മനസ്സിന്റെ കടലിളക്കങ്ങള്‍ ഒഴിയാതെ വ്യവസായ സംരംഭകര്‍

ഗോപിനാഥ് മഠത്തിൽ

ദുഃഖത്തിന്റെ കടലിളക്കങ്ങള്‍ ഉള്ളിലൊതുക്കി പുറമെ പുഞ്ചിരിച്ചു നടക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു മലയാളികള്‍. മുമ്പൊക്കെ ആത്മസുഹൃത്തുക്കളോടു മനസ്സിലെ സംഘര്‍ഷങ്ങള്‍ പങ്കുവച്ച് ആശ്വാസപരിഹാരങ്ങള്‍ കണ്ടെത്തിയിരുന്ന അവര്‍ ഇപ്പോള്‍ പ്രശ്‌നങ്ങളെ സ്വയം നെഞ്ചേറ്റി ആത്മഹത്യയുടെ തീരമണയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ലോക്ഡൗണിന്റെ ചെറിയ ഇളവുകള്‍ക്ക് മുമ്പും ശേഷവും എത്രയോ ബിസിനസ് സംരംഭകരാണ് മരണത്തെ കൂട്ടുപിടിച്ച് ഈ ലോകത്ത് നിന്ന് പറന്നുപോയത്. ചരമപ്പേജ് പത്രങ്ങളില്‍ ഒന്നില്‍ നിന്ന് രണ്ടിലേക്ക് അതിര്‍ത്തി ലംഘിച്ച് കടന്നതിന് പ്രധാനകാരണം ആരോഗ്യരംഗത്തെ കേരളസര്‍ക്കാരിന്റെ പാളിച്ചകളും വ്യവസായ സംരംഭകരെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാതുള്ള നിഷേധ സമീപനങ്ങളുമാണ്. കോവിഡ് മൂലം എത്ര വ്യവസായികള്‍ മരണമുഖത്ത് എത്തി നില്‍ക്കുന്നുവെന്നും അവരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ആശ്വാസതീരത്തിലേക്ക് എങ്ങനെ കൈപിടിച്ച് കൊണ്ടുവരാന്‍ കഴിയും എന്നിടത്താണ് സര്‍ക്കാര്‍ വീമ്പുപറച്ചിലുപേക്ഷിച്ച് സത്യസന്ധത പ്രകടിപ്പിക്കേണ്ടത്. ആഗസ്റ്റ് 9 ന് വ്യാപാരികളും വ്യവസായികളും നിര്‍ബന്ധപൂര്‍വ്വം കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും വീണ്ടുവിചാരം ഉണ്ടായത്. ഒരുപക്ഷേ ഉത്സവവേളയില്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍, നിയമം കൊണ്ട് അതിനെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ മരണപ്പേജ് രണ്ടും കടന്ന് മൂന്ന് പേജിലെത്തിയേനെ. കടങ്ങളുടെ തുറന്നുപറച്ചില്‍ മറ്റാരോടും നടത്താതെ കുടുംബത്തിന്റെ സ്വകാര്യദുഃഖമാക്കി മാറ്റുകയാണ് ഇന്ന് പലരും. ഒരുവിധം കാര്യങ്ങള്‍ കട തുറന്ന് നടത്തി പോരുകയും അതില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ചും തട്ടിയും മുട്ടിയും ജീവിതം നയിച്ചുപോരുന്ന സാധാരണക്കാരുടെ ജീവിതമാണ് പുതിയ കാലവിശേഷം കൊണ്ട് അര്‍ത്ഥമില്ലാതായിരിക്കുന്നത്. കടത്തിന്റെ നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന വ്യവസായ സംരംഭകരെ ഒരുപരിധിവരെ രക്ഷിച്ചെടുക്കേണ്ട ബാധ്യത സര്‍ക്കാര്‍ സംവിധാനത്തിന് ഉണ്ടാകേണ്ടതാണ്. കാരണം അവര്‍ കൂടി മെനഞ്ഞെടുത്തതാണല്ലോ സര്‍ക്കാര്‍. അങ്ങനെയുള്ള സര്‍ക്കാരിന് വിഭാഗീയത നോക്കാതെ പൊതുവായ ജനങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കാന്‍ കഴിയണം. അത് എല്ലായ്‌പ്പോഴും വേണമെന്നില്ല. കോവിഡ് പോലുള്ള രോഗകാലങ്ങളിലും പ്രളയം-വരള്‍ച്ച പോലുള്ള പ്രകൃതി ദുരന്തസാഹചര്യങ്ങളിലും ആകാവുന്നതാണ്. ഇപ്പോള്‍ ഇന്ത്യയിലുള്ള ആകെ കോവിഡ് രോഗികളുടെ പകുതിയില്‍ കൂടുതലും കേരളത്തിലാണുള്ളത്. ഓണം കഴിയുമ്പോള്‍ അത് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ടെന്നാണ് നാട്ടുസംസാരം. ഒരുപക്ഷേ രോഗം വര്‍ദ്ധിക്കാന്‍ ഇടയായാല്‍ വീണ്ടും ജീവിതം വഴിമുട്ടുന്നത് വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ വ്യവസായ സംരംഭകരെ, ചെറുകച്ചവടക്കാരെ അവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ രക്ഷിക്കാന്‍ കഴിയും എന്ന് സര്‍ക്കാര്‍ ഒരു മുന്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. സാമ്പത്തികമായ കൈത്താങ്ങ് നല്‍കുന്നതോടൊപ്പം ആശ്വാസപൂര്‍വ്വം പ്രത്യേക നിബന്ധനകളോടെ കടകള്‍ തുറക്കാനും കഴിയണം. ഇപ്പോള്‍ ഒട്ടുമിക്ക കടകളും മാളുകളും തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത് ഓണത്തിന്റെ പ്രത്യേക സന്ദര്‍ഭം കണക്കിലെടുത്താണ്. ഓണം കഴിഞ്ഞ് രോഗം കേരളത്തില്‍ മൂര്‍ച്ഛിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ഭയപ്പെടുത്തുന്നതുപോലെ മൂന്നാംതരംഗം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ വീണ്ടും വന്നെത്തുകയാണെങ്കില്‍ ഒരു വ്യവസായി പോലും സ്വയം ബലിയായി തീരാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നാണ് പറഞ്ഞുവന്നതിന്റെ ന്യായം. അങ്ങനെയൊരു സഹായം സര്‍ക്കാര്‍ എന്ന ബന്ധുവില്‍ നിന്ന് അന്യം നില്‍ക്കുന്നതുകൊണ്ടാണ് കോട്ടയത്ത് ഇരകളായ നിസാര്‍ഖാനും നസീര്‍ഖാനും കൊട്ടിയത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയും പിന്നെ പേരറിയാത്ത കുറെ വ്യവസായ സംരംഭകരും മരണത്തില്‍ അഭയം തേടിയത്.
കോവിഡ് ലോകത്തെ ഒരുപ്രത്യേക സാമൂഹിക ജീവിതത്തിലേക്കും ചര്യകളിലേക്കും കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ആ മാറ്റത്തിന്റെ ഒരു ചെറിയ പതിപ്പുമാത്രമാണ് കേരളം. അതിന്റെ കാഠിന്യം കൂടുതല്‍ വഷളാക്കിയിരിക്കുന്നത് മലയാളികളെയാണ് താനും. വായ്പ എടുക്കാതെ ജീവിതം തള്ളിനീക്കാന്‍ കഴിയാത്ത കുടുംബങ്ങളുടെ ചെറുകൂടാരമാണ് ഇവിടം. മലയാളിയുടെ നിത്യ സംസാരങ്ങളില്‍ വായ്പ എന്ന വാക്കു കടന്നുവരാത്ത ദിവസങ്ങളില്ല. കോവിഡിന് മുമ്പും സാമ്പത്തിക പാളിച്ചകളില്‍പ്പെട്ട് എത്രയോ പേര്‍ ഇവിടെ സ്വയം മരണത്തില്‍ അഭയം കണ്ടെത്തിയിരിക്കുന്നു. അതിനിടെയാണ് രോഗകാലം മലയാളിയുടെ ജീവിതക്രമത്തിന്റെ താളം കൂടുതല്‍ തെറ്റിച്ചിരിക്കുന്നത്. അത് ആത്മഹത്യയിലേക്കുള്ള വേഗം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പുതിയ കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് പൊതുജീവിതത്തെ ധന്യമാക്കാന്‍ കഴിയത്തക്കവിധം ധനകാര്യ ബന്ധിതമായി പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടപ്പില്‍ വരേണ്ട കാലം കൂടിയാണിത്. എന്നാല്‍ ധനയാചനത്തിന്റെ നിത്യ നിലവിളി ഉയരുന്ന ധനകാര്യവകുപ്പില്‍ നിന്ന് ആശ്വാസവാക്കുകള്‍ ലഭിക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. അപ്പോള്‍ ഇവിടെ പറയാവുന്ന ഏകകാര്യം ഓരോ ആത്മഹത്യാവാര്‍ത്തയുടെയും അവസാനം പത്രക്കാര്‍ കുറിക്കുന്ന വാക്കുകളാണ്. ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

വാല്‍ക്കഷണം:
റദ്ദാക്കാന്‍വേണ്ടി റാങ്ക് ലിസ്റ്റ് പ്രസീദ്ധികരിക്കുന്ന സ്ഥാപനമാണ് കെ.പി.എസ്.സി. മുട്ടില്‍ ഇഴഞ്ഞതുകൊണ്ടോ പെണ്‍കുട്ടികള്‍ മുടി മുറിച്ചതുകൊണ്ടോ ഇവിടെ യാതൊരു കാര്യവുമില്ല. ഇവിടെ കാര്യങ്ങളെല്ലാം അടുക്കളയിലാണ് നടക്കുന്നത്. അതുകൊണ്ട് പിന്‍വാതിലില്‍ ചെന്ന് മുട്ടിവിളിച്ചുനോക്കൂ. ചിലപ്പോള്‍ തുറന്നെന്നിരിക്കും. അല്ലെങ്കില്‍ സിപിഎമ്മിന്റെ ഗുണ്ടാലിസ്റ്റില്‍ കടന്ന് ഏതെങ്കിലും രാഷ്ട്രീയ എതിരാളികളെയോ, അങ്ങനെ കിട്ടിയില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരനെയോ കുത്തി മുറിവേല്‍പ്പിച്ചുകൊള്ളൂ. പോലീസ് ലിസ്റ്റില്‍ കടന്നുകൂടാം. അങ്ങനെയല്ലേ മുമ്പ് യൂണിവേഴ്‌സിറ്റി കുത്തുകേസിലെ പ്രതികള്‍ പോലീസ് ലിസ്റ്റില്‍ ഒന്നും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.

Related posts

Leave a Comment