സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കൽ നീക്കം ചരിത്ര വിരുദ്ധം: ജി ദേവരാജൻ

തിരുവനന്തപുരം : ബ്രിട്ടീഷുകാർക്കെതിരെ നടന്ന 1921ലെ മലബാർ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയവും ചരിത്രവിരുദ്ധവുമാണെന്ൻ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി  ദേവരാജൻ. ഈ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.സി.എച്ച്.ആർ ചെയർമാന് അദ്ദേഹം കത്തുനൽകി.
ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ വിവിധ മത വിഭാഗങ്ങൾ, ഗോത്ര വർഗക്കാർ, തൊഴിലാളികൾ, നാട്ടുപ്രമാണിമാർ, യുവജനങ്ങൾ, എഴുത്തുകാർ, കലാകാരന്മാർ, തുടങ്ങിയവരൊക്കെ അവരവരുടെ ആവശ്യങ്ങൾ മുൻനിർത്തി പല രൂപത്തിലുള്ള സമര മാർഗങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത്തരം സമരങ്ങളെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരവുമായി ഏകോപിപ്പിക്കുവാൻ കോൺഗ്രസ് ശ്രമിച്ചു. തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കുകയും സുൽത്താനയായിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരായി ലോക വ്യാപകമായി നടന്ന ജനകീയ സമരമാണ് ഖിലാഫത്ത് പ്രസ്ഥാനം. അതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിൽ ആലി സഹോദരന്മാർ, ഹസ്രത് മൊഹാനി, മൗലാന അബുൽ കലാം ആസാദ്, ഹക്കിം അജ്മൽ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി 1919ൽ രൂപമെടുക്കുന്നത്. 1920ൽ ഖിലാഫത്ത് കമ്മിറ്റി ബ്രിട്ടീഷ്‌ സർക്കാരിനെതിരായി നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കുന്നതിനായി ഈ അവസരം ഉപയോഗിക്കുവാൻ ഗാന്ധിജിയും ബാലഗംഗാധര തിലകനും തീരുമാനിച്ചു. 1920 സെപ്റ്റംബറിൽ കൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനം ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നൽകാനും നിസ്സഹകരണ പ്രസ്ഥാനം ദേശവ്യാപകമാക്കാനും തീരുമാനിച്ചു. ഈ ഖിലാഫത്തിന്റെസ ഭാഗമായിരുന്നു മലബാർ കലാപവും.
ഖിലാഫത്തിനു ശേഷം തുർക്കിയിൽ അധികാരത്തിലെത്തിയ മുസ്തഫ കമാൽ പാഷ തുർക്കിയെ മതേതര രാജ്യമായാണ്‌ പരിവർത്തനം ചെയ്തത്. ഇതിൽ നിന്നും മതാധിഷ്ടിത രാജ്യ സംസ്ഥാപനമല്ല, മറിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്ത വിരുദ്ധ ജനകീയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് എന്ന് വ്യക്തമാണ്. ഈ ചരിത്ര വീക്ഷണ കോണിലൂടെ ആയിരിക്കണം മലബാർ കലാപത്തെ പുനർ വായിക്കേണ്ടതെന്നും ദേവരാജൻ കത്തിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ്‌ 14നെ വിഭജന ദിനമായി ഓർമിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും സ്വാതന്ത്ര്യ സമരത്തെ വർഗീയമായി വിഭജിക്കുവാനുള്ള നീക്കവും  ധീരദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.

Related posts

Leave a Comment