ഫെബ്രുവരി പത്ത് മുതല്‍ മാര്‍ച്ച് എട്ടുവരെയുള്ള തിയ്യതികളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്ന്നിരിക്കയാണ്. 2024-ല്‍ ഇതേമാസങ്ങളില് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ദക്ഷിണേന്ത്യ ഉള്‍പ്പെടാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പടിഞ്ഞാറ്-കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 690 നിയമസഭാ സീറ്റുകളില്‍ 406 സീറ്റുകളും ബി ജെ പി ജയിച്ച മണ്ഡലങ്ങളാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും അവര്‍ ഭരിക്കുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമായിരുന്നു ബി ജെ പിക്ക് ഭൂരിപക്ഷമുണ്ടായിരുന്നത്. ഗോവയിലും മണിപ്പൂരിലും കുതിരക്കച്ചവടത്തിലൂടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും അവര്‍ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇക്കുറിയും അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നത് ജനപിന്തുണയിലുള്ള വിശ്വാസം കൊണ്ടല്ല, ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടത്തിലൂടെ കൃത്രിമ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള സാധ്യതയുടെ പേരിലാണ്. 80 ലോക്സഭാ സീറ്റുകളും 403 നിയമസഭാ സീറ്റുകളുമുള്ള ഉത്തര്‍പ്രദേശ് തന്നെയാണ് അവര്‍ മുഖ്യമായും നോട്ടമിടുന്നത്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനം ജയിച്ചാല്‍ ഇന്ത്യ ജയിക്കുന്നതിന് തുല്യമാണെന്ന് എല്ലാവരും കരുതുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നാടുനീളെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്യുന്ന ബി ജെ പി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടും അത് തുടരുകയാണ്. ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം നേരത്തെതന്നെ അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. ആ പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ചെലവില്‍ വന്‍തോതില്‍ റാലി നടത്തി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ബി ജെ പി. രാമക്ഷേത്ര നിര്‍മ്മാണവും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണവും വഴി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ വാരിക്കൂട്ടാമെന്നാണ് അവര്‍ കരുതുന്നത്. അതോടൊപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതും തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന കടുത്ത പ്രതിഷേധങ്ങളും രോഷങ്ങളുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങളിലൂടെ ബി ജെ പിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. യു പിയുടെ പലഭാഗങ്ങളിലും പഞ്ചാബിലും ബി ജെ പിക്ക് ഒരു പൊതുപരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാത്ത വിധം ജനരോഷം ശക്തമാണ്. പഞ്ചാബില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിഷേധം കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചുപോകേണ്ടിവന്നു. ഒരു വര്‍ഷക്കാലം ഡല്‍ഹി അതിര്‍ത്തിയില്‍ തങ്ങള്‍ സമരം ചെയ്തിട്ടും തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രിയെ തിരിച്ചയച്ച് കര്‍ഷകര്‍ പകരംവീട്ടുകയായിരുന്നു. ഭരണം പിടിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി ജെ പിയുടെ തിരിച്ചുവരവ് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യത്തിനൊരുങ്ങാത്ത സമാജ്വാദി പാര്‍ട്ടിയുടെ നിലപാട് രാഷ്ട്രീയ വഞ്ചനയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാന്യമായ രീതിയില്‍ സീറ്റ് വിഭജനം നടത്തിയെങ്കിലും ഇത്തവണ സഖ്യമില്ലെന്ന് സമാജ്വാദി പാര്‍ട്ടി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പ്രിയങ്കാഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ഇത് വോട്ടായി മാറുകയാണെങ്കില്‍ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പണ്ഡിതന്മാരുടെ പ്രവചനം തെറ്റിക്കുമെന്ന് തീര്‍ച്ച.
പഞ്ചാബിലെ സ്ഥിതിയും മറിച്ചല്ല. 117 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രാജി കോണ്‍ഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ല. അകാലിദള്‍, എന്‍ ഡി എ വിട്ടതും കര്‍ഷകസമരവും ഭരണകക്ഷിയായ കോണ്‍ഗ്രസിന് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കര്‍ഷകരെ ഭീകരവാദികളായി ആക്ഷേപിച്ചത് വലിയ മുറിവാണ് സിഖുകാരുടെ ഹൃദയത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. വലിയതോതിലുള്ള ബി ജെ പി വിരുദ്ധവികാരമാണ് പഞ്ചാബില്‍ ആഞ്ഞടിക്കുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റിയ ഉത്തരാഖണ്ഡില്‍ അതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. 2017-ലെ തെരഞ്ഞെടുപ്പില്‍ മാന്‍ഡേറ്റില്ലാത്ത ഗോവയിലും മണിപ്പൂരിലും ഇത്തവണയും ബി ജെ പിക്ക് ഭൂരിപക്ഷം ലഭിക്കുക അസാധ്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാരും മുന്‍ എം എല്‍ എമാരുമടക്കം നിരവധിപേരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 690 മണ്ഡലങ്ങളില്‍ 102 ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതായത് അഞ്ചിലൊരു ഭാഗം. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പിടിച്ചുകെട്ടിയാല്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരും.
കര്‍ഷക ക്ഷോഭം പ്രകടമാകുന്ന തെരഞ്ഞെടുപ്പ് ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
