ഫേസ്ബുക്കിന്റെ ഓഹരി വിപണിയിൽ ഇടിവ് ; സമ്പന്ന പട്ടികയിൽ സക്കർ ബർഗ് അഞ്ചാം സ്ഥാനത്തേയ്ക്ക്

വാഷിങ്ടൺ : ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇൻസ്റ്റഗ്രാമും മണിക്കൂറുകൾ നിശ്ചലമായതോടെ ലോക സമ്പന്ന പട്ടികയിൽ നിന്നും സക്കർ ബർഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങൾ പ്രവർത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയിൽ 4.9 ശതമാനമാണ് ഇടിവുണ്ടായത്. ഇതോടെ സക്കർ ബർഗിന്റെ ആസ്തി 121.6 ബില്യൺ ഡോളറായി കുറയുകയും ലോക സമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സക്കർ ബർഗ്.

കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. ഫേസ്ബുക്ക് പ്രവർത്തിക്കാതായത് ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളായ വോയ്‌സ് കോൾ, വർക്ക് ആപ്പുകൾ തുടങ്ങിയവയേയും സാരമായി ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിൽ ഇടിവ് വന്നതോടെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിനു താഴെയാണ് ഇപ്പോൾ സക്കർബർഗ്.
ആഭ്യന്തര സർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റത്തിൽ സംഭവിച്ച പിശകാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ഫേസ്ബുക്ക് മെസഞ്ചറിന്റെയും ഗെയ്മിങ് പ്ലാറ്റ്‌ഫോം ഓക്യുലസിന്റെയും സേവനവും ഇതോടൊപ്പം തടസ്സപ്പെട്ടിരുന്നു. കോൺഫിഗറേഷനിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 9.15-ഓടെ പ്രവർത്തനം തകരാറിലായി ആറ് മണിക്കൂർ നേരത്തെ ആഗോള നിശ്ചലതയ്ക്ക് ശേഷമാണ് ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമും തിരിച്ചെത്തിയത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാധ്യമങ്ങളുടെ സേവനം നിലച്ചത് ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ ബാധിച്ചു.

ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞിരുന്നു. തടസ്സമുണ്ടായതിൽ ഖേദിക്കുന്നതായും പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ തങ്ങളുടെ സേവനങ്ങളെ ആളുകൾ എത്രത്തോളം ആശ്രയിക്കുന്നെന്ന കാര്യം അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

Related posts

Leave a Comment