കാബൂൾ: സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങളിൽ കൂടുതൽ കാർക്കശ്യം വരുത്തി താലിബാൻ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ അറിയിച്ചു. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
ഓഗസ്റ്റിൽ അധികാരമേറ്റ ശേഷം പ്രധാന സർക്കാർ സർവീസിൽ നിന്നെല്ലാം സ്ത്രീകളെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചില സ്ത്രീകളെ പുതിയ വ്യവസ്ഥകൾ തയാറായശേഷം ജോലിക്ക് തിരിച്ചെടുക്കുമെന്ന് താലിബാൻ വ്യക്തമാക്കി.
മുഖവും ശരീരവും മറയ്ക്കാതെ സ്ത്രീകൾ പുറത്തിറങ്ങി ജോലിക്ക് പോകരുതെന്ന് കഴിഞ്ഞ ദിവസം താലിബാൻ സർക്കാരിന്റെ മൂല്യബോധന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ചെയ്യാത്ത സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുമെന്നും സർക്കാർ മുന്നറിയിപ്പിൽ വ്യക്തമാക്കി.