2 ജിയിൽ സി.എ.ജി പറഞ്ഞത്​ പച്ച കള്ളം; മന്‍മോഹൻ സിംഗിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പുപറഞ്ഞ് മുന്‍ സിഎജി വിനോദ് റായ്

ന്യുഡൽഹി: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് മാപ്പ് പറഞ്ഞ് മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) വിനോദ് റായ്. 2ജി സ്പെക്ട്രം കേസ് സംബന്ധിച്ച പരാമർശത്തിന്റെ പേരിലാണിത്. തന്റെ മേൽ സമ്മർദ്ദം ചെലുത്തിയ പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് നിരുപം എന്ന് 2014ൽ റായ് അവകാശപ്പെട്ടിരുന്നു. 2ജി സ്പെക്ട്രം കേസിൽ സംസ്ഥാന ഓഡിറ്ററുടെ റിപ്പോർട്ടിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ പേര് ഉൾപ്പെടുത്താതിരിക്കാൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി എന്ന വിനോദ് റായിയുടെ വെളിപ്പെടുത്തലിനെതിരെയാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

നിരുപമിനെതിരെ നടത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് ഡൽഹി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിനോദ് റായ് സമ്മതിച്ചു. ”പിഎസി (പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി) യോഗങ്ങളിലോ ജെപിസിയുടെ (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) യോഗങ്ങളിലോ 2-ജി സ്പെക്ട്രം വിഹിതം സംബന്ധിച്ച സിഎജി റിപ്പോർട്ടിലോ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് പുറത്തുവിടാതിരിക്കാൻ എന്നെ സമ്മർദ്ദത്തിലാക്കിയ എംപിമാരിൽ ഒരാളായി സഞ്ജയ് നിരുപമിന്റെ പേര് ഞാൻ അശ്രദ്ധമായി ചില ഇന്റർവ്യൂകളിൽ പരാമർശിച്ചുവെന്ന് ഞാൻ മനസ്സിലാക്കി’ എന്നാണ് വിനോദ് റായ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.

‘എന്റെ പ്രസ്താവനകൾ നിരുപമിനും കുടുംബത്തിനും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾക്കും ഉണ്ടാക്കിയ വേദനയും വിഷമവും ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, ഞാൻ കാരണം ഉണ്ടായ മുറിവുകൾക്ക് നിരുപാധികം മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു…’ എന്നും വിനോദ് റായ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലത്തിന്റെ പകർപ്പ് സഞ്ജയ് നിരുപം ട്വിറ്ററിലും പങ്കുവെച്ചു. ഒടുവിൽ ഞാൻ നൽകിയ മാനനഷ്ടക്കേസിൽ മുൻ സിഎജി വിനോദ് റായ് എന്നോട് നിരുപാധികം മാപ്പ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് സഞ്ജയ് നിരുപം തന്റെ ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം എന്നും സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹന് വേണ്ടി ഇടപെട്ടു എന്നും റായ് ആരോപിച്ചിരുന്നു. മാനനഷ്ടക്കേസ് നൽകിയതിന് ശേഷം വിനോദ് റായ് തന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചതായി സഞ്ജയ് നിരുപം പറഞ്ഞു. എന്നാൽ വിനോദ് റായ് നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യത്തിൽ താൻ ഉറച്ചുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment