പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം: പ്രധാന പ്രതികളുടെ അറസ്റ്റ് 24 വരെ കോടതി തടഞ്ഞു


പുല്‍പ്പള്ളി: വയനാട്ടിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച്ടവറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാലംഗസംഘം താമസിച്ച സംഭവത്തില്‍ പ്രധാനപ്രതികളുടെ അറസ്റ്റ് സെപ്റ്റംബര്‍ 24 വരെ കോടതി തടഞ്ഞു. കേസിലെ പ്രധാനപ്രതികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി ശനിയാഴ്ച പരിഗണിച്ചത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ച കോടതി 24ന് വീണ്ടും വിശദമായ വാദം കേള്‍ക്കും. അഡ്വ.ബി.എ. ആളൂരാണ് പ്രതികള്‍ക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയത്. വനംവകുപ്പ് നാല് പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ കൊല്ലം സ്വദേശിയായ പ്രവീണ്‍, തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ മാനന്തവാടി ജില്ലാ ജയിലിലാണ്. കേസിലെ പ്രധാനപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് പ്രതികള്‍ കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വനംവകുപ്പിനെ കബളിപ്പിച്ച് ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂര്‍ വനഗ്രാമത്തിലെ വാച്ച്ടവറില്‍ ജുലൈ 26 മുതല്‍ നാല് ദിവസമാണ് സംഘം താമസിച്ചത്. ഇവരെ വെട്ടത്തൂരിലെത്തിച്ചതും ഭക്ഷണമെത്തിച്ച് നല്‍കിയതും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. സംഘം വെട്ടത്തൂരില്‍ താമസിക്കുന്നതിനിടെ ചെറുമരങ്ങള്‍ മുറിച്ച് തോടിന് കുറുകെ പാലമുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പിന്നീട് വെട്ടത്തൂര്‍ വനഗ്രാമത്തിലെ കോളനിവാസികള്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. വനംവകുപ്പിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവം വലിയ വിവാദത്തിനുമിടയാക്കിയിരുന്നു.

Related posts

Leave a Comment