ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വൈദ്യുതി ബോര്‍ഡില്‍ നിയമനം തകൃതി ; സാമ്പത്തിക ബാധ്യത കൂടിയാല്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും

എ.ആര്‍ ആനന്ദ്

തിരുവനന്തപുരം: ഹൈക്കോടതിിയെ തെറ്റിദ്ധരിപ്പിച്ച് ക്രമവിരുദ്ധമായി അസിസ്റ്റന്റ് ഇഞ്ചിനീയര്‍ നിയമനം നടത്തിയതിലൂടെ അധിക സാമ്പത്തിക ബാധ്യത വരുത്തി കെ.എസ്.ഇ.ബി.സര്‍ക്കാരിന്റെയോ കെ.എസ്.ഇ.ബി മുഴുവന്‍ ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കിയാണ് ബോര്‍ഡിന്റെ ഷോര്‍ട്ട് സര്‍ക്യൂട്ട്. ഇല്ലാത്ത സൂപ്പര്‍ ന്യൂമററി തസ്തിക വ്യാജമായി സൃഷ്ടിച്ച് അസിസ്റ്റന്റ് ഇഞ്ചിനീയര്‍(ഇലക്ട്രിക്) നിയമനം നല്‍കിയതിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോര്‍ഡിന് വരുത്തിയത് കോടികളുടെ സാമ്പത്തിക ബാധ്യത. നാല്‍പ്പതു ശതമാനം പി.എസ്.സി വഴി നേരിട്ടുള്ള നിയമനവും ബാക്കി നിലവില്‍ സര്‍വീസിലുള്ള യോഗ്യതയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയുമാണ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഇഞ്ചിനീയര്‍ നിയമന രീതി.എന്നാല്‍ ഇതിന് വിരുദ്ധമായി 2019 ഡിസംബറില്‍ കാലാവധി അവസാനിച്ച പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും 75 പേര്‍ക്ക് നിയമനം നല്‍കിയതാണ് ഇപ്പോള്‍ ബോര്‍ഡിന് ബാധ്യത ആയത്. ഇനി 87 പേര്‍ക് കൂടി സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്താനുള്ള നീക്കവുമായി ബോര്‍ഡ് മുന്നോട്ടു പോകുന്നു.ഇതില്‍ ചില ഉദ്യോഗാര്‍ത്ഥികളെ സൂപ്പര്‍ന്യൂമറിയായി തിരുകി കയറ്റാന്‍ മുന്‍ ചെയര്‍മാനടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. കോടതി നടപടികളില്‍ കുരുങ്ങി കിടക്കുന്നതിനാല്‍ സ്ഥാനക്കയറ്റം വഴി ലഭിക്കേണ്ട 249 ഒഴിവുകളില്‍ നിന്ന് 162 ഒഴിവുകള്‍ ബോര്‍ഡ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യം ഉണ്ടായത്.


റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കുന്ന വിചിത്ര നടപടിയാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇതിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയെ സമീപിച്ചു. നിലവിലുള്ള ജീവനക്കാരുടെ ക്വാട്ടയില്‍ നിന്നും നിയമനം പാടില്ലായെന്ന് ഹൈക്കോടതി വിധിച്ചു. തുടര്‍ന്നാണ് ബോര്‍ഡ് നിയമന നീക്കം നടത്തിയത്. അതിന് വേണ്ടി ബോർഡ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സത്യവാങ്മൂലം നല്‍കി .ഡിവിഷന്‍ ബെഞ്ച് വിധി ലഭിക്കുന്നതിന് മുമ്പ് ബോര്‍ഡ് കൊടുത്ത സത്യവാങ്മൂലങ്ങള്‍ വാസ്തവ വിരുദ്ധമായതുകൊണ്ടാണ് ഹൈക്കോടതി നിയമനത്തില്‍ എതിര്‍ക്കാതിരുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.ഇല്ലാത്ത ഒഴിവില്‍ നിയമനം നടത്തണമെങ്കിൽ സര്‍ക്കാര്‍ അനുവാദം വേണം. ഇതിനു മുമ്പ് ഓഫീസര്‍മാരെ നിയമിച്ചപ്പോള്‍ ഉത്തരവ് വാങ്ങിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനോപ്പം റെഗുലേറ്ററി കമ്മീഷന്റെ തീരുമാനവും പുതിയ സാഹചര്യത്തില്‍ പ്രസക്തമാണ്.
സാധാരണ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളാണ് കോടതിയെ സമീപിക്കാറ്. ഇവിടെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നു ഇഞ്ചിനീയര്‍മാരെ നിയമിക്കാനുള്ള ബോര്‍ഡിന്റെ പ്രത്യേക താല്‍പ്പര്യം എന്താണെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
മുന്‍ ചെയര്‍മാനടക്കമുള്ളവര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ബോര്‍ഡിന്റെ ഫയലുകളില്‍ വ്യക്തമാണെന്നും ഇതിന് പിന്നില്‍ വലിയ ഒരു ലോബി ഉണ്ടെന്നും അവര്‍ ആരോപിക്കുന്നു
2014 ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി നിരവധി അസിസ്റ്റന്റ് ഇഞ്ചിനീയര്‍മാരെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഇന്‍ഞ്ചിനീയര്‍മാരാക്കി പിന്‍വാതിലിലൂടെ പ്രൊമോഷന്‍ നല്‍കിയതിനാല്‍ നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സാധ്യതയും നഷ്ടപ്പെട്ടു.ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് കാലാവധി കഴിഞ്ഞതും ഒഴിവില്ലാത്തതുമായ തസ്തിക നിയമനത്തിലൂടെ 162 പേരെ നിയമനം പൂര്‍ത്തിയാകുമ്പോള്‍ ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

Related posts

Leave a Comment