തിരഞ്ഞെടുപ്പ് കോഴക്കേസ് : ഫോൺ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റേതെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കുരുക്ക്മുറുകുന്നു . ഫോൺ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റെ തന്നെയെന്നു ഫൊറൻസിക് റിപ്പോർട്ട്. റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ് ലഭിക്കാനുള്ളത്.കെ.സുരേന്ദ്രന്‍, ജെആര്‍പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷിയായ പ്രസീത അഴീക്കോട്, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ, സി.കെ.ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.

Related posts

Leave a Comment