രക്തസാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കുന്നത് വഞ്ചനാപരം: കെ സുധാകരൻ

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ എന്നിവരടക്കം മലബാർ വിപ്ലവത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ  കൗൺസിലിന്റെ തീരുമാനം നീചവും നികൃഷ്ടവും വഞ്ചനാപരവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെ ഉജ്വല പോരാട്ടം നയിച്ച ജ്വലിക്കുന്ന ഏടാണ് മലബാർ വിപ്ലവം.ഇത്തരം ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തെ വർഗീയവത്കരിച്ചു കാണാൻ സംഘപരിവാർ ശക്തികൾക്കേ കഴിയൂ. ധീരനും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായ കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുവിരുദ്ധനായ വർഗ്ഗീയവാദിയായും  മഹത്തരമായ വിപ്ലവമുന്നേറ്റത്തെ വർഗീയ കലാപമായും ചിത്രീകരിക്കാനുള്ള നീക്കത്തതിന്റെ ഭാഗമാണിതിന് പിന്നിൽ. ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ചരിത്ര ഗവേഷണ  കൗൺസിൽ ഇത്തരം ഒരു വിചിത്ര നിർദ്ദേശം മുന്നോട്ടുവെച്ചതെന്നും സുധാകരൻ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വർഗീയവാദി ആയിരുന്നില്ലെന്ന് ചരിത്ര ഗവേഷകർ സാക്ഷിപ്പെടുത്തുന്നുണ്ട്. ഒറ്റുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാർ വകവരുത്തിയിട്ടുണ്ട്. അന്ന് ബ്രിട്ടീഷുകാരുടെ ഒറ്റുകാരായ സംഘപരിവാർ ശക്തികൾക്ക് അതുകൊണ്ടാണ് അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയാത്തത്. കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള വിവാദം മതസ്പർധയും ചേരിതിരിവും ലക്ഷ്യവെച്ചുള്ളതാണ്. വിദ്വേഷപ്രചാരണങ്ങളിലൂടെ മതവിഭാഗങ്ങൾക്കിടയിൽ അകൽച്ചക്കൂട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ഹീനതന്ത്രമാണ് സംഘപരിവാർ നടത്തുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രമാണ് വീണ്ടും ബിജെപി പയറ്റുന്നത്. കാലാകാലങ്ങളിലായി സംഘപരിവാർ ശക്തികൾ  ഇന്ത്യയിൽ നടത്തിവരുന്ന വർഗീയ അജണ്ടയുടെ ഭാഗമാണ് മലബാർ സമരത്തെ ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമം.
1921 ലെ മലബാർ സമരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്. മഹാത്മ ഗാന്ധിയുടെ ആഹ്വാന പ്രകാരം ആരംഭിച്ച  ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു.1920 ൽ കോഴിക്കോട് കടപ്പുറത്ത് മഹാത്മാ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ആഹ്വാനമായിരുന്നു ഖിലാഫത്ത് സജീവമാക്കണമെന്നത്. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും യോജിച്ച് ബ്രിട്ടനെതിരെ അണിനിരക്കണമെന്നാണ് ഗാന്ധിജി നിർദ്ദേശം നൽകിയത്. ജാതി മത ചിന്തകൾക്ക് അതീതമായി ജനം അണിനിരന്ന സമരമായിരുന്നു മലബാർ വിപ്ലവം.
നെഹ്രുവിനെയും ഗാന്ധിജിയെയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെയും അവരുടെ രാഷ്ട്രീയ സങ്കൽപ്പങ്ങളെയും അസഹിഷ്ണുതയോടെ നോക്കിക്കാണുകയും അസത്യപ്രചരണങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്ന സംഘപരിവാർ ശക്തികളിൽ നിന്നും മലബാർ സമരത്തെ തമസ്‌ക്കരിക്കാനുള്ള നീക്കത്തിൽ അത്ഭുതപ്പെടാനില്ല. മുസ്ലീം വിഭാഗങ്ങൾക്ക്  ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലുള്ള നിർണ്ണായക സ്വാധീനം സംഘപരിവാറിനെ  അസ്വസ്ഥമാക്കുന്നത് കൊണ്ടാണെന്ന് ഇങ്ങനെ ഒരു നീക്കമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റംപറായാനാകില്ല. ബ്രിട്ടീഷ് ഇന്ത്യ കണ്ട  ഏറ്റവും ത്യാഗപൂർണ്ണായ പ്രക്ഷോഭത്തെയും ജീവത്യാഗം ചെയ്ത രക്തസാക്ഷികളെയും തള്ളിപ്പറയുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment