ഈഴക്കോട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ റോഡില്‍ തമ്മിലടിച്ചു; ഇരുവിഭാഗത്തിനും പരിക്ക്

കാട്ടാക്കട: വിളവൂർക്കലിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തല്ല്. ഇരു വിഭാഗത്തിലുമുള്ളവർക്ക് പരിക്കേറ്റു. വിളവൂർക്കൽ പഞ്ചായത്തിൽ പെരുകാവ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ കോളച്ചിറ, ഈഴക്കോട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ഏറ്റുമുട്ടൽ നടന്നത്. ഇരു ബ്രാഞ്ചു കമ്മിറ്റികളും അടുത്തടുത്തുള്ളതാണ്. പാർട്ടി വിളപ്പിൽ ഏര്യാസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ഈഴക്കോട് കവലയിൽ യുവജന സമ്മേളനം നടക്കുന്നതിനു മുൻപാണ് വേദിയ്ക്കു മുന്നിൽ റോഡിൽ അടിപടി നടന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ യുവജനസമ്മേനം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു. ഈ സമയം കോളച്ചിറ ബ്രാഞ്ച് സെക്രട്ടറി അനീഷിന്റെ നേതൃത്വത്തിൽ ഏഴോളം വരുന്ന സംഘം ഈഴക്കോടെത്തി കുമാറിനെ റോഡരികിലെ വീടിനു മുന്നിലിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുമാറിന്റെ സഹോദരൻ ഓടിവന്നു. പിന്നീട് ഇരു വിഭാഗവും നടുറോഡിൽ പൊരിഞ്ഞ തമ്മിൽ തല്ലായിരുന്നു. ഒരു മണിക്കുറോളം സംഘർഷാവസ്ഥയിലായ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. മുഖത്തു പരിക്കേറ്റ അനീഷ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സി.പി.എം. സമ്മേളനത്തിൽ ഔദ്യോദിക പക്ഷത്തിനോടൊപ്പം നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ വിളപ്പിൽ ഏര്യാകമ്മിറ്റിയിലുണ്ട്. മുൻ ഏര്യാസെക്രട്ടറിയെ അനകൂലിക്കുന്നവരും എതിർക്കുന്നവരുമാണ് രണ്ടു പക്ഷത്തായി പാർട്ടി പിടിക്കാൻ മത്സരിക്കുന്നത്. ഈഴക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല. ഇതു മറുവിഭാഗത്തിന് അലോസരമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വനിതാ അംഗത്തിന്റെ ചിത്രം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ വിഷയവും ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനു കാരണമായതായി സൂചനയുണ്ട്.

Related posts

Leave a Comment