കെ ആർ വിശ്വംഭരന്റെ വിയോ​ഗത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്ക് പ്രശസ്ത നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വയറലാകുന്നു

കെ ആർ വിശ്വമ്പരന്റെ വിയോ​ഗത്തിൽ ദുഃഖം അറിയിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്ക് പ്രശസ്ത നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വയറലാകുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:
സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആർ.വിശ്വംഭരൻ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകൾ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആർ.വിശ്വംഭരൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളിൽ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരൻ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവർഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയിൽ ഒരാൾ നഷ്ടപ്പെട്ടു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും വിശ്വംഭരൻ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാൻ വീണുപോയിട്ടുണ്ട്. അപ്പോൾ ഒരു കൈത്താങ്ങുമായി വിശ്വംഭരൻ കൂടെയുണ്ടായിരുന്നു. ഞാൻ വീണ്ടും എഴുന്നേല്കുന്നതും കൂടുതൽ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാളും വിശ്വംഭരൻ തന്നെ. വിശ്വംഭരന്റെ കുടുംബത്തിൽ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തിൽ വിശ്വംഭരനും. വിശ്വംഭരൻ ഇനിയില്ല…’ സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതർ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളിൽ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തിൽ കൈകോർത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകൾ. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലർപ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയിൽ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരൻ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോൾ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാൻ പിന്നെ കണ്ടത്. ഓർമകളുടെ തിരമാലകൾ പിന്നെയും പിന്നെയും….അതിൽ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോൾ..

Related posts

Leave a Comment