കോണ്‍ഗ്രസിനെതിരെ നടപടിയെടുത്ത ഫേസ്ബുക്ക് ബിജെപിയെ തൊട്ടില്ല ; വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി

വാഷിങ്ടണ്‍: ഫേസ്ബുക്ക് ബിജെപിയുടെ നീക്കങ്ങള്‍ക്ക് കുടപിടിക്കുന്നെന്ന് വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് മുന്‍ജീവനക്കാരി. നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഫേസ്ബുക് കമ്ബനിയില്‍നിന്നു പുറത്താക്കപ്പെട്ട ഡേറ്റ സയന്റിസ്റ്റ് സോഫി ഷാങാണ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

‘എനിക്കറിയാം, ഇപ്പോള്‍ എന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട് ‘ എന്നായിരുന്നു അവസാനദിവസം കമ്ബനിയുടെ ആഭ്യന്തര ഫോറത്തില്‍ പോസ്റ്റ് ചെയ്ത കത്തില്‍ സോഫി ഷാങ് എഴുതിയത്. ഇതു ഫേസ്ബുക് നീക്കി, മാത്രമല്ല, അതു വീണ്ടും പ്രസിദ്ധീകരിച്ച ഷാങ്ങിന്റെ വെബ്‌സൈറ്റ് വരെ എടുത്തുകളയിച്ചു.

വ്യാജ അക്കൗണ്ടുകള്‍, സോഫ്റ്റ്‌വെയര്‍ ബോട്ടുകള്‍ എന്നിവ അന്വേഷിക്കുന്ന ടീമിന്റെയും ഭാഗമായിരുന്നു സോഫി. 2019ലാണ് ഇന്ത്യയില്‍ രാഷ്ട്രീയ പിന്‍ബലമുള്ള അസംഖ്യ വ്യാജ അക്കൗണ്ടുകളുടെ ശൃംഖല ശ്രദ്ധയില്‍പ്പെട്ടത്. പ്രധാനമായും 5 നെറ്റ്‌വര്‍ക്കുകളാണുണ്ടായിരുന്നത്. രണ്ടെണ്ണം കോണ്‍ഗ്രസിനെയും രണ്ടെണ്ണം ബിജെപിയെയും ഒരെണ്ണം ആം ആദ്മി പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നതായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഐടി സെല്ലുകളുണ്ടെന്നത് രഹസ്യമല്ല. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്കിന്റെ പ്രഖ്യാപിതനയങ്ങള്‍ക്കു വിരുദ്ധമായിരുന്നെന്ന് സോഫി ചൂണ്ടിക്കാട്ടുന്നു.

ഈ വ്യാജ ശൃംഖലകള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്കിലെ സഹപ്രവര്‍ത്തകരോടു പറഞ്ഞു. അവരത് സമ്മതിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ശൃംഖലകള്‍ പൂര്‍ണമായും ബിജെപിയുടെ ഒരെണ്ണവും നീക്കം ചെയ്തു. അവിടെ വച്ച്‌ ആ ദൗത്യം പെട്ടെന്നു നിലച്ചു. ബാക്കിയുണ്ടായിരുന്ന ബിജെപി നെറ്റ്‌വര്‍ക്കിനെ അവര്‍ തൊട്ടില്ല. ഒരു ബിജെപി എംപി വ്യക്തിപരമായി നടത്തുന്ന വ്യാജ അക്കൗണ്ട് ശൃംഖലയായിരുന്നു അത്. ഇതെന്തുകൊണ്ട് നീക്കം ചെയ്യുന്നില്ലെന്ന് ആവര്‍ത്തിച്ചു ചോദിച്ചിട്ടും ആരും മറുപടി തന്നതേയില്ലെന്ന് സോഫി വ്യക്തമാക്കി.

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ ഇന്ത്യയുള്‍പ്പെടെ 25 രാജ്യങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ക്രമക്കേടുകളാണ് ഷാങ് കണ്ടെത്തിയത്. ഇവയോട് ഫേസ്ബുക് കണ്ണടച്ചതോടെ ‘വിസില്‍ ബ്ലോവറായി’ കമ്ബനിക്കെതിരെ പോരാട്ടം. യുകെ പാര്‍ലമെന്റിന്റെ ജോയിന്റ് കമ്മിറ്റിക്കു മുന്‍പാകെ ഫേസ്ബുക്കിനെതിരെ മൊഴി നല്‍കിയതു കഴിഞ്ഞ ദിവസമാണ്. ഫേസ്ബുക്കിലെ തന്നെ മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗനെപ്പോലെ കൂടുതല്‍ വിസില്‍ ബ്ലോവര്‍മാര്‍ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷയെന്ന് സോഫി ഷാങ് അറിയിച്ചു.

Related posts

Leave a Comment