എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

തിരുവനന്തപുരം :  കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

ആദ്യ 100 റാങ്കില്‍ 22 പെണ്‍കുട്ടികളും 78 ആണ്‍കുട്ടികളുമാണുള്ളത്. എന്‍ജിനീയറിങ്ങില്‍ ഫെയ്സ് ഹാശിം ഒന്നാം റാങ്കും കോട്ടയം സ്വദേശി എം ഹരികൃഷ്ണന്‍ രണ്ടാം റാങ്കും നേടി. നയന്‍ കിഷോറിനാണു (കൊല്ലം) മൂന്നാം റാങ്ക്.

73,977 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 51,031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടു. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്ബ് തന്നെ വിദ്യാര്‍ഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സി ബി എസ്‌ ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമീഷണറുടെ വിശദീകരണം.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പെയ്പറിലും 10 മാര്‍കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാര്‍ക് പത്ത് എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.

Related posts

Leave a Comment