ഇറ്റലി യൂറോ ചാംപ്യന്‍

  • ഇംഗ്ലണ്ടിനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ (3-2)

ലണ്ടന്‍ഃ ആദ്യ ഫൈനലില്‍ യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിടാനുള്ള ഇംഗ്ലീഷ് പടയുടെ മോഹം തല്ലിക്കെടുത്തി, യൂറോ കപ്പ് കിരീടം ഇറ്റലിയ്ക്ക്. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് അസൂറിപ്പടയുടെ രണ്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേട്ടം. ഗോൾവലയ്ക്ക് മുന്നിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഗോളി ഡൊണ്ണാരുമ്മയാണ് ഇറ്റലിയുടെ ഹീറോ.

ഇറ്റലിയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് കളി തുടങ്ങിയത്. കളി ഒരു മിനിറ്റ് 57 സെക്കൻ്റ് ആയപ്പോൾ ഇംഗ്ലണ്ട് അസൂറികളുടെ ഗോൾ വല കുലുക്കി. ഗോൾകീപ്പർ ഡൊണ്ണാരുമ്മയെ നിക്ഷ്പ്രഭനാക്കി ലൂക്ക് ഷായാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഇറ്റലി പതിയെ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പുലർത്തിയ ഇറ്റലിക്ക് 67-ാം മിനിറ്റിൽ അതിനുള്ള ഫലവും ലഭിച്ചു. കോർണറിനിടയിൽ ഇംഗ്ലീഷ് പോസ്റ്റിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ച ബൊനൂച്ചി ഗോളി പിക്ഫോർഡിനെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.

നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചതോടെ കലാശപ്പോരാട്ടം അധികസമയത്തേയ്ക്ക് നീണ്ടു. അധികസമയത്തും സമനില പാലിച്ചതോടെ കിരീട ജേതാക്കളെ നിശ്ചയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു.

ഇറ്റലിക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ സ്കോർ ചെയ്തപ്പോൾ ഇംഗ്ലണ്ടിൻ്റെ റാഷ്ഫോർഡ്, സാഞ്ചോ, സാക്ക എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തി.

Related posts

Leave a Comment