ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം

കോയമ്പത്തൂർ: വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും തടഞ്ഞു വച്ചു. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചത്. കോയമ്പത്തൂരിനടുത്തുള്ള നവക്കരയിൽ വച്ചാണ് മൂന്ന് കാട്ടാനകൾ ട്രെയിൻ ഇടിച്ചു ചരിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. കാട്ടാനകൾ പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. അപകടത്തെത്തുടർന്ന് പാലക്കാട്-കോയമ്പത്തൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ വാളയാറിനും തമിഴ്‌നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment