യാത്രാ വിലക്കുകളിൽ താളംതെറ്റി പ്രവാസി ജീവിതങ്ങൾ ; നാട്ടിലേക്ക് പോയാൽ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ

കൊച്ചി: ഇന്ത്യ മഹാരാജ്യത്തിന്റെയും വിശേഷിച്ച് കേരള കരയിലെയും സാമ്പത്തികഭദ്രത ഊട്ടിയുറപ്പിക്കുന്നതിൽ പ്രവാസികൾക്ക് ഉണ്ടായിരുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തിന്റെ യും സംസ്ഥാനത്തിന്റെയും സാമ്പത്തിക കെട്ടുറപ്പ് കൂടുതൽ ശക്തമാക്കുന്നതിൽ പ്രവാസികളുടെ പിന്തുണ ഏറെയാണ്. പല വിദേശരാജ്യങ്ങളിലും തൊഴിൽ അന്വേഷിച്ചു പോയ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവരിൽ ഏറെയും മലയാളികൾ തന്നെയാണ്. ഓരോ വർഷവും നികുതിയിനത്തിൽ ഉൾപ്പെടെ വലിയൊരു തുകയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് കടന്നുവരുന്നത്.

കോവിഡ് പ്രതിസന്ധികൾ ലോകത്തൊട്ടാകെ പ്രതിസന്ധികൾ സൃഷ്ടിച്ചപ്പോൾ ഏറ്റവുമധികം ബാധിച്ച ഒരു മേഖലയും പ്രവാസിലോകം തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ എണ്ണം ചെറുതൊന്നുമല്ല.വർഷങ്ങളോളം ഗൾഫ് മേഖലയിൽ തൊഴിൽ എടുത്തിട്ട് പെട്ടെന്നൊരു സുദിനത്തിൽ കോവിഡിന്റെ സാഹചര്യങ്ങൾ കാരണം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരേണ്ടി വരുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിലെ നല്ലൊരു ശതമാനം പ്രവാസി കുടുംബങ്ങളും പട്ടിണിയിലും കഷ്ടപ്പാടിലും ആണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ വിഷയത്തിലെ നിലപാടും പ്രവാസികളുടെ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതാണ്.

കേരളത്തിൽ നിന്നുള്ള പ്രവാസികൾ ഒരുപാട് തൊഴിലെടുക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കോവിഡിന്റെ സാഹചര്യം ഒരുക്കിയ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്ന ഒരു വിഭാഗവും സൗദി പോലെയുള്ള വിദേശ രാജ്യങ്ങളിലെ പ്രവാസികൾ തന്നെയാകും. കോവിഡ് കണക്കുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് സൗദിയിലേക്കും യാത്രാ വിലക്കുകൾ സൗദി ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പതിനായിരക്കണക്കിന് പ്രവാസികൾ നാട്ടിലും വിദേശത്തും പെട്ടുപോയ അവസ്ഥയായിരുന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ് കണക്കുകളിൽ വലിയ കുറവ് വന്നിട്ടും രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിൽ ആയിട്ടും സൗദി ഇളവുകൾ വരുത്തുവാൻ തയ്യാറായിട്ടില്ല. പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് എങ്കിലും നാട്ടിൽ വന്നു തിരികെ വരുവാനുള്ള സംവിധാനം ഉണ്ടാകണമെന്നാണ് ഏറെ പേരുടെയും ആവശ്യം. പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും ഇടപെടലുകളെ തുടർന്ന് ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അത് പേരിന് അപ്പുറത്തേക്ക് ഒന്നും ആയിട്ടില്ലെന്ന വസ്തുതയാണുള്ളത്.

പെട്ടെന്ന് ഏതെങ്കിലും ഒരു അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസിക്ക് തന്റെ പ്രവാസി ജീവിതം തന്നെ അവസാനിപ്പിച്ചു പോകേണ്ട അവസ്ഥയാണുള്ളത്. നമ്മുടെ നാട്ടിൽ നല്ലൊരു ശതമാനവും അണുകുടുംബങ്ങൾ ആയിരിക്കെ ഈ അണുകുടുംബങ്ങളിലെ പ്രധാനപ്പെട്ട വ്യക്തി ആകും വിദേശരാജ്യങ്ങളിൽ ഉണ്ടാവുക. ഏതെങ്കിലും ഒരു അടിയന്തര സാഹചര്യം നാട്ടിൽ ഉണ്ടായാൽ വരേണ്ടി വരുന്ന ഘട്ടത്തിൽ തിരിച്ചൊരു മടക്കയാത്ര പ്രവാസിക്ക് അന്യം നിന്നു പോവുകയാണ്. അത്തരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ഒട്ടേറെ പ്രവാസികളാണ് കേരളത്തിൽ ദുരിതമനുഭവിക്കുന്നത്. ചില പ്രവാസികൾ മാനസിക സമ്മർദ്ദം കാരണം ആത്മഹത്യയിലേക്കും പോകുന്നുണ്ട്.എന്നാൽ ചിലരാകട്ടെ നാട്ടിലേക്ക് പോയാൽ തിരികെ വരാൻ സാധിക്കില്ലെന്നും തൊഴിൽ നഷ്ടപ്പെടുമെന്ന മാനസികസമ്മർദ്ദവുമായി തുടരുമ്പോൾ നാട്ടിൽ അവരുടെ ഉറ്റവരും വേദന തിന്നുകയാണ്. ഈ സാഹചര്യം ആരെയാണ് അറിയിക്കേണ്ടത് എന്ന് പോലും ഈ പ്രവാസികൾക്ക് അറിയില്ല. ഭരണസംവിധാനങ്ങൾ എല്ലാം ഈ പ്രവാസികൾക്ക് മുന്നിൽ കൈമലർത്തുകയാണ്.ഇത്തരം സാഹചര്യത്തിൽ ഈ പ്രവാസികളെ ചൂഷണം ചെയ്യുന്ന ചില പ്രമുഖ ട്രാവൽ ഏജൻസികൾക്ക് മേൽ സർക്കാരുകൾ കണ്ണടയ്ക്കുകയാണ്.

പ്രവാസികളുടെ കാര്യത്തിൽ വിവിധ ആനുകൂല്യങ്ങൾ നൽകാമെന്ന വ്യാജേന തേനും പാലും ഒഴുക്കിയ സർക്കാരുകൾ പ്രതിസന്ധിഘട്ടത്തിൽ അവരെ കൈവിട്ടിരിക്കുകയാണ്. പട്ടിണിയിലായ പ്രവാസി കുടുംബങ്ങളെ ഇരു സർക്കാരുകളും തിരിഞ്ഞുപോലും നോക്കുന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ തുടർ ഭരണത്തിന് വോട്ട് ചെയ്ത പ്രവാസി കുടുംബങ്ങൾ തലയിൽ കൈ വച്ചിരിക്കുകയാണ്. ഈ ദുരിത കയത്തിൽ നിന്നും തങ്ങളെ കരകയറ്റുവാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസിലോകം.

Related posts

Leave a Comment