എഞ്ചിനീയറിങ് എൻട്രൻസ് റാങ്ക് പട്ടിക ; സിബിഎസ്ഇ വിദ്യാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം : കേരളത്തിലെ ഈ വർഷത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്ന് പിന്തള്ളപ്പെടുമോയെന്ന ആശങ്കയിൽ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ. റാങ്ക് പട്ടിക തയാറാക്കുന്നത് എൻട്രൻസ് പരീക്ഷയുടെയും ഹയർ സെക്കൻഡറി മാർക്കിന്റെയും അടിസ്ഥാനത്തിലാണ്. എന്നാൽ, ഈ വർഷം പരീക്ഷ നടത്താതെ ഫലം പ്രഖ്യാപിച്ചതിനാൽ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾ ആശങ്കയിലാണ്. വിദ്യാർഥികളുടെ ഹയർസെക്കൻഡറി മാർക്ക് സമീകരിക്കുന്നത് 15 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതാണ് ആശങ്കയ്ക്ക് കാരണം. കേരള സിലബസിൽ പരീക്ഷയെഴുതി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം,  ആർക്കും ദോഷം വരാത്ത വിധത്തിൽ വിദ്യാർഥികളുടെ മികവ് കണക്കിലെടുത്തുള്ള റാങ്ക് പട്ടികയായിരിക്കും തയാറാക്കുകയെന്നാണ് അധികൃതർ പറയുന്നത്.
എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കും ഹയർസെക്കൻഡറി മാർക്കിനും തുല്യ പരിഗണന നൽകിയാണ് ഈ വർഷവും റാങ്ക് പട്ടിക തയാറാക്കുന്നത്. വ്യത്യസ്ത ബോർഡുകളുടെ ഹയർസെക്കൻഡറി പരീക്ഷ പാസായ വിദ്യാർഥികളുടെ മാർക്ക് സമീകരിക്കേണ്ടതിനാലാണ് 15 ഘടകങ്ങൾ ആധാരമാക്കിയുള്ള ഫോർമുല സ്വീകരിക്കുന്നത്. ബിടെക് പ്രവേശനത്തിന് വർഷങ്ങളായി തുടരുന്ന രീതിയാണിത്.
ഹയർ സെക്കൻഡറി മാർക്ക് സമീകരണത്തിനു മുന്നോടിയായി വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കും. അവരാണ് ഈ വർഷം ബാധകമാക്കേണ്ട മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ഇതു തീരുമാനിച്ചു കഴിഞ്ഞാൽ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ എല്ലാ വിദ്യാർഥികളുടെയും മാർക്ക് സമീകരണം പൂർത്തിയാക്കും. നാലു വ്യത്യസ്ത ഹയർസെക്കൻഡറി ബോർഡുകളുടെ 2009 മുതൽ 2021 വരെയുള്ള മാർക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ സമീകരണ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. കേരള ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ, സിബിഎസ്ഇ, കൗൺസിൽ ഫോർ ദ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) എന്നിവയാണ് ഈ ബോർഡുകൾ. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്കാണു പരിഗണനയ്ക്ക് എടുക്കുക. വിവിധ ബോർഡുകളിൽ  ഓരോ വിഷയത്തിനും നൽകിയ മാർക്കിന്റെ ശരാശരി (ഗ്ലോബൽ മീൻ) ഓരോ വിഷയത്തിലും വിവിധ ബോർഡുകളുടെ മാർക്കിലുള്ള വ്യതിയാനം (ഗ്ലോബൽ സ്റ്റാൻഡാർഡ് ഡീവിയേഷൻ) എന്നിവയാണ് പരിഗണിക്കുക. നാലു ബോർഡിന്റെയും കഴിഞ്ഞ 13 വർഷത്തെ ഡേറ്റയാണ് ശരാശരി കണക്കാക്കാൻ ഉപയോഗിക്കുന്നത്. ഒപ്പം വിദ്യാർഥി പരീക്ഷയെഴുതിയ ഈ വർഷത്തെ ശരാശരിയും വ്യതിയാനവും കണ്ടെത്തും. ഓരോ വിഷയത്തിനും 5 ഘടകങ്ങൾ വീതമാണ് പരിഗണിക്കുക. അങ്ങനെ വരുമ്പോൾ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കായി 15 ഘടകങ്ങൾ പരിഗണിക്കേണ്ടി വരും. ഇതു വിദഗ്ധ സമിതി പഠിച്ച് അന്തിമ രൂപം നൽകിയ ശേഷമായിരിക്കും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സമീകരണം നടത്തുക. ഏതെങ്കിലും ബോർഡിനു കീഴിലുള്ള വിദ്യാർഥികൾക്കു ഹയർ സെക്കൻഡറിക്കു മാർക്ക് കൂടുകയോ കുറയുകയോ ചെയ്തതിന്റെ പേരിൽ ആരും വിഷമിക്കേണ്ടതില്ലെന്നു വിദഗ്ധർ പറയുന്നു.
ഏതെങ്കിലും ഒരു ഘടകത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആർക്കെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാകുമെന്നു മുൻകൂട്ടി പറയാനാവില്ല. ഒരു ബോർഡിനു കീഴിലുള്ള എല്ലാ വിദ്യാർഥികളുടെയും ഫലം സമാനമായ രീതിയിലാണെങ്കിൽ അതിന് അനുസരിച്ചു സമീകരണത്തിൽ പൊതുവായ മാറ്റം വരും. നന്നായി പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ മികച്ച റാങ്ക് ലഭിക്കും. എല്ലാവരുടെയും മാർക്ക് സമീകരിക്കുമെന്നു പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ ഈ രീതിയാണ് പിന്തുടർന്നിരുന്നത്. മുൻ വർഷത്തെ മാനദണ്ഡങ്ങൾ  അതേപടി തുടരാനാണു സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം 71,742 കുട്ടികൾ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയതിൽ 56,599 പേരാണ് ബിടെക് പ്രവേശനത്തിനു യോഗ്യത നേടിയത്. ഇതിൽ ആദ്യ 5000 റാങ്ക് നേടിയ കുട്ടികളുടെ ഫലം വിലയിരുത്തുന്നതു കൗതുകകരമാണ്. കേരള ഹയർ സെക്കൻഡറി പരീക്ഷ പാസായ 37,124 വിദ്യാർഥികൾ പ്രവേശന പരീക്ഷ എഴുതിയപ്പോൾ 2280 പേർക്കാണ് ആദ്യ 5000 റാങ്കിനുള്ളിൽ എത്താൻ സാധിച്ചത്. അതേസമയം 14,468 സിബിഎസ്ഇ വിദ്യാർഥികളിൽ 2,477 പേർ ആദ്യ 5000ൽ സ്ഥാനം നേടി. ഏറ്റവും മികച്ച പ്രകടനം ഐസിഎസ്ഇ വിദ്യാർഥികളുടേതായിരുന്നു. ഐസിഎസ്ഇ സിലബസ് പഠിച്ച 1206 പേർ മാത്രം പ്രവേശന പരീക്ഷ എഴുതിയപ്പോൾ അതിൽ 214 പേരും ആദ്യ 5000 റാങ്കിനുള്ളിൽ എത്തി.

Related posts

Leave a Comment