വ്യാജകള്ള് നിർമ്മാണ ലോബിക്ക് സഹായം; 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചു വന്നിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇത് സംബന്ധിച്ച അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കും. ആലത്തൂർ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണിൽ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജൂൺ 27നാണ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടിൽ നിന്ന് 1312 ലിറ്റർ സ്പിരിറ്റ്, 2220 ലിറ്റർ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്. തുടർന്ന് എക്‌സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ വീട്ടിൽ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ‌സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകൾ, വൗച്ചറുകൾ എന്നിവ കണ്ടെടുക്കുകയുണ്ടായി. ഈ രേഖകളിൽ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചത്. ജില്ലാതലം മുതൽ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ, വർഷങ്ങളായി വ്യാജകള്ള് നിർമ്മാണം നടന്നുവരികയായിരുന്നു എന്ന വിവരം ഞെട്ടിക്കുന്നതാണ്. എക്‌സൈസ് വകുപ്പിന്റെ തന്നെ സ്തുത്യർഹമായ ഇടപെടലിന്റെ ഭാഗമായാണ് ഈ അവിശുദ്ധ ബന്ധത്തെ തകർക്കാനും വ്യാജകള്ള് ലോബിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സാധിച്ചത് എന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആലത്തൂർ റെയ്ഞ്ച് ഓഫീസിൽ ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടക്കേണ്ടതിനാലാണ് കേസ് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുന്നത്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത എക്‌സൈസ് വകുപ്പ് പുലർത്തുന്നുണ്ട് എന്നുറപ്പുവരുത്തും. രഹസ്യമായി ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി വിവരങ്ങളൊന്നും ചോർന്നുപോകാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിൽ വിജയിച്ച എക്‌സൈസ് കമ്മീഷണർ എസ് അനന്തകൃഷ്ണൻ, വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ടി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തെ മന്ത്രി അഭിനന്ദിച്ചു.

Related posts

Leave a Comment