ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു; മലബാറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത

തലശ്ശേരി: മലബാറിൽ മുസ്ലിം സമുദായത്തിൽ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ആദ്യ വനിതയായ ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു. തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ ഇംഗ്ലീഷ് മറിയുമ്മ എന്നറിയപ്പെടുന്ന പി.എം മറിയുമ്മ (99)യാണ് അന്തരിച്ചത്.മുസ്ലിം സ്ത്രീകള്‍ പൊതു വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ഇന്നത്തെ 10ാം ക്ലാസിന് തുല്യമായ ഫിഫ്ത്ത് ഫോറം പാസായ മറിയുമ്മ, ഭാഷ വശത്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പഠനം നടത്തിയത്. 1938ല്‍ തലശ്ശേരി കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച മറിയുമ്മ അവസാന കാലം വരെ നിത്യവും ഇംഗ്ലീഷ് ദിനപത്രം വായിക്കുമായിരുന്നു.

ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ പിതാവ് ഒ.വി. അബ്ദുല്ല മറിയുമ്മക്കും സഹോദരങ്ങൾക്കും വിദ്യാഭ്യാസം നൽകിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലായിരുന്നു പഠനം. 1943ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ സ്കൂളില്‍ പോയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വിവാഹ ശേഷം ഉമ്മാമ കുഞ്ഞാച്ചുമ്മ 1935 ല്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ കൂടുതല്‍ സജീവമായി.

എം.ഇ.എസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് മറിയുമ്മയും ഇവരുടെ മാളിയേക്കല്‍ തറവാടും. 1970ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ മറിയുമ്മ മുസ്‍ലിം വുമണ്‍ എഡുക്കേഷന്‍ എന്ന വിഷയത്തില്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ മറിയുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സാക്ഷരതാ ക്ലാസ്സുകളും തയ്യല്‍ ക്ലാസ്സുകളും നടത്തിയിരുന്നു

Related posts

Leave a Comment