കെ. സുരേന്ദ്രനെതിരെ ബിജെപി വസ്തുതാന്വേഷണ റിപ്പോർട്ട് ;തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ പക്വതക്കുറവുണ്ടായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചതിനെ വിമർശിച്ചും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടും സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾക്കെതിരെ ആഞ്ഞടിച്ചും ബിജെപിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ തുടങ്ങിയവരുടെ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലാണ് വിമർശനം. താഴേത്തട്ടിൽ നിന്നുള്ള എല്ലാ ഘടകങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നേരിടാൻ മതിയായ മുന്നൊരുക്കം നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് കീഴ്ഘടകങ്ങൾ പരാതിപ്പെട്ടതായി സമിതി റിപ്പോർട്ടിൽ ഉണ്ട്. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കീഴ്ഘടകങ്ങളിൽ നിന്നുണ്ടായതെന്നും പരാമർശിക്കുന്നു.
സംസ്ഥാന അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങൾ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ടിലുള്ളത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് പക്വതക്കുറവുണ്ടായി. 2016ലേത് പോലെ സംഘപരിവാർ ഏകോപനം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. സുപ്രധാന മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടായെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ ജില്ലകളിലും യോഗങ്ങൾ വിളിച്ചു കൂട്ടിയ വസ്തുതാന്വേഷണ സമിതിക്ക് മുന്നിൽ നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്.

Related posts

Leave a Comment