ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്ക് പിന്നാലെ വ്യാജവാർത്തകൾ ; പുറത്തുവരുന്നത് കോൺഗ്രസിനെ തകർക്കുകയെന്ന മാധ്യമ അജണ്ട

കൊച്ചി : കേരളത്തിലെ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്തുവന്നതിനുശേഷം മുൻകൂട്ടി തയ്യാറാക്കിയ പ്രകാരം കോൺഗ്രസ് പാർട്ടിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്ന തിരക്കിലാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ. നേതാക്കളുടെ പ്രസ്താവനകൾ വളച്ചൊടിച്ചും കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ചും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യം പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഈ പ്രമുഖ മാധ്യമങ്ങൾ.

സംസ്ഥാനത്തും രാജ്യത്തും ജനദ്രോഹപരമായ സമീപനങ്ങൾ വച്ചുപുലർത്തുന്ന ഭരണകൂടങ്ങൾക്കെതിരെ മൗനം പാലിക്കുന്ന മാധ്യമങ്ങൾ കോൺഗ്രസിനുള്ളിലെ ആഭ്യന്തര വിഷയങ്ങളിൽ വഴിവിട്ടു ഇടപെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിച്ചു തന്നെ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നൂറുദിനം പിന്നിടുന്ന സർക്കാരിന്റെ വീഴ്ചകളെ കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങൾ ഇത്തരം തെറ്റായ സമീപനങ്ങളെ ക്രിയാത്മകമായി എതിർക്കുന്ന പ്രതിപക്ഷത്തെ ലക്ഷ്യം വച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ വിധേയത്വം കാണിക്കുകയാണ്.

കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കുകയെന്ന അജണ്ടയാണ് ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ ഉള്ളത്. ചില മാധ്യമങ്ങൾ സർക്കാരിന്റെ പിആർ ഏജൻസി പോലെ പ്രവർത്തിക്കുന്നു.എന്നാൽ ഈ മാധ്യമവാർത്തകൾക്കൊന്നും തന്നെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വിഭാഗീയത ഉണ്ടാക്കുവാൻ സാധിച്ചില്ല എന്നതാണ് സത്യം.

Related posts

Leave a Comment