കൊഴിയുന്ന ഇതളുകൾ- പരമേശ്വരൻ നമ്പൂതിരി ; കവിത

കൊഴിയുന്ന ഇതളുകൾപരമേശ്വരൻ നമ്പൂതിരി

വിരിയാൻ കൊതിയ്ക്കുന്ന മൊട്ടിന്റെ ഇതളുകൾ
അകാലത്തിൽ ഞെട്ടറ്റ് വീണാതാകാം
മുൻമ്പേ കൊഴിഞ്ഞൊരിതളിന്റെ പാടുകൾ
ഒരുപാടുകഥകൾ മൊഴിഞ്ഞിരിയ്ക്കാം

മർത്യന്റെ വികലമാം പ്രണയത്തിൻ ചെയ്തികൾ
ലഹരിയാൽ നടമാടിയതായിരിയ്ക്കാം
സ്വപ്നങ്ങളൊരുപാട് നെയ്തുതുടങ്ങുമ്പോൾ
അറിയാതെ തെന്നിയും വീണതാകാം

കാതങ്ങളൊരുപാട് താണ്ടുവാനാകാതെ
കാട്ടാളച്ചൂടിനാൽ കരിഞ്ഞതാകാം
പാറിപ്പറക്കുവാൻ വെമ്പുന്ന ഇതളുകൾ
എന്നേ ശോഷിച്ചു പോയിരിയ്ക്കാം

തെന്നലിൻ തലോടലേൽക്കാതിരിയ്ക്കുവാൻ
കരവലയത്തിൽ അകപ്പെട്ടതായിരിയ്ക്കാം
പകലിനെ മറയാക്കി നിശയുടെ ക്രൂരത
ഇളമുറക്കാരിൽ പടർന്നതാകാം

കാണുന്നചിരിയിലും അർത്ഥങ്ങൾ പലതുണ്ട്
അത് കാണാതെ പോയതുമായിരിയ്ക്കാം
അന്യന്റെ ദൃഷ്ടിവലയ്ക്കുള്ളിലായപ്പോൾ
അത് ഭേദിയ്ക്കാനാകാതെ വന്നിരിയ്ക്കാം

ഇനി പൊഴിയാൻ കൊതിയ്ക്കാത്ത ഇതളുകൾ
പഴയകഥ കേൾക്കാതെ പോയിടല്ലേ
ആശകൾ വാനോളമുയർത്തിക്കൊണ്ടങ്ങനെ
ആശിച്ച സൗധം പടുത്തുകൊൾക

Related posts

Leave a Comment