വൈദ്യുതി നിരക്ക് വർധനയിൽ ആശയക്കുഴപ്പം ;മന്ത്രിയും വൈദ്യുതി ബോർഡും രണ്ടുതട്ടിൽ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന വൈദ്യുതി നിരക്ക് വർധനയിൽ സർക്കാരിൽ ആശയക്കുഴപ്പം. വൈദ്യുതി ചാർജ് വർധന സംബന്ധിച്ച് വൈദ്യുതി ബോർഡും രണ്ടുതരത്തിലാണ് വിശദീകരണം നൽകുന്നത്. വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന നിലപാടിൽ കെഎസ്ഇബി മുന്നോട്ടുപോകുമ്പോൾ, എല്ലാം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് കൈകഴുകുകയാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അതേസമയം, രാത്രി വൈദ്യുതി ഉപയോഗത്തിന് അധിക ചാര്‍ജ് വേണമെന്ന നിലപാട് തന്നെയാണ് വൈദ്യുതി മന്ത്രിയും ആവർത്തിക്കുന്നത്. വൈകിട്ട് ആറു മുതല്‍ 10 വരെ വൈദ്യുതിക്ക് കൂടുതല്‍ നിരക്ക് ഈടാക്കണമെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിരക്ക് കൂട്ടണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
‘പീക്ക് അവറിൽ വ്യത്യസ്ത നിരക്ക് വേണമെന്നത് ആലോചനയിലുണ്ട്. എത്ര വേണമെന്ന കാര്യമൊന്നും തീരുമാനിച്ചിട്ടില്ല. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്മാർട് മീറ്റർ വരുന്നതോടെ ഇത്തരക്കാർ വൈദ്യുതി നിയന്ത്രിക്കും. അങ്ങനെയാണെങ്കിൽ പീക്ക് അവറിൽ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ട ആവശ്യമില്ല.’– ഇതായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുമെന്നാണ് വൈദ്യുതി ബോർഡ് സൂചന നൽകുന്നത്. നിലവിലെ വൈദ്യുതി നിരക്കിൽ ഏറ്റവും കുറഞ്ഞത് 10 ശതമാനം വർധന ആവശ്യപ്പെടാനാണ് തീരുമാനം. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. 2019 ജൂലൈയിലും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു.

Related posts

Leave a Comment