തെരഞ്ഞെടുപ്പ് ജോലിക്കിടെ മരിക്കുന്ന ഉദ്യോ​ഗസ്ഥർക്ക് 10 ലക്ഷം രൂപ എക്സ്​ഗ്രേഷ്യ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികൾ നിർവ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച രീതിയിൽ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 2015 ൽ നടന്ന തിരഞ്ഞെടുപ്പു മുതൽ മുൻകാല്യ പ്രാബല്യത്തോടെ ഇത് നൽകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന സാധാരണ മരണം സംഭവിച്ചാൽ 10 ലക്ഷം രൂപയാണു ധനസഹായം. തീവ്രവാദി ആക്രമണം, ബോംബ് സ്ഫോടനം എന്നിവ മൂലമുള്ള മരണത്തിന് 20 ലക്ഷം രൂപ സഹായം നൽകും. കൈകാലുകൾ നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള സ്ഥായിയായ അംഗവൈകല്യം – 5 ലക്ഷം രൂപ. (തീവ്രവാദി ആക്രമണം മൂലമോ മറ്റ് അപകടങ്ങൾ മൂലമോ ആണെങ്കിൽ ഇരട്ടിത്തുക 10 ലക്ഷം രൂപ) എന്നിങ്ങനെയാണിത്.
മറ്റ് പ്രധാന തീരുമനങ്ങൾ:

കാലാവധി ദീർഘിപ്പിച്ചു

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മീഷൻറെ കാലാവധി 2022 ജനുവരി 1 മുതൽ ആറുമാസത്തേയ്ക്ക് ദീർഘിപ്പിക്കുവാൻ തീരുമാനിച്ചു. പോലീസ് വകുപ്പിൻറെ പർച്ചേസുകൾക്കും സേവനങ്ങൾ സ്വീകരിക്കുന്ന കരാറുകൾക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിയമിച്ച കമ്മീഷനാണിത്.

പ്രിൻസിപ്പൽ സെക്രട്ടറി പാനലിൽ

1997 ബാച്ചിലെ ഐഎഎസ്. ഉദ്യോഗസ്ഥരായ ഡോ. ഷർമിളാ മേരി ജോസഫ്, ടിങ്കു ബിസ്വാൾ, രബീന്ദ്ര കുമാർ അഗർവാൾ, കെ.എസ്. ശ്രീനിവാസ് എന്നിവരെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

തസ്തികകൾ

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൻറെ ഓഫീസിന് അനുവദിച്ച 8 തസ്തികകൾക്ക് മുൻകാല പ്രാബല്യം അനുവദിക്കാൻ തീരുമാനിച്ചു. 6 ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകൾ സൃഷ്ടിക്കാനും
തീരുമാനിച്ചു.

ശമ്പള പരിഷ്കരണം

ഔഷധി ജനറൽ വർക്കർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 1.07.2018 പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു.

Related posts

Leave a Comment