എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ‍ ; ഒമ്പത്, പ്ലസ് വൺ 15ന് തന്നെ

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച തീരുമാനം മാറ്റിയതിനെ തുടർന്ന് സ്കൂളുകളിൽ എട്ടാം ക്ലാസുകാരുടെ റെഗുലർ പഠനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.  നവംബർ 15ന് എട്ട്, ഒമ്പത് ക്ലാസുകൾ തുടങ്ങാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അതേസമയം, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15-ന് മാത്രമേ ആരംഭിക്കൂ. വിദ്യാര്‍ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍ തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയത്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് തിങ്കളാഴ്ച മുതൽ തന്നെ എട്ടാം ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന്പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. അധ്യായനം ആരംഭിച്ചശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാര്‍ശ നല്‍കിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 19 മാസം അടച്ചിട്ട സ്കൂളുകൾ നവംബർ ഒന്നിനാണ് വീണ്ടും തുറന്നത്. അന്നുമുതൽ എട്ട്, ഒമ്പത്, പതിനൊന്ന് ഒഴികെ ബാക്കിയെല്ലാ ക്ലാസുകളിലേക്കും റെഗുലർ പഠനം ആരംഭിച്ചിരുന്നു. ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോൾ സ്കൂളുകളിലെ ക്ലാസുകൾ. രണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകൾ നടത്തുന്നത് . ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോ ബബിളായി കണക്കാക്കിയാണ് പഠനം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നില്ല.

x

Related posts

Leave a Comment