എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം’; മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ്

കൊച്ചി : മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം. അതിൽ അധികൃതരുടെ പേരുകൾ പ്രതിപട്ടികയിൽ ചേർക്കണമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല’, ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു

മുല്ലപെരിയാർ വിഷയത്തിൽ സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ നിരവധിപേരാണ് വിഷയത്തിൽ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാർജ്ജിച്ചതോടെ സെക്കന്റിൽ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

Related posts

Leave a Comment