രാഹുല്‍ ഗാന്ധിയുടെ വ്യാജ വിഡിയോ: സീ ടിവി ന്യൂസ് അവതാരകന്‍ കസ്റ്റഡിയില്‍ ;ഛത്തീസ്ഗഡ് പൊലീസിനെ തടഞ്ഞ് യുപി പൊലീസിന്റെ കസ്റ്റഡി നാടകം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തിയ സീ ടിവി ന്യൂസ് അവതാരകനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിച്ചു. സീ ടിവി ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഛത്തീസ്ഗഡ് പൊലീസിനെ തടഞ്ഞാണ് യു.പിയിലെ ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 5.30ഓടെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യാനായി രോഹിതിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, രോഹിത് രഞ്ജന്‍ വിവരം യു.പി. പോലീസിനെ അറിയിച്ചു. പിന്നാലെയെത്തിയ ഗാസിയാബാദ് പൊലീസ് ഛത്തീസ്ഗഡ് പൊലീസിന്റെ അറസ്റ്റ് തടഞ്ഞ് രോഹിത്തിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഛത്തീസ്ഗഡ് പൊലീസ് തന്റെ വീട്ടില്‍ പുലര്‍ച്ചെ 5.30ന് എത്തിയെന്നും എന്നാല്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ വരുന്ന വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചില്ലെന്നും രോഹിത് ട്വീറ്റ് ചെയ്തു. അങ്ങനെ അറിയിക്കണമെന്ന് നിയമമില്ലെന്ന് ഛത്തീസ്ഗഡ് പൊലീസ് മറുപടി നല്‍കി. അറസ്റ്റിനുള്ള കോടതി വാറന്റ് നിങ്ങളെ കാണിച്ചിട്ടുണ്ട്. നിങ്ങള്‍ അന്വേഷണത്തില്‍ സഹകരിക്കണം. നിങ്ങള്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയാമെന്നും പൊലീസ് മറുപടി ട്വീറ്റില്‍ വ്യക്തമാക്കി.
നോയിഡ സെക്ടര്‍-20 പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രോഹിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് യു.പി. പൊലീസ് പറയുന്നത്. നിലവില്‍ രോഹിത് യു.പി പൊലീസിന്റെ കസ്റ്റഡിയിലുള്ള രോഹിതിനെതിരെ ജാമ്യം ലഭിക്കാവുന്ന കേസുകള്‍ മാത്രമാണ് എടുത്തിട്ടുള്ളളതെന്നാണ് വിവരം.
രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ജൂലായ് ഒന്നാം തീയതിയാണ് രോഹിത്തിനെതിരെ ഛത്തീസ്ഗഢിലെ റായ്പൂരില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ. ദേവേന്ദ്ര യാദവിന്റെ പരാതിയിലാണ് കേസ്. വയനാട്ടില്‍ എം.പിയുടെ ഓഫീസ് അക്രമിച്ച എസ്.എഫ്.ഐ കുട്ടികള്‍ക്ക് മാപ്പു നല്‍കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസംഗം ഉദയ്പൂരിലെ തയ്യല്‍ക്കാരന്റെ കൊലപാതകികള്‍ക്ക് മാപ്പു നല്‍കുന്നുവെന്ന തരത്തിലാണ് രോഹിത് അവതരിപ്പിക്കുന്ന ടി.വി ഷോയില്‍ അവതരിപ്പിച്ചത്. ഇത് ബിജെപി പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രാജസ്ഥാനുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളില്‍ കേസെടുത്തിട്ടുണ്ട്. വിഡിയോ ഷെയര്‍ ചെയ്തതിന് ബി.ജെ.പി നേതവ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് അടക്കമുള്ളവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment