ഇന്ന് വിവേകാനന്ദ ജയന്തി. കര്‍മനിരതരായ യുവജനതയാണ് ഭാരതത്തിന്റെ ശക്തിയും സൗന്ദര്യവുമെന്ന് വിശ്വസിച്ചിരുന്ന വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി നാം ആചരിക്കുന്നു. കാലദേശത്തിനതീതമായി മനുഷ്യന്റെ പ്രജ്ഞാശേഷിയെ ഉത്തേജിപ്പിച്ച ആത്മീയവര്യന് എന്ന നിലയില്‍ വിവേകാനന്ദന്റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഇന്നും പ്രസക്തിയും പ്രാധാന്യവുമുണ്ട്. ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല, പ്രായോഗികവല്‍ക്കരിക്കാന്‍ കൂടിയുള്ളതായിരുന്നുവെന്ന് ലോക യുവജനതയെ വിവേകാനന്ദന് ഉത്ബോധിപ്പിച്ചു. അസ്വതന്ത്രമായിരുന്ന ഇന്ത്യക്കും സ്വതന്ത്ര ഭാരതത്തിനും വിവേകാനന്ദന്റെ ജീവിതം ഇതിഹാസ-പുരാണങ്ങള്പോലെ മാര്‍ഗദീപമായിരുന്നു. 1893-ല്‍ ചിക്കാഗോയില്‍ നടന്ന ലോക മതപാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിവേകാനന്ദന്റെ പ്രസംഗം ഇന്നും നിലയ്ക്കാത്ത പ്രതിധ്വനിയായി ചരിത്രത്തില്‍ മായാത്തസ്ഥാനം കരസ്ഥമാക്കിയിരിക്കയാണ്. പതിതരും പാര്‍ശ്വവല്‍കൃതരുമായ സമൂഹത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ കരുണാര്‍ദ്രമായ ഹൃദയം സ്പന്ദിച്ചുകൊണ്ടിരുന്നത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിനുവേണ്ടി സമൂലമാറ്റങ്ങള്‍ കൂടിയേ മതിയാവൂ എന്ന് വിശ്വസിക്കുകയും ഉറങ്ങിക്കിടക്കുന്ന ആ സമൂഹത്തെ കുലുക്കി ഉണര്‍ത്തുകയും ചെയ്ത വിപ്ലവകാരിയായിരുന്നു വിവേകാനന്ദന്. താന്‍ ധരിച്ചിരുന്ന കാഷായവസ്ത്രത്തിന്റെ ശുദ്ധിയും പ്രാധാന്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മഹാനായ ഈ സന്യാസി വര്യന്റെ ജന്മംകൊണ്ട് ധന്യമായ നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ദാരിദ്ര്യത്തിന്റെ കാഠിന്യം അനുഭവിച്ചറിഞ്ഞ വേദാന്തിയായിരുന്നു വിവേകാനന്ദന്. കാല്പ്പനികനായ കവിയും പ്രഭാഷകനും സാമൂഹ്യ പരിഷ്ക്കര്‍ത്താവും എന്ന നിലയില്‍ അദ്ദേഹം ലോകത്തിന്റെ പാഠപുസ്തകമായി തീരുകയായിരുന്നു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ചിന്തകളും സ്വീകരിക്കാന്‍ എണ്ണമറ്റ യുവാക്കള്‍ ആ സന്നിധിയിലെത്തി. സന്യാസം നിസംഗതകളുടെയും നിഷ്ക്രിയത്വത്തിന്റെയും അലസദശയല്ലെന്നും സന്യാസം സക്രിയതയുടെയും കര്‍മനിരതയുടെയും പരീക്ഷണശാലയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. ലോകത്തിന്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്നും തന്റെ ഓരോ വാക്കും പ്രവൃത്തിയും അവര്‍ക്കുള്ള ഊര്‍ജ്ജത്തിന്റെ ഉറവിടമാണെന്നും വിവേകാനന്ദന് കരുതി. 40 വയസ്സുപോലും ആയുസ്സില്ലാതിരുന്ന വിവേകാനന്ദന്റെ സൂക്തങ്ങള്‍ ഇന്ന് പുതുമമാറാത്ത കഥപോലെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കയാണ്. താന്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും സത്യം ഒരിക്കലും അസത്യവുമായി കൂട്ടുചേരില്ലെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമസ്തലോകവും തനിക്കെതിരായി നിന്നാലും അവസാന വിജയം സത്യത്തിന്റേതായിരിക്കുമെന്നും വിവേകാനന്ദന് വ്യാഖ്യാനിച്ചു. യുവാക്കളുടെ കരുത്തില്‍ രാജ്യം മുന്നേറണമെന്ന വിവേകാനന്ദന്റെ ആഹ്വാനം വലിയൊരു പ്രചോദനവും പ്രേരണയുമായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിലും വിവേകാനന്ദന് പ്രകീര്‍ത്തിക്കപ്പെടുന്നു. ഭാരതീയ മതതത്വശാസ്ത്രത്തെ ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിന് അനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന് കൂടിയായിരുന്നു അദ്ദേഹം. ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്ത ദര്‍ശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദന് വിശ്വസിച്ചു. വിവേകാനന്ദന് തന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരില് നിന്ന് ലഭിച്ച പ്രധാന ഉപദേശങ്ങളില്‍ ഒന്ന് ജീവനെ സംബന്ധിച്ചുള്ളതായിരുന്നു. ഈ പ്രചോദനത്തില്‍ നിന്നാണ് ദരിദ്ര നാരായണ സേവ എന്ന കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. വിവേകാനന്ദന്റെ ശാസ്ത്ര അവബോധം അനുപമമാണ്. മറ്റുള്ള സന്യാസിവര്യന്മാരില് നിന്ന് വേറിട്ട ചിന്താപദ്ധതിയും കര്മവീഥിയുമായിരുന്നു അദ്ദേഹത്തിന്റേത്. പുതിയ കാലത്തിന്റെ വാക്കും പോക്കും പ്രവചനസിദ്ധിയോടെ വെളിപ്പെടുത്തിയ വിവേകാനന്ദന്റെ ജീവിതവും സന്ദേശവും ഇന്ത്യയുടെ സാംസ്കാരിക ഭൂമികയെ വിപുലപ്പെടുത്തുകയാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില് നമുക്ക് പകര്‍ത്താനുള്ളത്.
ഊര്‍ജ്ജം പകരുന്ന വിവേകാനന്ദ സ്മൃതികള്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
