെട്ട തേവരയിലെത്തി വേമ്പനാട്ട് കായലിൽ പതിക്കുന്ന 27 കിലോമീറ്റർ നീളമുള്ള കടമ്പ്രയാർ എറണാകുളം ന​ഗരത്തിന്റെ കാളകൂടവാഹിനിയാണ്. കോലഞ്ചേരി, കിഴക്കമ്പലം, കരിമുകൾ എന്നിവിടങ്ങളിലെ ചില ഫാക്റ്ററികൾ പുറന്തള്ളുന്ന മാലിന്യങ്ങളും മറ്റും ചേർന്ന് കടമ്പ്രയാറിനെ കൊല്ലാക്കൊല ചെയ്യുകയാണ്. ഈ മലിനീകരണത്തിനെതിരേയും പി.ടി. തോമസ് സന്ധിയില്ലാതെ സമരം ചെയ്തു. കിറ്റക്സിനെപ്പോലുള്ള വ്യവസായ ഭീമന്മാരെപ്പോലും വെല്ലിവിളിച്ചു നടത്തിയ പ്രക്ഷോഭങ്ങൾക്ക് തൃക്കാക്കരയിലെ ജനങ്ങൾ ഒപ്പം നിന്നതാണ് 2016നെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിന് 2021ലെ തെരഞ്ഞെടുപ്പിൽ പി.ടി. തോമസ് വിജയിക്കാൻ കാരണം.

തെരഞ്ഞെടുപ്പിലും ഹരിതപ്രചാരണം

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകിയാണ് തൃക്കാക്കരയിൽ പി.ടി. തോമസിനു പാർട്ടി ടിക്കറ്റ് അനുവദിച്ചത്. അപ്പോഴേക്കും എതിർ സ്ഥാനാർഥികൾ പ്രചാരണം കൊഴുപ്പിച്ചിരുന്നു. വൈകിയെത്തിയിട്ടും പ്രചാരണത്തിനു ഹരിത മുഖം മതിയെന്ന് പി.ടി. തോമസ് ശഠിച്ചു. ഫ്ലക്സുകൾ, പ്ലാസ്റ്റിക് പോസ്റ്ററുകൾ, തോരണങ്ങൾ എന്നിവ ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധം പിടിച്ചു. പക്ഷേ, അദ്ദേഹം പ്രചാരണം തുടങ്ങുന്നതിനു മുൻപ് പ്രവർത്തകർ സ്ഥാപിച്ച ചില  ഫ്ലക്സുകളും പ്ലാസ്റ്റിക് പ്രചാരണോപാധികലും നിലനിർത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ വിജയാഹ്ലാദങ്ങൾക്കു മുൻപ് തന്നെ ഇവ നീക്കം ചെയ്യാൻ പി.ടി. തോമസ് തന്നെ മുന്നിട്ടിറങ്ങി.

താൻ നയിച്ച പാരിസ്ഥിതിക സംരക്ഷണ പ്രക്ഷോഭങ്ങളെ ആദ്യം മുതൽ തള്ളിപ്പറഞ്ഞ സ്വന്തം സമുദായ നേതൃത്വത്തെ, ജോൺ പോൾ രണ്ടാമനും ഫ്രാൻസിസ് മാർപാപ്പയും  സ്വീകരിച്ച പരിസ്ഥിതി സൗഹാർദസമീപനം ഓർമിപ്പിച്ചാണ്ത് അദ്ദേഹം നേരിട്ടത്. സ്വന്തം പാർട്ടിയിലെ എതിർപ്പിനെ സൈലന്റ് വാലന്റ് പദ്ധതിയിൽ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ​ഗാന്ധി സ്വീകരിച്ച പാരിസ്ഥിതിക സൗഹൃദ നിലപാടും ഓർമിപ്പിച്ചു.  നിലപാടുകളോടു വിട്ടവീഴ്ചയില്ലാത്ത ഒരു പോരാളിയുടെ വീറും വാശിയുമാണ് ഇന്ന് രവിപുരം ശ്മശാനത്തിൽ എരിഞ്ഞടങ്ങുന്നത്.  

Related posts

Leave a Comment