കാബൂളില്‍ വീണ്ടും സ്ഫോടനം, 2 മരണം, ഐഎസ് ബന്ധത്തില്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഞായറഴ്ച വൈകിട്ടുണ്ടായ വന്‍സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ കുട്ടിയാണ്. മരണമടഞ്ഞവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാന്‍ പൗരന്മാരാണെന്നാണു സംശയിക്കുന്നത്. വിമാനത്താവളത്തില്‍ ഏതു സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ്. ഐഎസ് ഭീകരരാണ് ഇന്നത്തെ സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.

കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേർ കൊല്ലപ്പെട്ടിരുന്നു
ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർ ഇപ്പോഴും ഐസിസ്-കെ തീവ്രവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ട് പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യയില്‍ മലയാളികള്‍ ചേക്കേറിയിട്ടുണ്ടെന്നത് ഏറെ ആശങ്ക ജനിപ്പിക്കുകയാണ്.

വരും ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളം ആക്രിമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതിനിടെ നാട്ടിലേക്കു മടങ്ങാന്‍ തയാറെടുക്കുന്ന ഇരുപതോളം ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് ഇന്ത്യ യുഎസ് സഹായം തേടിയതായി വിവരം ലഭിച്ചു. അവശേഷിക്കുന്ന ഇന്ത്യക്കാരെ മുഴുവന്‍ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related posts

Leave a Comment