കേന്ദ്ര പദ്ധതിയിലും അമിതമായ പി ആര്‍ വര്‍ക്ക്: മന്ത്രി റിയാസിന് തിരിച്ചടിയായി

സ്വന്തം ലേഖകന്‍


കോഴിക്കോട്: കുതിരാന്‍ തുരങ്കം, കോഴിക്കോട് ആറുവരി ബൈപ്പാസ് ഉള്‍പ്പെടെയുള്ള കേന്ദ്ര വിഷയങ്ങളില്‍ അമിതമായ പി ആര്‍ വര്‍ക്ക് നടത്തുന്നത് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് തിരിച്ചടിയാവുന്നു.

റിയാസിനെ അറിയിക്കാതെ കുതിരാന്‍ തുരങ്കപാത ഉദ്ഘാടനം നിശ്ചയിച്ചത് ഇത്തരം പി ആര്‍ വര്‍ക്ക് അതിരുവിട്ടതിനാലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിനോ റിയാസിനോ ഒരു സൂചനയും നല്‍കാതെയാണ് ഉപരിതല ഗതാഗത വകുപ്പ് തുരങ്കം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായ കുതിരാനില്‍ സന്ദര്‍ശനം നടത്തുകയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് റിയാസിന് വിനയായത്. ആഗസ്റ്റ് മാസം എപ്പോഴെങ്കിലും തുരങ്കം തുറക്കാന്‍ സാധിക്കുമെന്നു മാത്രമാണ് കഴിഞ്ഞ ദിവസവും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രിയെ അറിയിക്കാതെ തുരങ്കപാത തുറന്നുകൊടുക്കാനുള്ള എല്ലാ നീക്കവും ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര വിഷയങ്ങളില്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടും, നടപടിയെടുക്കും എന്നെല്ലാം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസ്ഥാന മന്ത്രി വീമ്പ് പറയുന്നത് എന്‍എച്ച്എഐ വകുപ്പില്‍ ഏറെ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ മൗനാനുവാദത്തോടെ തുരങ്കം ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ രഹസ്യമായ് നടത്തിയത്. കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തപ്പോള്‍ മാത്രമാണ് റിയാസ് വിവരം അറിഞ്ഞത്.

കുതിരാന്‍ തുരങ്കത്തിന് പുറമെ കേന്ദ്ര പദ്ധതിയായ കോഴിക്കോട് എന്‍ എച്ച് 66 ആറുവരി ബൈപ്പാസ് നിര്‍മ്മാണത്തിലും മന്ത്രി റിയാസ് അമിതമായ് ഇടപെടുകയും പി ആര്‍ വര്‍ക്ക് നടത്തുകയും ചെയ്യുകയാണെന്ന പരാതിയുണ്ട്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തിരുന്നു. പണി പൂര്‍ത്തിയാവാറായ പദ്ധതികളിന്മേല്‍ പരിധിയില്‍ കവിഞ്ഞ് ഇടപെടുകയും പി ആര്‍ വര്‍ക്കിലൂടെ ക്രെഡിറ്റ് സ്വന്തമാക്കുകയുമാണ് മന്ത്രി ചെയ്യുന്നത്. കുതിരാന്‍ രണ്ടാം പാത സമയബന്ധിതമായ് തുറക്കാന്‍ ഇടപെടുമെന്ന പ്രഖ്യാപനമാണ് ഏറ്റവും ഒടുവില്‍ മന്ത്രിയില്‍ നിന്നുണ്ടായത്.
അതേസമയം പ്രതിച്ഛായാ നിര്‍മ്മിതിക്ക് ലക്ഷങ്ങള്‍ കൈപ്പറ്റുന്ന പി ആര്‍ ഏജന്‍സികള്‍ മന്ത്രിയെ തെറ്റായ ദിശയില്‍ നയിക്കുകയാണെന്ന അഭിപ്രായം സിപിഎമ്മിനുള്ളില്‍ തന്നെയുണ്ട്.

Related posts

Leave a Comment