രക്തസാക്ഷി പുതുശേരി സനൂപിന്റെ കുടുംബം സി.പി.എം. ബന്ധം ഉപേക്ഷിക്കുന്നു ; കാരണം കുടുംബസഹായത്തിനു പിരിച്ച പണം നൽകാത്തതിനാൽ

കുന്നംകുളം : സി.പി.എം. ചൂണ്ടൽ പുതുശേരി കോളനി ബ്രാഞ്ച്‌ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട സനൂപിന്റെ കുടുംബം സി.പി.എം. ബന്ധം ഉപേക്ഷിക്കുന്നു. സനൂപിന്റെ വലിയമ്മയും ബന്ധുക്കളുമുൾപ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാർട്ടിബന്ധം വിടുന്നത്‌. സി.പി.എം. ഏരിയാ, ലോക്കൽ കമ്മിറ്റി നേതാക്കളുടെ നിലപാടുകളോടുള്ള വിയോജിപ്പാണു കാരണമെന്നു പേരെഴുതി ഒപ്പിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിൽഅ അവർ പറഞ്ഞു.
സി.പി.എം. ബന്ധം ഉപേക്ഷിച്ചാലും കമ്യൂണിസ്‌റ്റുകളായി ഇടതുപക്ഷ ആശയത്തോടൊപ്പം ഉണ്ടാകുമെന്ന്‌ അവർ പറഞ്ഞു. സനൂപിന്റെ കുടുംബസഹായ ഫണ്ടെന്ന പേരിൽ പിരിച്ചെടുത്ത പണം ഇതുവരെ നൽകാത്തതും ഒന്നാം രക്‌തസാക്ഷിത്വദിനം കഴിഞ്ഞിട്ടും സനൂപിനു സ്‌മാരകം നിർമിക്കാത്തതുമാണു യഥാർഥ കാരണങ്ങളെന്നു നാട്ടുകാർ പറയുന്നു.
ഡി.വൈ.എഫ്‌.ഐ. ചൊവ്വന്നൂർ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറി കൂടിയായിരുന്ന സനൂപിനെ (26) കഴിഞ്ഞ വർഷം ഒക്‌ടോബർ നാലിനാണു ചിറ്റിലങ്ങാടുവച്ച്‌ സംഘപരിവാർ ബന്ധമുള്ളവർ നെഞ്ചിൽ കുത്തിവീഴ്‌ത്തിയത്‌. രക്‌തം വാർന്നായിരുന്നു മരണം. അച്‌ഛനെയും അമ്മയെയും നേരത്തേ നഷ്‌ടപ്പെട്ട സനൂപ്‌ വലിയമ്മയോടൊപ്പമാണ്‌ പുതുശേരി കോളനിയിൽ താമസിച്ചിരുന്നത്‌.
സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനൂപ്‌ കുടുംബ സഹായ ഫണ്ടെന്ന പേരിൽ 21 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. വലിയമ്മയ്‌ക്കൊപ്പം സനൂപ്‌ താമസിച്ചിരുന്ന വീടും 5.75 സെന്റ്‌ സ്‌ഥലവും സ്‌മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാർട്ടി തീരുമാനം.
കുടുംബാംഗങ്ങളായ മൂന്നുപേർക്ക്‌ അവകാശപ്പെട്ട വീടും ഭൂമിയും പാർട്ടിക്കു നൽകാൻ ആദ്യം സമ്മതിച്ചെങ്കിലും വീട്ടുകാർ പിന്നീടു പിന്മാറി. പിരിച്ചെടുത്ത പണം കൂനംമുച്ചി സർവീസ്‌ സഹകരണ ബാങ്കിലും കുന്നംകുളം അർബൻ സർവീസ്‌ സഹകരണ സംഘത്തിലുമായി പാർട്ടിയുടെ പേരിൽ നിക്ഷേപിച്ചിരിക്കുകയാണ്‌.
സി.പി.എമ്മിന്റെ ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കൾക്കെതിരേയാണ്‌ സനൂപിന്റെ കുടുംബാംഗങ്ങളുടെ പരാതികൾ.
സനൂപിനെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനൻ ജാമ്യത്തിലിറങ്ങിയ ശേഷം ഗൾഫിലേക്ക്‌ കടന്നിരുന്നു. ഇതു തടയാൻ പാർട്ടിക്കും സർക്കാരിനും കഴിയാതിരുന്നത്‌ വീട്ടുകാരെ വേദനിപ്പിച്ചു. പാർട്ടി വിടുകയാണെന്നു വീട്ടുകാർ നേരത്തേ ബ്രാഞ്ച്‌ സെക്രട്ടറിയോടു പറഞ്ഞിരുന്നു.
എന്നാൽ അനുകൂലവും വിശ്വാസയോഗ്യവുമായ മറുപടിയല്ല നേതാക്കൾ നൽകിയതെന്നു ബന്ധുക്കൾ പറഞ്ഞു. സി.പി.എം. ഏരിയാ സമ്മേളനത്തിലേക്കു കടക്കാനിരിക്കെ രക്‌തസാക്ഷി സനൂപിന്റെ കുടുംബം പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതു വലിയ ചർച്ചകൾക്കിടയാക്കും.

Related posts

Leave a Comment