അമിതമായ ജോലിഭാരം : സമ്മര്‍ദ്ദത്തെ തുടർന്ന് പഞ്ചായത്ത് ജീവനക്കാരിയുടെ ആത്മഹത്യക്ക് സര്‍ക്കാര്‍ മറുപടി പറയണം ; ചവറ ജയകുമാര്‍

കാസർഗോഡ് : വെസ്റ്റ് എളേരി പഞ്ചായത്തിലെ സീനിയർ ക്ലാർക്കായ ഷിനിത അമിത ജോലി സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി പഞ്ചായത്ത് ഡയറക്ടറേറ്റിനും തിരുവനന്തപുരം ഡി.ഡി.പി ഓഫീസിനും മുമ്പിൽ മൗന ജാഥയെത്തുടർന്ന് നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശാസ്ത്രീയമായ രീതിയിൽ അഞ്ചു വകുപ്പുകളെ കൂട്ടിച്ചേർത്ത് തദ്ദേശ പൊതു സർവ്വീസുമായി മുമ്പോട്ടു പോകുന്ന സർക്കാർ, മറ്റ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ, സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള പദ്ധതികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സി.എഫ്.എൽ.ടി.സി കൾ , ഡൊമിസിലറി
കെയർ സെന്ററുകൾ, കോവിഡ് അവലോകന ദൈനംദിന റിപ്പോർട്ടുകൾ എന്നിവയെല്ലാം പഞ്ചായത്തുകളുടെ മേൽക്ക് വച്ചിരിക്കുകയാണ്. പരിമിതമായ ജീവനക്കാരെ വച്ചു കൊണ്ടാണ് ഇതെല്ലാം ചെയ്യേണ്ടത്. ഓരോ മൂന്ന് വാർഡിനും ഒരു ക്ലാർക്കു തസ്തിക ആവശ്യമാണെന്ന മുൻ നിർദ്ദേശങ്ങൾ സർക്കാർ ഇതേവരെ ചെവിക്കൊണ്ടില്ല. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഓവർടൈം ജോലി ചെയ്തിട്ടും ജീവനക്കാർക്ക് കഴിയുന്നില്ല. പഞ്ചായത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട 78 അസിസ്റ്റന്റ് സെക്രട്ടറി തസ്തികകളിൽ നിയമനം നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ല.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ജോലി ചെയ്യേണ്ടി വന്നത്മൂലം 40 പഞ്ചായത്ത് ജീവനക്കാരാണ് കോവിഡ് വന്ന് മരണമടഞ്ഞത്.ഇതേക്കുറിച്ച് പഠനം നടത്താനോ അവർക്കർഹമായ ആനുകൂല്യങ്ങൾ നൽകാനോ സർക്കാർ തയ്യാറായില്ല. വാക്‌സിൻ വിതരണം പോലുള്ള കാര്യങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നു. ഓഫീസ് ജോലികളുടെ ബാഹുല്യം കാരണം പല ജീവനക്കാരും വീട്ടിൽ പോയ ശേഷവും ഓഫീസ് ജോലി ചെയ്യേണ്ടി വരുന്നുണ്ട്.അവധിദിവസങ്ങളിലും പണിയെടുത്താലും മേലുദ്യോഗസ്ഥർ പുതിയ അസൈൻമെന്റുകൾ നൽകി ജീവനക്കാരെ വരിഞ്ഞു മുറുക്കുകയാണ്.

ഷിനിതയുടെ മരണത്തോടെ അശരണരാകുന്നത് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളാണ്. സർക്കാർ ജോലിയുടെ ആകർഷണീയതയും സ്ഥിരതയും കണ്ട് ജോലി നേടുവരിൽ പലരും സർവ്വീസിൽ തുടരാനാവാതെ വിഷമഘട്ടത്തിലാണ്. ഈ വിഷയത്തിൽ സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഷിനിതയുടെ രക്തസാക്ഷിത്വത്തിന് സർക്കാർ മറുപടി പറയണം.ഇത് ആദ്യത്തേയും അവസാനത്തേയും സംഭവമാകാൻ സർക്കാർ തീരുമാനമെടുക്കണം. ജീവനക്കാരെ സമ്മർദ്ദത്തിലാക്കി മരണക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞാൽ ശക്തമായ പ്രതിഷേധവുമായി എൻ.ജി.ഒ അസോസിയേഷടൻ മുന്നോട്ട് വരുമെന്നും ചവറ ജയകുമാർ അറിയിച്ചു.

പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ രാജശേഖരൻ നായർ, സംസ്ഥാന സെക്രട്ടറി അംബികാ കുമാരി, സിവിൽ സർവീസ് മാനേജിംഗ് എഡിറ്റർ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് വി. മധു, അനിൽകുമാർ, കല്ലമ്പലം സനൂസി, പി.ജി. പ്രദീപ്, ആർ. എസ്. പ്രശാന്ത് കുമാർ, ഷൈജി ഷൈൻ, ജോർജ്ജ് ആന്റണി, രശ്മി എസ്. നായർ, എ.ആർ. അജിത്, രഞ്ജിത് കുമാർ, അക്ബർഷാ,ബാലാജി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment