‘സഹകരിച്ചില്ലെങ്കില്‍’ തോല്‍പ്പിക്കും; ലൈംഗികാതിക്രമത്തിന് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസ് 

വിശാഖപട്ടണം: പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്സിങ് കോളേജ് പ്രിൻസിപ്പലിനെതിരേ കേസെടുത്തു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഷീലാനഗറിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജിന്റെ പ്രിൻസിപ്പൽ കെ. വെങ്കട്ട് റാവുവിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാക്കിനാഡയിലെ മറ്റൊരു നഴ്സിങ് കോളേജിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായ 21-കാരി പ്രാക്ടിക്കൽ പരീക്ഷയ്ക്കായാണ് വിശാഖപട്ടണത്തെ കോളേജിലേക്ക് വന്നത്. ഇവിടെവെച്ച് പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. താനുമായി സഹകരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ പ്രിൻസിപ്പൽ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്നാണ് വിദ്യാർഥിനി പറയുന്നത്. ജൂലായ് 31-നാണ് ഇതുസംബന്ധിച്ച് വിശാഖപട്ടണത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് സംഘം കോളേജിലെത്തി മൊഴിയെടുത്തു. അധ്യാപകരിൽനിന്നും മറ്റു വിദ്യാർഥികളിൽനിന്നുമാണ് മൊഴിയെടുത്തത്. കേസെടുത്തതിന് പിന്നാലെ പ്രിൻസിപ്പൽ ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, സംഭവത്തിൽ കോളേജ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് മാത്രമാണ് കോളേജ് അധികൃതർ പ്രതികരിച്ചത്. ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ ഇവരെ പിന്തുണച്ച് ഒട്ടേറെ മഹിളാ കൂട്ടായ്മകളും ഗോത്രവിഭാഗ സംഘടനകളും രംഗത്തെത്തി. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രിൻസിപ്പലിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

Related posts

Leave a Comment