കോവിഡ് മരണക്കണക്ക് തെറ്റ്; സ്ഥിരീകരിച്ച് തദ്ദേശവകുപ്പ്


*അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താതെ സർക്കാർ നടത്തുന്ന ഒളിച്ചുകളിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മരണങ്ങളിലെ ആശയക്കുഴപ്പം സ്ഥിരീകരിച്ച് തദ്ദേശവകുപ്പ്. കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട 13,235 കോവിഡ് മരണങ്ങൾ എന്നത് തെറ്റായ കണക്കാണെന്ന് ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. തദ്ദേശവകുപ്പിന്റെ മരണ റജിസ്ട്രേഷൻ കണക്കനുസരിച്ചു 2021 ജനുവരി ഒന്നു മുതൽ മേയ് 31വരെ 14,535 അധിക മരണങ്ങളാണു കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതിൽ എല്ലാ വിഭാഗം മരണങ്ങളും ഉൾപ്പെടും. എന്നാൽ ലോക്ഡൗണും മറ്റുമുള്ളതിനാൽ മരണ രജിസ്ട്രേഷൻ കാര്യമായി നടക്കാത്തതാണ് ആശയക്കുഴപ്പത്തിന്റെ കാരണമായി വിശദീകരിക്കുന്നത്.
അതേസമയം, മാതാപിതാക്കൾ കോവിഡ് ബാധിച്ചു മരിച്ചതോടെ അനാഥരായ കുട്ടികൾക്ക് ധനസഹായ പദ്ധതി പ്രഖ്യാപിച്ച സർക്കാർ തന്നെയാണ് അർഹരായ പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കാനായി കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നതെന്ന ആരോപണം ശക്തമാണ്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുകയും ചികിത്സയ്ക്കിടെ നെഗറ്റീവാകുകയും ചെയ്തവരുമുണ്ട്. നാളുകൾക്കകം ഇവർ മരിച്ചെങ്കിലും കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിലുണ്ടായിരുന്ന രോഗം കോവിഡ് ബാധിച്ചതുകൊണ്ടു മാത്രം മൂർച്ഛിച്ചു മരിച്ചവരെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ഡോക്ടർമാരുടെ അഭിപ്രായം.
തിരുവനന്തപുരം ജില്ലയിൽ 2759 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണു സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം ജൂൺ 3 വരെ 3,172 പേർ മരിച്ചെന്നാണ് വിവരാവകാശ രേഖ. മെഡിക്കൽ കോളജിലെ മരണം തിരുവനന്തപുരം ജില്ലയുടെ കണക്കിലാണ് ഉൾപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ മേയിൽ മാത്രം 1299 പേർ മരിച്ചു. ഗുരുതരമായ രോഗങ്ങൾ മൂർഛിച്ചു മരിച്ച ശേഷം കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയവർ പട്ടികയിൽ ഇല്ല.
അതേസമയം, കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വികേന്ദ്രീകൃത ഓൺലൈൻ സംവിധാനമാണിത്. ഒരാശുപത്രിയിൽ ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈൻ ആയി തന്നെ അപ്‌ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടക്കണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ തന്നെ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയർ നിർമ്മിച്ചു പരിശീലനം നൽകി. കോവിഡ് മരണങ്ങൾ ഉൾപ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയിൽ നിന്ന് ഇത്തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മരണമാണോ അല്ലയോ എന്ന് ഡോക്ടർമാർ തന്നെയാണ് അവരുടെ മാർഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ മറച്ചുവെക്കാൻ ഒന്നുമില്ല എന്നതിനാൽ ഇക്കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാനാണ് ആശുപത്രിയിൽ വെച്ചുതന്നെ ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയത്. നേരത്തെയും ഐസിഎംആറിന്റെയും ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശം അനുസരിച്ചാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിരുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment