സി.ബി.ഐ വന്നാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല ; ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വീണ്ടും സി.പി.എം നേതാക്കളുടെ വെല്ലുവിളി

കാഞ്ഞങ്ങാട്: ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വീണ്ടും സി.പി.എം പ്രവര്‍ത്തകരുടെ പോര്‍വിളി. സി.പി.എം പെരിയയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ധര്‍ണയിലാണ് സി.പി.എം നേതാക്കളുടെ വെല്ലുവിളി. എം.എം. മണി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി ആയിരുന്നപ്പോള്‍ നടത്തിയ ‘വണ്‍ ടു ത്രീ’ പ്രയോഗം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ധര്‍ണയില്‍ എല്‍.ഡി.എഫ് ജില്ല കണ്‍വീനറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സതീഷ് ചന്ദ്ര​െന്‍റ പ്രസംഗം.

കല്യോട്ടെ സഖാക്കളുടെ ദേഹത്ത് ഒരു തരി പൂഴി വീണാല്‍ അതി​െന്‍റ പ്രത്യാഘാതം കോണ്‍ഗ്രസ് അനുഭവിക്കേണ്ടി വരുമെന്നും കല്യോട്ടാണ് ലോകമെന്ന്​ കോണ്‍ഗ്രസ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്യോട്ട് കോണ്‍ഗ്രസ് റൗഡിസം കാട്ടുകയാണെന്നും ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ പറഞ്ഞു.

പ്രസംഗത്തിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്​. 2019 ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‍ലാല്‍, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനിടെ പ്രകോപനപരമായ ഒരു സംഭവങ്ങളും കല്യോട്ടുണ്ടായിരുന്നില്ല.

കല്യോട്ടെ ഇരട്ടക്കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണേണ്ടെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം കൂടിയായ എം.എല്‍.എ സി.എച്ച്‌. കുഞ്ഞമ്ബു പറഞ്ഞിരുന്നു. വത്സരാജി​െന്‍റ ദേഹത്ത് ഇനി കൈവെച്ചാല്‍ ആ കൈക്ക് അപകടം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കല്യോട്ടിനെ ബന്തടുക്കയായും ചീമേനിയായും മാറ്റാന്‍ നോക്കേണ്ട. കമ്യൂണിസ്​റ്റായതു കൊണ്ട് എന്നും തല്ലുകൊള്ളണമെന്നില്ല. സി.ബി.ഐ വന്നു, പിടിക്കും എന്നൊക്കെയുള്ള വിരട്ടല്‍ ഞങ്ങളോടു വേണ്ട.

സി.ബി.ഐ വന്നാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. കല്യോട്ട് കോണ്‍ഗ്രസുകാര്‍ തകര്‍ത്ത സി.പി.എം ഓഫിസ് പുനര്‍നിര്‍മിക്കാന്‍ പോകുകയാണെന്നും ഇരുട്ടി​െന്‍റ മറവില്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നും സി.എച്ച്‌. കുഞ്ഞമ്ബു മുന്നറിയിപ്പ് നല്‍കി. ജനപ്രതിനിധി ഉള്‍പ്പെടെ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദപ്പെട്ട നേതാക്കള്‍ പരസ്യമായ കൊലവിളിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും നേതാക്കളുടെ പരസ്യമായ ആഹ്വാനത്തിന് എതിരെ കേസെടുത്തു നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Related posts

Leave a Comment