ഫഹദ് ഫാസില്‍ നായകനായ മാലിക് ചരിത്ര വസ്തുതകളെ തമസ്‌കരിച്ചെന്ന് വിമര്‍ശനം ; കലാപം നടക്കുമ്പോൾ കോടിയേരി ആഭ്യന്തരവകുപ്പ് മന്ത്രി

കൊച്ചി : ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ സിനിമ മാലിക് ചരിത്ര വസ്തുതകളെ തമസ്‌കരിച്ചെന്ന് വിമര്‍ശനം.ബീമാപ്പള്ളി വെടിവെപ്പിന്റെ കഥ പറയുന്ന ചിത്രം അന്ന് അധികാരത്തിലിരുന്ന ആഭ്യന്തര മന്ത്രിയെയും സര്‍ക്കാറിനെയും കുറിച്ച്‌ മൗനം പാലിച്ചു എന്ന വിമര്‍ശനമാണ് ഉയരുന്നത്.

മാധ്യമ പ്രവർത്തകൻ ഷഫീക്ക് സുബൈദ ഹക്കിമിന്റെ കുറിപ്പ് വായിക്കാം

‘കേരളം കണ്ട ‘ആ കലാപം’ അന്ന് പോലീസ് ആസൂത്രണം ചെയ്തതാണ് എന്നത് ഇത്രയും വ്യക്തമായി പറഞ്ഞതിന് മഹേഷ് നാരായണന് ഒരു കൈയ്യടി.

ഒപ്പം പോലീസ് കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും ഗൂഢാലോചനകളും അതേപടി പകര്‍ത്തിയതിനും. ഇതൊക്കെ ഇരിക്കുമ്ബോഴും മഹേഷ് നാരായണന്റെ മാലിക് ഒരു സാമൂഹിക കുറ്റകൃത്യമാണെന്ന് ഞാന്‍ വിലയിരുത്തും. കാരണം അന്ന് കേരളം കണ്ട ആ കലാപമുണ്ടല്ലോ, പോലീസ് ഇറങ്ങി മനുഷ്യരെ പച്ചക്ക് വെടിവെച്ചുകൊന്ന ആ കലാപം, അത് പോലീസ് മാത്രമല്ല പ്രതി. മറിച്ച്‌ ഇടതുപക്ഷസര്‍ക്കാര്‍ കൂടിയാണ്. അതിനെ വളരെ തന്ത്രപൂര്‍വ്വം മറച്ചുവെച്ച്‌ അന്നത്തെ ഗൂഢാലോചനയ്ക്ക് മുസ്ലീം രാഷ്ട്രീയ പ്രതിനിധാനങ്ങളെ പ്രതിചേര്‍ത്തു എന്നു മാത്രമല്ല, ഇടതുപക്ഷ ഇതര മന്ത്രിസഭ ചെയ്ത, അതും മുസ്ലീം മന്ത്രിയും മുസ്ലീം രാഷ്ട്രീയവും കൂടിചേര്‍ന്ന് നടത്തിയ ഒരു കലാപവും കൂട്ടക്കുരുതിയുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുമ്ബോള്‍ കേരളത്തിലെ ‘മതേതര ഇടതുപക്ഷ’ രോമങ്ങള്‍ക്ക് കുളിരുണ്ടാകുമായിരിക്കാം. എന്നാല്‍ അതൊരു ചതിയും സാമൂഹിക കുറ്റകൃത്യവുമായിരിക്കും. ഇന്നത്തെ സി.പി.ഐ.എം അനിഷേധ്യ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴാണ് ആ കൂട്ടക്കുരുതി അങ്ങേരുടെ നേതൃത്വത്തില്‍ സംഭവിച്ചത് എന്നു പറയാന്‍ മഹേഷ് നാരായണന് നട്ടെല്ലുണ്ടോ? വസ്തുത വസ്തുതയായി പറയാതെ മുസ്ലീം രാഷ്ട്രീയക്കാര്‍ ഗൂഢാലോചന നടത്തി പോലീസുകാര്‍ ചെയ്ത ഒന്നായി ആ കലാപത്തെയും കൂട്ടക്കുരുതുയെയും ചിത്രീകരിക്കുമ്ബോള്‍ മഹേഷ് നാരായണന്‍, താങ്കളുടെ ‘മാലിക്കും’ പഴയ സിനിമാ ക്ലീഷേകളിലേക്കാണ് വരവുവെക്കപ്പെടുന്നത്’

എഴുത്തുകാരന്‍ റഫീഖ് തിരുവള്ളൂര്‍ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച്‌ എഴുതുന്നത് ഇപ്രകാരമാണ്. ‘മാലിക്കില്‍ മഹല്ലു ജമാഅത്തും ഐ.യു.ഐ.എഫ് ആപ്പീസും ധാരാളം പച്ചക്കൊടികളും തക്ബീര്‍ വിളികളുമുണ്ട്, ഒരൊറ്റ ചെങ്കൊടിയും രണ്ടു തുറയിലും വരാതിരിക്കാനുള്ള മുന്തിയ കരുതല്‍ ഉണ്ട്. ദിലീഷ് പോത്തന്റെ മുഖത്തു വന്നു വീണ ആ കല്ല് വെറുമൊരു എം.എല്‍.എ അബുവിനു മാത്രമുള്ള ഏറല്ല, അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനും കൂടിയുള്ളതാണ് എന്നു സംവിധായകനെ ഓര്‍മ്മിപ്പിച്ചു കിടന്നുറങ്ങുന്നു’

വിഷ്ണു പത്മനാഭന്‍ കുറിക്കുന്നത് ഇങ്ങനെ; ‘ഗവണ്‍മെന്‍റിനെ ,അതോറിറ്റിയെ അതിന്റെ അതി ഭയങ്കരമായ പവറിനെ ഒക്കെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്താണ് സിനിമയില്‍ കാണിക്കുന്നത് , ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിചാരിച്ചാല്‍ ജീവിതം കട്ട പൊക ആകാവുന്ന ഒരു സിസ്റ്റത്തില്‍ നിന്നാണ് ടാഡ കേസ് അടക്കമുള്ള ഒരാളെ പിടിക്കാനും ഇല്ലായ്മ ചെയ്യാനുമൊക്കെ ഗവന്‍മെന്‍റും ഒരു ജില്ലയിലെ പോലീസ് നേതൃത്വവുമൊക്കെ പെടാപ്പാട് പെടുന്നത് എന്നതൊക്കെ ഭയങ്കര ഫലിത യുക്തിയിലേക്ക് പോകുന്നുണ്ട്.’

‘ഒരു സിനിമ എന്ന നിലയില്‍ മഹേഷിന്റെ ടേക്കോഫ് പോലെത്തന്നെ അപാരമാണ് മാലിക്. ശ്വാസമടക്കി കണ്ടിരിക്കാം. കഥാപാത്രത്തിനു വേണ്ടി ശരീരം വിട്ടുകൊടുക്കുന്ന ഫഹദിന്റെ മേക്കോവര്‍ അതിഗംഭീരമാണ്. വിനയ് ഫോര്‍ട്ടും നിമിഷയും ഉള്‍പ്പെടെ എല്ലാവരും അതില്‍ ജീവിച്ചു. പക്ഷേ, സുലൈമാന്‍ ഇറക്കുമതി ചെയ്യുന്ന കള്ളക്കടത്ത് സാധനങ്ങള്‍ എന്താണെന്നറിയാത്തതു പോലെ കാഴ്ചക്കാരിലേക്ക് ചില ഇറക്കുമതികള്‍ നടത്താന്‍ സംവിധായകന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ തങ്ങളുടെ മക്കള്‍ എന്തിനാണ് കൊല്ലപ്പെട്ടത് എന്നു പോലും അറിയാത്ത ബീമാപ്പള്ളിക്കാര്‍ക്കു നേരെയുള്ള സിനിമാക്കാരന്റെ രണ്ടാം വെടിവെപ്പ് എന്നു തന്നെ മാലികിനെ വിശേഷിപ്പിക്കേണ്ടി വരും. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നുമുള്ള സിനിമ തുടങ്ങുമ്ബോഴുള്ള ഡിസ്‌ക്ലൈമര്‍ സംവിധായകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാത്രമാണ്. ചെയ്ത കുറ്റം കുറ്റമല്ലാതാകുന്നില്ല.’ – എന്നാണ് എഴുത്തുകാരന്‍ ഷരീഫ് സാഗര്‍ ചൂണ്ടിക്കാട്ടുന്നത്.

2009 മെയ് 17നായിരുന്നു തിരുവനന്തപുരം ബീമാപ്പള്ളിയിലെ വെടിവെപ്പ്. ആറു പേര്‍ക്ക് കൊല്ലപ്പെടുകയും അമ്ബതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.

Related posts

Leave a Comment