നിർദിഷ്ട മുനമ്പം – അഴീക്കോട് പാലം ഉയരം കൂട്ടി പണിയുക: യൂത്ത് കോൺഗ്രസ്

വൈപ്പിൻ: മുനമ്പം മൽസ്യ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ടു നിർദിഷ്ട അഴിക്കോട് – മുനമ്പം പാലത്തിന്റെ ഉയരം കൂട്ടി പണിയണമെന്ന് യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ പരമ്പരാഗത രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള പാലം കടന്നുപോകുന്ന കായലിനു നടുവിൽ എക്കലും മണ്ണും അടിഞ്ഞു കൂടി മണൽ തിട്ട രൂപപ്പെട്ടു കൊണ്ടിരിക്കുന്നതുമൂലം പാലത്തിന്റെ മധ്യഭാഗത്ത് 12 മീറ്റർ ഉയരം ഉണ്ടെങ്കിലും അവിടെ മൽസ്യബന്ധന യാനങ്ങളുടെ സഞ്ചാരം അസാധ്യമാണ്.

നിലവിൽ കായലിനു ഇരുവശത്തും കരയോട് ചേർന്നുള്ള ഭാഗത്ത് കൂടിയാണ് യാനങ്ങൾ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് പാലത്തിന്റെ ഉയരം 8 മീറ്റർ ഉയരം വരുമെന്നാണ് പറയുന്നത്. 12 മീറ്റർ ഉയരമുള്ള ഫിഷിങ് ബോട്ടുകൾ വരെ നിലവിൽ മുനമ്പത്ത് പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഡിസൈനിൽ പാലം പണിതാൽ നിലവിൽ പ്രവർത്തിക്കുന്ന മൽസ്യബന്ധന യാനങ്ങൾക്കു മാത്രമല്ല വരും കാലങ്ങളിൽ പോർട്ടിൽ വരാൻ സാധ്യതയുള്ള വൻകിട ഫിഷിങ് കപ്പലുകൾക്കും, ചരക്കു കപ്പലുകൾക്കും, യാത്ര കപ്പലുകൾക്കും മുനമ്പം പോർട്ടിലേക്കു പ്രവേശിക്കാൻ സാധിക്കില്ല. നിർദ്ധിഷ്ട പാലത്തിനു കിഴക്ക് ഭാഗത്തതാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഫ്രീസിങ് പ്ലാന്റുകളും ഡീസൽ പമ്പുകളും ഐസ് പ്ലാന്റുകളും ബോട്ട് നിർമാണ യാർഡുകളും വർക്ക്‌ഷോപ്പുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ബോട്ട് ജെട്ടികളും പീലിങ് ഷെഡ്ഡുകളും പ്രവർത്തിക്കുന്നത്.

പാലത്തിനു അടിയിലൂടെയുള്ള ജലഗതാഗതം അസാധ്യമായാൽ ഈ വ്യവസായങ്ങൾ സ്തംഭിക്കും. ഇത് മൂലം ആയിരങ്ങൾ തൊഴിൽ രഹിതരാവും. കൂടാതെ വികസനത്തെയും ഇത് ബാധിക്കും. ആയതുകൊണ്ട് വരാൻ പോകുന്ന 100 വർഷത്തെ വികസന സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടു പാലത്തിന്റെ ഡിസൈൻ പുനർനിർണയിച്ച് പാലം നിർമിക്കണം എന്ന് യൂത്ത് കോൺഗ്രസ് പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മറ്റിയുടെ പ്രസിഡണ്ട് ജാസ്‌മോൻ മരിയാലയം, ജനറൽ സെക്രട്ടറിമാരായ വിബിൻ വര്ഗീസ്, ജസ്റ്റിൻ ഇമ്മാനുവൽ, വിവേക് ചന്ദ്രൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment