കേരളത്തിലേക്ക് കള്ളത്തോക്കുകള്‍, പോലീസിനു തലവേദന

കൊച്ചി സംസ്ഥാനത്ത് കള്ളത്തോക്കുകളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസം കളമശേരിയില്‍ നിന്നു കണ്ടെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന കണ്ടെത്തലാണു പോലീസിനെ കുഴയ്ക്കുന്നത്. ഇത്രയും തോക്കുകള്‍ ഒരു പരിശോധനയും കൂടാതെ എങ്ങനെ പുറംലോകത്ത് സംരക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. സാധാരണ നിലയ്ക്ക് ഏതു തരം തോക്കിനും ജില്ലാ കലക്റ്ററുടെ ലൈസന്‍സ് അനിവാര്യമാണെന്നിരിക്കെ കൊച്ചിയില്‍ പത്തൊന്‍പതു തോക്കുകളാണ് ഒരു ലൈസന്‍സുമില്ലാതെ കൈവശം വച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കോതമംഗലത്ത് സ്വകാര്യ ദന്തല്‍ കോളെജിലെ ഹൗസ് സര്‍ജനായ യുവ ഡോക്റ്ററെ യുവാവ് കൊലപ്പെടുത്തിയതും കള്ളത്തോക്കുപയോഗിച്ചായിരുന്നു. ബിഹാറില്‍ നിന്നു വില കൊടുത്തു വാങ്ങിയതാണ് ഈ തോക്ക്. കളമശേരിയില്‍ പിടികൂടിയത് ജമ്മുകശ്മീരില്‍ നിന്ന് ഒളിച്ചു കടത്തിക്കൊണ്ടുവന്നതും.

പിടിച്ചെടുത്ത 19 തോക്കിനും ലൈസന്‍സില്ല; വന്നത് കശ്മീരില്‍ നിന്നെന്നു കളമശേരി പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ കൈവശം വെച്ചിരുന്ന തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു. പോലീസ് 19 തോക്കുകളാണ് പിടികൂടിയത്. ഇവയ്‌ക്കൊന്നിനും ലൈസന്‍സില്ലായിരുന്നു.

ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. എസ്എസ്വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെയാണ് കേസ്. ജമ്മു കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം. തിരുവനന്തപുരത്ത് തോക്കുകള്‍ പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലും തെരച്ചില്‍ ശക്തമാക്കിയത്.

സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിക്ക് തോക്കുകളുള്ള ആളുകളെ വിതരണം ചെയ്യുന്ന മറ്റൊരു ഏജന്‍സിയും പ്രതിസ്ഥാനത്തുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കും. തോക്കുകള്‍ക്ക് എഡിഎമ്മിന്റെ ലൈസന്‍സ് വേണം. ഇന്ന് രാവിലെ തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഈ തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്.

രജൗരി ജില്ലാ കളക്ടറുകമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്റെ സാധുത പൊലീസ് പരിശോധിക്കും. തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജന്‍സിയുടെ അഞ്ച് തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ മാസം 13 നാണ് കരമന പോലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മാസത്തിലേറെ ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചു.

കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.

Related posts

Leave a Comment