ആറാട്ടിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യജ പ്രചരണം ; അഞ്ച് പേർക്കെതിരെ കേസെടുത്തു

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ ‘ആറാട്ട്’ സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. സിനിമ തിയറ്ററിലെത്തിയ ശേഷം അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആറാട്ടിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദിയറിയിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേണ്ടി കോവിഡ് കാലത്ത് തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

വില്ലൻ’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. നെടുമുടിവേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ്, ഗണേഷ് കുമാർ, സമ്പത്ത് രാജ്, രാമചന്ദ്ര രാജു, നേഹ സക്സേന, ജോണി ആൻറണി തുടങ്ങി വമ്പൻതാരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവുമുണ്ട്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ മോഹൻലാലിൻറെ നായിക. ക്യാമറ-വിജയ് ഉലക്നാഥ്, സംഗീതം-രാഹുൽ രാജ്. സജീഷ് മഞ്ചേരി, ആർഡി ഇലുമിനേഷൻസ് എന്നിവരാണ് നിർമാണം.

Related posts

Leave a Comment