യുഎഇയില്‍ ഇനി വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല ; ചരിത്രത്തിലെ വലിയ നിയമപരിഷ്‌കരണം

ദുബായ്: യുഎഇയിൽ സിവിൽ, ക്രിമിനൽ നിയമങ്ങളിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല. എന്നാൽ ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റകരമാവൂ. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. അതോടൊപ്പം പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ടെന്നും പുതിയ നിയമം പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ പുറക്കുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

അതേസമയം, ബലാൽസംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാൽ ബലാൽസംഗത്തിന് ഇരയായത് 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണെങ്കിൽ വധശിക്ഷ വരെ ലഭിച്ചേക്കാം. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവുമാണ് ശിക്ഷ. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിച്ചേക്കും. അതേസമയം, സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതൽ കുറ്റകരമല്ല. പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച്‌ മദ്യപാനം നടത്തുന്നത് പുതി നിയമ പ്രകാരം കുറ്റകരമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

Related posts

Leave a Comment