ലൈഫിൽ കള്ളക്കണക്ക്; പൊളിച്ചടുക്കി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം, ഒടുവിൽ ഇറങ്ങിപ്പോക്ക്

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന രഹിതർക്ക് ഉമ്മൻചാണ്ടി സർക്കാർ നിർമ്മിച്ചു നൽകിയതിനേക്കാൾ  കൂടുതൽ വീടുകൾ പിണറായി സർക്കാർ നിർമ്മിച്ചു നൽകിയെന്ന് സഭയിൽ കള്ളക്കണക്ക് നിരത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്റെ രാഷ്ട്രീയ കൗശലം നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചടുക്കി. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഒമ്പതു ലക്ഷം അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം
പി.കെ ബഷീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി എം.വി ഗോവിന്ദൻ കള്ളക്കണക്കുകൾ നിരത്തിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 3074 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളന്ന് പഴയൊരു നിയമസഭാ രേഖ മുൻ നിർത്തി പറഞ്ഞാണ് മന്ത്രി സഭയിൽ രാഷ്ട്രീയ നാടകം കളിച്ചത്. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് ഇതേ ചോദ്യത്തിന് മന്ത്രി കെ.ടി ജലീൽ നൽകിയ മറുപടിയുടെ പകർപ്പ് സഭയിൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം തിരിച്ചടിച്ചു. ആ മറുപടിയിൽ 2011 മുതല്‍ 2016 വരെ 4,34,0000 വീടുകൾ ഉമ്മൻചാണ്ടി സർക്കാർ നിർമ്മിച്ചു നൽകിയതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് വിവരിച്ചു. അതേസമയം, ആസൂത്രണ ബോർഡിന്റെ കണക്കിലെ പിശകാണ് അത്തരമൊരു രേഖയ്ക്ക് ആധാരമായതെന്ന് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദൻ ഉരുണ്ടു കളിക്കാൻ ശ്രമിച്ചെങ്കിലും നിയമസഭാ രേഖയുടെ ആധികാരികത ഉറക്കെപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് മന്ത്രിയുടെ വായടച്ചു. അഞ്ചുവർഷത്തിനിടെ അഞ്ചുലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അവകാശപ്പെട്ട പിണറായി സർക്കാർ ഇതുവരെ നൽകിയ വീടുകളുടെ എണ്ണവും യുഡിഎഫ് സർക്കാർ നിർമ്മിച്ചു നൽകിയ വീടുകളുടെ യഥാർത്ഥ കണക്കുകളും പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ഇതോടെ ഭരണപക്ഷം സമ്പൂർണമായി പ്രതിരോധത്തിലായി. ഒടുവിൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
കേരളം ഭരിക്കുന്ന ഇ.എം.എസിന്റെ പാർട്ടി അധികാര വികേന്ദ്രീകരണം എന്ന ആശയത്തെ അട്ടിമറിച്ച് കേന്ദ്രീകരണത്തിലേക്ക് മാറിയെന്ന് നോട്ടീസ് അവതരിപ്പിച്ച പി.കെ ബഷീർ പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ വഴി നടപ്പാക്കിയ വീട് നിർമാണം ലൈഫ് എന്ന് പേരിട്ട് സർക്കാർ സ്വന്തമാക്കി മേനി നടിക്കുകയാണ്. 2020 ആകുമ്പോഴേക്കും സംസ്ഥാനത്ത് ഭവന രഹിതരുണ്ടാവില്ലെന്നാണ് അധികാരത്തിലേറിയപ്പോൾ പിണറായി വിജയൻ പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ രണ്ടര ലക്ഷത്തോളം വീടുകൾ പോലും നൽകാനായില്ലെന്ന് പി.കെ ബഷീർ കുറ്റപ്പെടുത്തി. നേരത്തെ ത്രിതല പഞ്ചായത്തുകളും പട്ടികജാതി, വർഗ വകുപ്പും ഫിഷറീസ് വകുപ്പുമൊക്കെ നിർമ്മിച്ചു നൽകിയ വീടുകളുടെ എണ്ണം ചേർത്താണ് സർക്കാർ ലൈഫ് മിഷൻ വീടുകളുടെ കണക്ക് ഒപ്പിക്കുന്നത്. ഇപ്പോൾ പദ്ധതി സ്തംഭനത്തിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി അപേക്ഷ ക്ഷണിച്ചിട്ട് 17 മാസം കഴിഞ്ഞിട്ടും നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. ജില്ലാ തലത്തിൽ യോഗങ്ങളോ മോണിറ്ററിങ്  കമ്മിറ്റികളോ ചേരുന്നുപോലുമില്ലെന്ന് ബഷീർ കുറ്റപ്പെടുത്തി. ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും പരിശീലനം നൽകാനൊരുങ്ങുകയാണ് സർക്കാർ. അതുവഴി അനാവശ്യ ചെലവുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ മുഖ്യമന്ത്രിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം ക്ലാസ് എടുക്കുന്ന എം.വി ഗോവിന്ദൻ ലൈഫ് മിഷൻ പദ്ധതി സ്തംഭിച്ചത് കാര്യ കാരണ സഹിതം സൂക്ഷ്മമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് മറുപടി നൽകിയ മന്ത്രി എംവി ഗോവിന്ദൻ, ലൈഫ് മിഷൻ ഭവന പദ്ധതിയുടെ പട്ടിക ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് സഭയെ അറിയിച്ചു.  തദ്ദേശ തെരഞ്ഞെടുപ്പ് കാരണമാണ് പദ്ധതി വൈകിയതെന്നും അര്‍ഹരായവര്‍ക്കെല്ലാം വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Related posts

Leave a Comment