അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവുമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത് ; ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കൊച്ചി:കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അനധികൃതമായും വഴിവിട്ടും ഇടപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് കണ്ണൂര്‍ വി.സിക്ക് പുനര്‍ നിയമനം നല്‍കിയതെന്നും സര്‍ക്കാരിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പറവൂരിലെ എംഎൽഎ ഓഫീസിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മന്ത്രി അയച്ച രണ്ട് കത്തുകളും സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്. മന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തെറ്റായ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മേലൊപ്പ് ചാര്‍ത്തേണ്ടയാളല്ല ഗവര്‍ണര്‍. അന്നു താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഗവര്‍ണര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സമ്മര്‍ദ്ദം ചെലുത്തിയതും സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്. നിയമവിരുദ്ധമായാണ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിലേക്കും ചാന്‍സലറുടെ അധികാരങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണ് മന്ത്രി നടത്തിയത്. നിയമത്തിനുള്ളില്‍ നിന്നു മാത്രമെ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് സത്യ പ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണം.

സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളിലും ആരോപണം ഉയരുകയാണ്. ഒഴിവുകളിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനുള്ള ഉപകാരസ്മരണയായാണ് വി.സിയുടെ പുനര്‍നിയമനം. സേര്‍ച്ച് കമ്മിറ്റിയിലെ ചാന്‍സലറുടെ നോമിനിയെ കൂടി സര്‍ക്കാര്‍ നിയമിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഗവര്‍ണറാണ് പുനര്‍നിയമനം നടത്തിയെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവുമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്.

Related posts

Leave a Comment