Kerala
തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന്റെ കഠിനാധ്വാനത്തിന്റെ ഫലം; കെപിസിസി എക്സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഉജ്ജ്വല മുന്നേറ്റം കാഴ്ച വെയ്ക്കാനായതിന് പിന്നിൽ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കഠിനാധ്വാനമാണ് കെപിസിസി പ്രമേയം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഇന്നലെ ഇന്ദിരാഭവനിൽ ചേർന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ വൈസ് പ്രസിഡന്റ് വിടി ബല്‍റാമാണ് പ്രമേയം അവതരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി അഡ്വ കെ ജയന്ത് പിന്താങ്ങി.
പ്രമേയത്തിന്റെ പൂര്‍ണരൂപം: രാജ്യത്ത് നടന്ന 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉജ്ജ്വല മുന്നേറ്റം കാഴ്ചവച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേട്ടത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും അഭിമാനിക്കുന്നു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കഠിനാധ്വാനമാണ് ഇത്തരമൊരു വിധിയെഴുത്തിലേക്ക് രാജ്യത്തെ നയിച്ചത്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാച്ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.
ഒരു ജനാധിപത്യം എന്നതില്‍ നിന്ന് കേവലം ഇലക്ഷന്‍ നടക്കുന്ന ഏകാധിപത്യം എന്ന അവസ്ഥയിലേക്കാണ് നരേന്ദ്രമോദിയും സംഘപരിവാറും പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ അധ:പതിപ്പിച്ചത്. എല്ലാത്തരം ജനാധിപത്യ സ്ഥാപനങ്ങളേയും കേന്ദ്ര ഏജന്‍സികളേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി വേട്ടയാടിയത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ടും കുതിരക്കച്ചവടം കൊണ്ടും നിരന്തരം അട്ടിമറിക്കുന്നത് മോദി ഭരണകാലത്ത് സ്വാഭാവികതയായി മാറി. ‘ഗോദി മീഡിയ’യായി മാറിയ മുഖ്യധാരാ മാധ്യമങ്ങളും വിദ്വേഷ പ്രചരണത്തിന്റെ കൂത്തരങ്ങായി മാറിയ സാമൂഹ്യ മാധ്യമങ്ങളും സംഘ് പരിവാറിനനുകൂലമായി രാജ്യത്ത് കളമൊരുക്കാന്‍ വേണ്ടി വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു.
മോദി സര്‍ക്കാരിന്റെ കുത്തക പ്രീണന നയങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി വിമര്‍ശിച്ചതിന്റെ പകപോക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കാന്‍ തരംതാണ ഇടപെടലുകള്‍ നടന്നു. കെട്ടിപ്പൊക്കിയ ആരോപണങ്ങളുടെ പേരില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ തുറുങ്കിലടക്കപ്പെട്ടു. ജുഡിഷ്യറിയുടേയും ഇലക്ഷന്‍ കമ്മീഷന്റെയും വിശ്വാസ്യത പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ടായി. ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളെ പൂര്‍ണ്ണമായി നിര്‍വ്വീര്യമാക്കുന്നതിനായിപ്പോലും തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ ദുരുപയോഗിക്കപ്പെട്ടു.
ഇത്തരം എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ഇന്നുകാണുന്ന വലിയ മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കിയത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ കൃത്യമായ സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നവോന്മേഷം നല്‍കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000ഓളം കിലോമീറ്റര്‍ കാല്‍നടയായി നടത്തിയ ‘ഭാരത് ജോഡോ യാത്ര’ ലോകത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ വിസ്മയമായി മാറി. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഒഴുകിയെത്തി അലിഞ്ഞുചേര്‍ന്ന ഈ സ്നേഹപ്രവാഹം വിദ്വേഷത്തിന്റെ കമ്പോളത്തില്‍ മനുഷ്യമനസ്സുകളെ സ്നേഹത്തിന്റെ വില്‍പ്പനശാലകളാക്കി പരിവര്‍ത്തിപ്പിച്ചു. വര്‍ഗീയ കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരിന്റെ മണ്ണില്‍ നിന്നാരംഭിച്ച് ഉത്തരന്ത്യേയെ ഇളക്കിമറിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യും രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മോദി ഭരണത്തിന്റെ ജനവിരുദ്ധതക്കെതിരായി കോണ്‍ഗ്രസിനൊപ്പം അണിനിരത്താന്‍ ഉപകരിച്ചു. ഈ രണ്ട് യാത്രകളുടെയും പ്രധാന സംഘാടകത്വം നിര്‍വ്വഹിച്ചത് മലയാളികളുടെ പ്രിയങ്കരനായ എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണെന്നത് ഏറെ അഭിമാനകരമാണ്.
രാജ്യത്തെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന കോണ്‍ഗ്രസിന്റെ കൃത്യമായ നിലപാടാണ് ‘ഇന്ത്യ’ മുന്നണിയെ യാഥാര്‍ത്ഥ്യമാക്കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വമംഗീകരിക്കാനും ഒരുമിച്ചുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ മനസ്സോടെ കൂടെ നില്‍ക്കാനും വിവേകം കാണിച്ച മുന്നണിയിലെ ഘടകകക്ഷികളെ കെപിസിസി അഭിവാദ്യം ചെയ്യുന്നു. ദേശീയ തലത്തില്‍ മുന്നണിയുടെ ഭാഗമാണെന്ന് പറയുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കിയവര്‍ക്ക് ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണുതുറക്കേണ്ടതായി വരും എന്ന് നാം പ്രത്യാശിക്കുകയാണ്.
ബിജെപി സൃഷ്ടിക്കാനാഗ്രഹിച്ച കപട നറേറ്റീവുകളേയും വിദ്വേഷ പ്രചരണത്തേയും കൃത്യമായ ബദല്‍ പ്രചരണങ്ങളിലൂടെ മറികടക്കാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്തും ഇല്ലാത്തവണ്ണം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ നമുക്ക് കഴിഞ്ഞു. ‘ന്യായ് പത്രിക’യിലെ വാഗ്ദാനങ്ങള്‍ നീതിപൂര്‍വ്വകമായ പുതിയൊരു ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക അസമത്വം, സ്ത്രീ സുരക്ഷ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. ഭരണഘടനയിലെ നീതി സങ്കല്‍പ്പങ്ങളെ പ്രവര്‍ത്തി പഥത്തിലെത്തിക്കാനുള്ള തുടര്‍ നടപടികളും നയപരമായ ഇടപെടലുകളും ഇനിയും കോണ്‍ഗ്രസില്‍ നിന്നുണ്ടാവും എന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.
20ല്‍ 18 സീറ്റിലും യുഡിഎഫിനെ വിജയിപ്പിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരേയും കെപിസിസി അഭിവാദ്യം ചെയ്യുന്നു. തുടര്‍ച്ചയായ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇങ്ങനെ വലിയ വിജയമുണ്ടാവുന്നത് യുഡിഎഫിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. വിജയിച്ച 18 സീറ്റുകളില്‍ 10 സീറ്റിലും ഒരു ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തൊട്ട് ഫലപ്രഖ്യാപനം വരെ യാതൊരു അസ്വാരസ്യവുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും കഴിഞ്ഞു എന്നത് ഈ വിജയത്തിന് പുറകിലെ പ്രധാന കാരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പോടു കൂടി യുഡിഎഫ് കൂടുതല്‍ ശക്തിപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ യുഡിഎഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റേയും വലിയ വിജയത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണക്ക് കെപിസിസി നന്ദിപൂര്‍വ്വം അഭിവാദനങ്ങള്‍ നേരുകയാണ്. നേതൃപരവും സംഘടനാപരവുമായ വലിയ പിന്തുണയാണ് എഐസിസി കേരളത്തിന് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, പി. ചിദംബരം, സച്ചിന്‍ പൈലറ്റ്, ദീപ ദാസ് മുന്‍ഷി, മുകുള്‍ വാസ്നിക്, കനയ്യ കുമാര്‍, അല്‍ക്ക ലാംബ തുടങ്ങി നിരവധി ദേശീയ നേതാക്കളെ പ്രചരണത്തിനായി കേരളത്തിലെത്തിക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ എക്‌സിറ്റ്പോള്‍ ഫലങ്ങളെന്ന തരത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ ജനാധിപത്യവിശ്വാസികളുടെ മനോവീര്യം തന്നെ കെടുത്തുന്നതായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളിക്കളഞ്ഞ എഐസിസി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. എഐസിസിയുടെ കണക്ക് കൂട്ടലുകള്‍ ശരിവെയ്ക്കുന്നതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് നല്‍കിയ പരിശീലനവും എഐസിസി വാര്‍റൂമിന്റെ മേല്‍നോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. സംസ്ഥാന ഘടകങ്ങള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും സമയോചിതമായ ഇടപെടലുകള്‍ നടത്തിയും എഐസിസി നേതൃത്വം സംഘടനയെ തെരഞ്ഞെടുപ്പിലേക്ക് പൂര്‍ണ സജ്ജമാക്കി. ബിജെപിയുടെ കുപ്രചാരണങ്ങളെ സമയാസമയം പ്രതിരോധിക്കാനും ശരിയായ ജനകീയ വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാനും എഐസിസിയുടെ സോഷ്യല്‍ മീഡിയ വാര്‍റൂം നടത്തിയ ഇടപെടലുകള്‍ വലിയ വിജയം കണ്ടു. സ്വയം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴും ഇക്കാര്യങ്ങളിലെല്ലാം സമയോചിതമായ ഇടപെടലുകള്‍ നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോട് കെപിസിസിയുടെ നന്ദി അറിയിക്കുന്നു. കേരളത്തിന്റെ സംഘടനാ ചുമതല നിര്‍വഹിക്കുന്ന എഐസിസി ഭാരവാഹികളായ ദീപാ ദാസ് മുന്‍ഷി, വിശ്വനാഥ പെരുമാള്‍, പിവി മോഹന്‍ എന്നിവര്‍ക്കും കെപിസിസിയുടെ നിസീമമായ നന്ദി രേഖപ്പെടുത്തുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്റെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ കൂടി നേട്ടമാണ് പാര്‍ട്ടിക്കും മുന്നണിക്കും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ വിജയം. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും പ്രവര്‍ത്തകരും മുന്നണിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരേ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു സാധിച്ചു. യുവജന വിദ്യാര്‍ത്ഥി മഹിളാ സംഘടനകളും തൊഴിലാളി സംഘടനകളുമടക്കം കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗം പോഷക സംഘടനകളും സര്‍ക്കാരിനെതിരേ നടത്തിയ ത്യാഗപൂര്‍ണമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളുമാണ് ഈ ജനവികാരത്തെ സാധ്യമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ തലമുറയും ഈ പോരാട്ടത്തിനൊപ്പം നിന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരേ ഇനിയും ഇന്നാട്ടിലെ സാധാരണക്കാരെ അണിനിരത്തുക എന്നതാണ് ഈ ജനവിധിയിലൂടെ കോണ്‍ഗ്രസില്‍ അര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്തം എന്ന് കെപിസിസി തിരിച്ചറിയുന്നു. തൃശൂരിലും ആലത്തൂരിലും ഉണ്ടായ അപ്രതീക്ഷിത പരാജയങ്ങളെക്കുറിച്ച് സത്യസന്ധമായ പരിശോധനയും തിരുത്തലുകളും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേരളത്തിനു ഞങ്ങള്‍ ഉറപ്പുനല്കുന്നു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎമ്മും എല്‍ഡിഎഫും നടത്തിവരുന്ന ഹീനമായ വര്‍ഗീയ പ്രചാരണങ്ങള്‍ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. വടകരയില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചും പച്ചനുണകള്‍ പടച്ചുവിട്ടും സിപിഎം നടത്തിയ കുപ്രചരണങ്ങള്‍ എല്ലാ സീമകളെയും ലംഘിക്കുന്നതും കേരളത്തിന്റെ മൊത്തത്തിലുള്ള സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമാണ്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഈ തെരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം ഉള്‍ക്കൊള്ളാതെ ഇന്ത്യാമുന്നണി നേതാവുകൂടിയായ രാഹുല്‍ ഗാന്ധിക്കെതിരേ സംഘപരിവാര്‍ ഭാഷയില്‍ നടത്തിയ അധിക്ഷേപങ്ങള്‍ ക്കെതിരായ കേരളത്തിലെ ജനങ്ങളുടെ ചുട്ടമറുപടി കൂടിയാണ് യുഡിഎഫിന്റെ വന്‍വിജയം.
ഈ തെരഞ്ഞെടുപ്പിലെ വിജയം ഞങ്ങളെ കൂടുതല്‍ വിനയാന്വിതരും ഉത്തരവാദിത്തബോധമുള്ളവരുമാക്കുന്നു. ബിജെപിയും സിപിഎമ്മും വോട്ടുബാങ്കുകള്‍ ലക്ഷ്യംവച്ച് നടത്തിവരുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ കേരളത്തിന്റെ മതനിരപേക്ഷ മനഃസാക്ഷിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ബദല്‍ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുപോകും. പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ യുഡിഎഫിന് കൂടുതല്‍ കരുത്തുപകരുകയാണ്. വയനാട്ടിലും പാലക്കാടും ചേലക്കരയിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി നിലയുറപ്പിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരും മതനിരപേക്ഷവാദികളുമായ ജനങ്ങളോട് കോണ്‍ഗ്രസ് പ്രസ്ഥാനം വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.
Kerala
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍, സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ കേസ്

തൃശ്ശൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.തൃശൂർ കയ്പമംഗലം സിപിഎം ലോക്കല്‍ സെക്രട്ടറി ബി.എസ്. ശക്തിധരന് എതിരെയാണ് കയ്പമംഗലം പോലീസ് കേസെടുത്തത്.
നാല് വർഷം മുമ്പ് വിദ്യാത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
Kerala
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും മന്ത്രി പരിഗണിച്ചില്ലെന്നും പേരിനുവേണ്ടി മാത്രമാണ് ചർച്ച നടത്തിയതെന്നും സമരക്കാർ പറഞ്ഞു. എന്റെ ആശമാരെ വെയിലത്തുനിർത്തുന്നതില്‍ വിഷമമുണ്ടെന്നും സമരം നിർത്തി പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടതായും ഉപദേശം മാത്രമാണ് നല്‍കിയതെന്നും മന്ത്രിയുമായി ചർച്ചയില്‍ പങ്കെടുത്ത സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ ഒരുഫോർമുല എങ്കിലും മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന തരത്തിലാണ് മരന്തി പ്രതികരിച്ചതെന്നും ഇവർ പറഞ്ഞു.
അതേസമയം ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്‌എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശ വര്‍ക്കര്‍ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
മറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് എന്‍എച്ച്‌എം പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. അതിന് ആശമാര്‍ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. അനിശ്ചിതകാല നിരാഹാര സമരം തുടരും എന്നും മിനി വ്യക്തമാക്കി.ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്‌എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.
Kerala
കൊല്ലം താന്നിയിലെ കൂട്ട ആത്മഹത്യ; സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസര്‍ സ്ഥിരീകരിച്ചത് ആത്മഹത്യയ്ക്ക് കാരണമായതായി പൊലീസ്

കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി.താന്നി ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയല്‍വാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരണ്‍ നാരായണൻ ഉള്‍പ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login