സ്വാതന്ത്ര്യം അടിയറവച്ച എട്ട് ബിജെപി ഭരണവര്‍ഷങ്ങള്‍

ഗോപിനാഥ് മഠത്തിൽ

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ അതിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ 1837-ല്‍ ബ്രിട്ടീഷ് സ്വാതന്ത്ര്യസമരസേനാനികള്‍ക്കെതിരെ നടപ്പിലാക്കിയ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ജനാധിപത്യഭരണത്തില്‍ ബിജെപി ഭരണകൂടം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും സാമൂഹികപരിഷ്‌ക്കാരവാദികള്‍ക്കെതിരെയും പ്രയോഗിക്കുന്നത് കടുത്തവിമര്‍ശനം സൃഷ്ടിച്ചിരിക്കുന്നു. അതിനര്‍ത്ഥം സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം ഇനിയും അകലെയാണെന്നാണ്. വെള്ളക്കാരില്‍ നിന്നും ഭാരതത്തിലെ കറുത്തവര്‍ഗ്ഗക്കാരിലേക്ക് അധികാരം പരിവര്‍ത്തനം ചെയ്തപ്പോഴും രാജ്യദ്രോഹനിയമം അതേപോലെ നിലനില്ക്കുന്നുവെന്നത് കൗതുകകരമായ ദുരന്ത യാദൃച്ഛികതയാണ്. 1837-ല്‍ ആദ്യ ലാ കമ്മീഷന്‍ ചെയര്‍മാന്‍ തോമസ് ബാബിംടണ്‍ മെക്കാളെയാണ് ഇങ്ങനെയൊരു നിയമം ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1860 ല്‍ ഇന്ത്യന്‍ പീനല്‍കോഡ് അതില്‍ അവസാനതീരുമാനം കൈക്കൊണ്ടുവെങ്കിലും 1870 വരെ അതില്‍ രാജ്യദ്രോഹപരമായ കുറ്റം ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യമായി 1891-ലാണ് ‘ബാഗോബസി’ എന്ന ബംഗാളി ദിനപത്രത്തിന്റെ ഉടമയായ ജോഗേന്ദ്രചുണ്ടര്‍ ബോസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരുകേസ് ട്രയല്‍ ഉണ്ടാക്കുന്നത്. 1987-ല്‍ ഇതേ നിയമപ്രകാരം ബ്രിട്ടീഷ് ഭരണസംവിധാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മറാഠിപത്രമായ ‘കേസരി’ക്കെതിരെ കേസെടുത്തു. അതിന്റെ പേരില്‍ അന്ന് അറസ്റ്റിലായത് സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രധാനിയായ ബാലഗംഗാധര തിലകനായിരുന്നു. പിന്നീട് ഇതേനിയമം ഉപയോഗിച്ച് 1922-ല്‍ മോഹന്‍ദാസ് കരംഛന്ദ് ഗാന്ധി (മഹാത്മാഗാന്ധി)യെയും അറസ്റ്റ് ചെയ്തു. ഇവിടെ ഓര്‍ക്കേണ്ടത് ഈ രാജ്യദ്രോഹക്കുറ്റത്തില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക പരിഷ്‌കാരവാദികള്‍ക്കും നേരെയാണെന്നതാണ്.
ബ്രിട്ടീഷുകാര്‍ നടത്തിവന്ന അതേ അടിച്ചമര്‍ത്തല്‍ നയത്തെ തുടര്‍ന്നാണ് 2014-ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റ നാള്‍മുതല്‍ ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ ആദ്യമായി ഈ നിയമം പ്രയോഗിച്ചത് പത്രപ്രവര്‍ത്തകനായ ജോഗേന്ദ്ര ബോസിനെതിരെയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ മോഡി ഭരണത്തില്‍ ആ അടിച്ചമര്‍ത്തല്‍ ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്നത് കിഷോര്‍ചന്ദ്ര വാംഗ് ഖെംചായെപ്പോലുള്ള പത്രപ്രവര്‍ത്തകനാണ്. വാംഗ്‌ഖെംചാ ചെയ്ത കുറ്റം ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോയിലൂടെ മണിപ്പൂരിലെ എന്‍.ബിരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസ്സിനെയും വിമര്‍ശിച്ചു എന്നതാണ്. മണിപ്പൂര്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശന വീഡിയോ പ്രചാരത്തിലായി നാളുകള്‍ കഴിഞ്ഞപ്പോള്‍ 2018 നവംബറില്‍ മണിപ്പൂര്‍ പോലീസ് വാംഗ്‌ഖെംചായുടെ കതകില്‍ മുട്ടി. അവര്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.ഐ.എ) 1980 പ്രകാരം രാജ്യദ്രോഹം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റം ചുമത്തി 145 ദിവസം അയാളെ ജയിലില്‍ പാര്‍പ്പിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വാംഗ്‌ഖെംചായുടെ ദുരിതം അതുകൊണ്ടും അവസാനിച്ചില്ല. രാജ്യദ്രോഹി, ദേശീയവിരുദ്ധന്‍ തുടങ്ങിയ അടയാളവാക്യങ്ങളുമായി അയാള്‍ തെരുവില്‍ തൊഴില്‍തേടി അലഞ്ഞു. അതുവരെ ആങ്കറായും ഡെസ്‌ക് എഡിറ്ററായും ജോലി ചെയ്തിരുന്ന തദ്ദേശീയ വാര്‍ത്താ ചാനലില്‍ നിന്നും അതിനകം അയാള്‍ പിരിച്ചുവിടപ്പെട്ടിരുന്നു. ഇതിനിടെ മറ്റൊരു കേസിലും മണിപ്പൂര്‍ പോലീസ് വാംഗ്‌ഖെംചായെ അന്വേഷിച്ചുവന്നു. ഒരു ആദിവാസി യുവതിയെ വിവാഹം ചെയ്ത് കെണിയില്‍പ്പെടുത്തിയശേഷം കടന്നുകളഞ്ഞ ആദിവാസിയല്ലാത്ത ഒരു പ്രമുഖ ബിജെപി പ്രവര്‍ത്തകനെതിരെ പ്രതിഷേധസമര മുന്നേറ്റം നടത്തിയതായിരുന്നു ഇത്തവണ വാംഗ്‌ഖെംചാ നടത്തിയ രാജ്യദ്രോഹക്കുറ്റം. അതിന് രണ്ടുമാസത്തോളം വീണ്ടും ജയിലില്‍ കിടന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ വാംഗ്‌ഖെംചായെ വേട്ടയാടുന്നത് ജയില്‍ജീവിതകാലത്തെക്കാള്‍ ഭിന്നമായ ബോധപൂര്‍വ്വമായ സാമൂഹികമായ ഒഴിവാക്കലാണ്. ഏതെങ്കിലും മാധ്യമങ്ങള്‍ അയാള്‍ക്ക് ജോലി ഉറപ്പാക്കുകയാണെങ്കില്‍ ആ സ്ഥാപനത്തിനുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയും പരസ്യമുള്‍പ്പെടെ വിലക്കുകയും ചെയ്യുന്ന പ്രക്രിയയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നയം. തങ്ങളുടെ ശത്രുവിന് വരുമാനമില്ലാതാക്കി മെല്ലെ മരണത്തിലേക്ക് ബോധപൂര്‍വ്വം തള്ളിവിടുന്ന നയമാണത്.
ഇതേ നിഷേധാനുഭവത്തിന്റെ തുടര്‍ച്ചയാണ് അസിംത്രിവേദി എന്ന കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതിയെ മുന്‍നിര്‍ത്തി പാര്‍ലമെന്റിനെ ദേശീയ ശൗചാലയമായും ദേശീയ അടയാളമായ സിംഹങ്ങളെ ചെന്നായ്ക്കളായും ചിത്രീകരിച്ചതിന് ത്രിവേദി നല്‍കേണ്ടി വന്നത് ജീവിതത്തിന്റെ വിലപ്പെട്ട ദിനങ്ങളായിരുന്നു. യഥാര്‍ത്ഥത്തില്‍ മോഡിയുടെ ക്രൂരസിംഹങ്ങള്‍ അദ്ദേഹത്തെ കടിച്ചുകുടയുകയായിരുന്നു. പ്രസ്തുത സംഭവത്തിനുശേഷം താന്‍ വരയ്ക്കുന്നതെല്ലാം രാജ്യദ്രോഹചിത്രീകരണമായാണ് അധികാരികള്‍ കരുതുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിലാപം. അതിനാല്‍ ഒരുപത്രങ്ങളും തന്റെ കാര്‍ട്ടൂണുകള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും എഡിറ്റര്‍മാര്‍ തന്നോടു സംസാരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നും ത്രിവേദി പറയുന്നു.
കൊളോണിയല്‍ നിയമത്തിന്റെ ജനാധിപത്യവിരുദ്ധ പ്രായോഗികത പത്രപ്രവര്‍ത്തകരിലും കാര്‍ട്ടൂണിസ്റ്റുകളിലും സാമൂഹിക പരിഷ്‌ക്കരണവാദികളിലും പ്രതിപക്ഷ രാഷ്ട്രീയനേതാക്കളിലും ഒരേപോലെ പരീക്ഷിക്കപ്പെടുന്ന സമയമാണിത്. ജനാധിപത്യഭരണം എന്ന ഔദാര്യത്തില്‍ അധികാരമേല്‍ക്കുന്ന പ്രധാനരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഞ്ചാണ്ടുകാലം ഏതു സ്വേച്ഛാധിപത്യപരമായ നീക്കങ്ങളും നടത്താനുള്ള കുത്തകാവകാശം ലഭിക്കുന്നതുപോലെയാണ് പ്രവര്‍ത്തനങ്ങള്‍. അത്തരം ഏകാധിപത്യ ഭരണത്തിനെതിരെ വിരല്‍ചൂണ്ടുന്നവരെയെല്ലാം രാജ്യദ്രോഹനിയമമെന്ന നിശബ്ദമായ മാരക ഉപകരണം കൊണ്ട് നിഷ്‌ക്രിയരാക്കാനുള്ള തന്ത്രം ബിജെപി ഭരണകൂടത്തിന് നന്നായി അറിയാം. ഇത്തരത്തില്‍ അറസ്റ്റിനും നിയമഭീഷണിക്കും വിധേയരായ ആള്‍ക്കാരുടെ ഒരു വന്‍നിര തന്നെ നമുക്കു മുന്നിലുണ്ട്. മുന്‍ യൂണിയന്‍ മിനിസ്റ്ററും കോണ്‍ഗ്രസ്സ് നേതാവുമായ ശശിതരൂര്‍, കര്‍ഷകസമരകാലത്ത് അവര്‍ക്ക് അനുകൂലമായ ട്വീറ്റുകളും റിപ്പോര്‍ട്ടുകളും നല്‍കിയ പത്രപ്രവര്‍ത്തകര്‍ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ ജോസ്, പുരോഗമനവാദി ദിഷാരവി, രാഷ്ട്രീയപ്രവര്‍ത്തക ദമ്പതികള്‍ നവനീത് കൗര്‍ റാണ, രവി റാണ, കനയ്യകുമാര്‍, ഉമര്‍ഖാലിദ്, എഴുത്തുകാരി അരുന്ധതിറോയ്, മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്കരുകില്‍ ഹനുമാന്‍ചാലിസ ചൊല്ലിയവര്‍, മാധ്യമപ്രവര്‍ത്തകരായ വിനോദ് ദുവാ, സിദ്ദിഖ് കാപ്പന്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടും. 2020 ഒക്‌ടോബറില്‍ അറസ്റ്റിലായ കാപ്പന്‍ ഇപ്പോഴും തടവറയില്‍ തുടരുന്നുവെന്നും ഓര്‍ക്കണം. ഇതേ അറസ്റ്റ് തുടര്‍ച്ചയുടെയും വേട്ടയാടലിന്റെയും അവസാനത്തെ കണ്ണികളാണ് ഗുജറാത്തിലെ സാമൂഹിക പ്രവര്‍ത്തക തീസ്ത സെദല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍.ബി.ശ്രീകുമാറും. ഗുജറാത്ത് കലാപകാലത്ത് അതിന് കാരണക്കാരായ ഭരണനേതൃത്വത്തെ അറസ്റ്റു ചെയ്യണമെന്ന് ഇവര്‍ നല്‍കിയ ഹര്‍ജി സര്‍ക്കാരിനെതിരായ പ്രവര്‍ത്തനമായി വ്യാഖ്യാനിച്ച് വാദിയെ പ്രതിയാക്കി മാറ്റിയ അപൂര്‍വ്വമായ കേസെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഇങ്ങനെ രാജ്യത്തുടനീളം മോഡി സര്‍ക്കാര്‍ നടത്തിയ രാജ്യദ്രോഹ-അടിച്ചമര്‍ത്തല്‍ നിയമങ്ങളുടെ പിടിയില്‍ രക്ഷപെടാനാവാത്തവിധം പിടഞ്ഞ സാധാരണക്കാരുടെ കണക്കുകള്‍ വ്യക്തവും വസ്തുതാപരവുമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ലുഭ്യാതിരംഗരാജന്റെ നേതൃത്വത്തിലുള്ള ബംഗളൂരു ആസ്ഥാനമായ ‘ആര്‍ട്ടിക്കിള്‍-14’ എന്ന ന്യൂസ് വെബ്‌സൈറ്റ് അവര്‍ 2010 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തെ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദശകം എന്നാണ് ഈ വെബ്‌സൈറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ രാജ്യദ്രോഹത്തിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 11,000 പേര്‍ 2014-ല്‍ നരേന്ദ്രമോഡി ഇന്ത്യയില്‍ അധികാരത്തിലെത്തിയശേഷമാണ് ഈ കണക്കില്‍ 28 ശതമാനം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരുടെ നയവൈകല്യങ്ങളെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റപരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഇക്കാലഘട്ടത്തിലാണ്. മോഡി സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യദ്രോഹക്കേസില്‍ 98 ശതമാനം നിസ്സാരകാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മോഡി ഭരണത്തില്‍ 405 ആള്‍ക്കാര്‍ക്കെതിരെ രാജ്യദ്രോഹനിയമപ്രകാരം കേസ് എടുത്തിട്ടുള്ളതില്‍ 140 എണ്ണവും വെറും വിലകുറഞ്ഞ അഭിപ്രായവും വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. 144 എണ്ണം യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയുള്ള അഭിപ്രായപ്രകടനങ്ങളുമാണ്. എല്ലാ എതിര്‍ശബ്ദങ്ങളെയും രാജ്യദ്രോഹത്തിന്റെ പരിധിയില്‍പ്പെടുത്തി നിശബ്ദമാക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നരേന്ദ്രമോഡി നടത്തിവരുന്നത്. മോഡി സര്‍ക്കാര്‍ ചാര്‍ത്തിയ രാജ്യദ്രോഹക്കേസില്‍ 126 എണ്ണം ട്രയല്‍ കഴിഞ്ഞതാണെന്നും അതില്‍ 98 എണ്ണം സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ദേശദ്രോഹ ആരോപണങ്ങളെ നിഷേധിക്കുന്നതുമാണെന്ന് ‘ആര്‍ട്ടിക്കിള്‍ 14’ പറയുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ അവസാനമില്ലാതെ അനിശ്ചിതത്വത്തില്‍ തീര്‍പ്പാക്കാതെ തുടരുന്നത് പലപ്പോഴും പരാതിക്കാരില്‍ നിരാശയും അപകര്‍ഷതയും സൃഷ്ടിക്കുന്നു. കേസ് തെളിയുന്നതുവരെ അവര്‍ രാജ്യദ്രോഹികളായി സമൂഹത്തില്‍ തുടരേണ്ടിവരുന്നതാണ് കാരണം.
ഇങ്ങനെയുള്ളവര്‍ക്ക് സാന്ത്വനമായി, തുണയായി നിലകൊള്ളുന്ന സുപ്രീംകോടതി അഭിഭാഷകയാണ് വൃന്ദാഗ്രോവര്‍. മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശസംരക്ഷകയായും അറിയപ്പെടുന്ന വൃന്ദ 2013-ലെ മുസാഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുവാന്‍ അക്ഷീണമായി ശ്രമിച്ചിരുന്നു. ഇപ്പോള്‍ അവര്‍ നിസ്സാരകാര്യത്തിന്റെ പേരില്‍ രാജ്യദ്രോഹം ആരോപിക്കപ്പെട്ട പത്രപ്രവര്‍ത്തകരായ പട്രീഷ്യാമുഖിം, അനുരാധാഭാസില്‍ എന്നിവര്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ കാലഹരണപ്പെട്ട ഈ രാജ്യദ്രോഹനിയമം ചവറ്റുകൊട്ടയില്‍ തള്ളേണ്ട കാലം കഴിഞ്ഞുവെന്നാണ്. സാധാരണക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ഏതുതരത്തിലുള്ള സമരവും എത്രകാലം വരെയും തുടരാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. മുഖിമും ഭാസിലും ഷില്ലോംഗിലും കാശ്മീരിലുമുള്ള പത്രപ്രവര്‍ത്തകരാണ്. അവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ഭരണകൂടം. അത് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് ഹാനികരമായ പ്രവൃത്തിയാണ്. മനുഷ്യാവകാശത്തില്‍പ്പെടുന്ന പരമോന്നതവും ജനാധിപത്യത്തിലെ മൂല്യവത്തായതുമായ അവകാശങ്ങള്‍ സുപ്രീംകോടതി പത്രസ്വാതന്ത്ര്യത്തെ ജനാധിപത്യത്തിലെ സമഗ്രമായ വിഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം, ഒരുപത്രം വിമര്‍ശിക്കുന്നത് ഭാരതത്തിലെ തിന്മകള്‍ക്കെതിരെയാണ്; സംസാരിക്കുന്നത് ജനങ്ങളുടെ സംശയം ദൂരീകരിക്കാനും വേണ്ടിയാണ്. അവിടെ ഭരണകര്‍ത്താവ് മതിയായ ഉത്തരം നല്‍കാതെ നിശബ്ദനാകുന്നതും ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കാനും ശ്രമിക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്ന കാര്യമല്ല. പത്രപ്രവര്‍ത്തകരെ മൗനികളാക്കി മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും സ്വരഭിന്നതയുണ്ടാക്കി ഭിന്നിപ്പിക്കുവാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. അത് സമൂഹത്തിലുള്ള വ്യക്തികളുടെ സംഘശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അടുത്തകാലത്ത് ഇത്തരം നിയമം വ്യക്തികള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ സുപ്രീംകോടതി ഭരണകൂടത്തെ മൃദുവായ രീതിയില്‍ താക്കീതുനല്‍കിയിരുന്നു. അത് മുമ്പൊരിക്കല്‍ ഉണ്ടായിട്ടില്ലാത്ത മൂല്യവത്തായ ഓര്‍മ്മപ്പെടുത്തലായിരുന്നു. നിയമഗ്രന്ഥത്തില്‍ ആലേഖനം ചെയ്യപ്പെടേണ്ട ശ്രദ്ധേയമായ കാര്യം ജനഹിതമല്ലാത്ത പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശകമായിരുന്നു അതിന്റെ ലക്ഷ്യം. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി സാധാരണക്കാര്‍ക്കുമേല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി അറസ്റ്റു ചെയ്യുന്ന ആധുനിക ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദിശാസൂചകമായി വേണം അതിനെ കാണാന്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, യു.എ.പി.എ, എന്‍.എസ്.എ, ഐ.പി.സിസിയിലെ സെക്ഷന്‍ 153-എ പ്രകാരം സംസാരിക്കുന്നതിനുള്ള അവകാശങ്ങളെ, പ്രകടിപ്പിക്കുന്ന വികാരങ്ങളെ, അടിച്ചമര്‍ത്തുകയോ നിഷേധിക്കുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. 153-എ ആരെങ്കിലും പ്രത്യേകമായ ഒരു ജനവിഭാഗത്തെ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന ഭാഷയെ അടിസ്ഥാനപ്പെടുത്തിയെടുക്കാവുന്ന കേസാണെങ്കിലും പലപ്പോഴും അത് ജാതീയ വിദ്വേഷ കലാപങ്ങള്‍ക്കും തന്മൂലമുള്ള പോലീസ് അതിക്രമങ്ങള്‍ക്കുമാണ് ഉപയോഗിച്ചുകാണുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം ഇനി മുതല്‍ നാം ഓരോരുത്തരും സംഭാഷണത്തില്‍ ആത്മനിയന്ത്രണം വരുത്തേണ്ടിയിരിക്കുന്നു എന്നതാണ്. സംസാരത്തില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തിഹത്യ-ഭരണകൂടഹത്യാവാചകങ്ങള്‍ അറിയാതെ കടന്നുവന്നാല്‍ മേല്‍പ്പറഞ്ഞ നിയമങ്ങള്‍ അധികാരികള്‍ ചുമത്താന്‍ ഇടയുണ്ട്. അതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഈ നിയമത്തിനെതിരെ വേണം നമ്മള്‍ ശക്തിയുക്തം നേരിടേണ്ടത്.
കഴിഞ്ഞ ജൂലൈയില്‍ രാജ്യദ്രോഹക്കേസുകളുടെ കുടുക്കില്‍പ്പെട്ട കിഷോര്‍ചന്ദ്ര, വാംഗ്ഖംചായും അസിം ത്രിവേദിയും ഉള്‍പ്പെടെ അനേകം പേരുടെ കേസുകളില്‍ വിധി തീരുമാനിക്കപ്പെടുമെന്ന് കരുതാമെങ്കിലും അതുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ 1860-ലെ ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 124-എ പ്രകാരം ചാര്‍ത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം ഭരണഘടനാമൂല്യാധിഷ്ഠിതമായി എത്രപേര്‍ക്ക് രക്ഷയാകുമെന്നും ശിക്ഷയാകുമെന്നും കണ്ടറിയേണ്ടതായിരിക്കുന്നു. അതിനു മുന്നോടിയായി മെയ്മാസത്തില്‍ തന്നെ തീരുമാനമാകാത്ത ട്രയലുകള്‍ തുടരാനും അപ്പീലുകള്‍ സ്വീകരിക്കാനും വ്യവഹാരനടപടികള്‍ മുന്നോട്ടുനീക്കാനും ഓരോ പരാതിക്കാരില്‍ നിന്നും ആവശ്യമായ രേഖകള്‍ സ്വീകരിക്കാനും സുപ്രീംകോടതി നടപടി ആരംഭിച്ചു കഴിഞ്ഞതുമാണ്. അതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശദ്രോഹക്കുറ്റം സംബന്ധിച്ച് പുതിയ എഫ് ഐ ആര്‍ സമര്‍പ്പിക്കാനും മുടങ്ങിയ അന്വേഷണം തുടരാനും സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഉള്‍പ്പെടുന്ന മൂന്നംഗബഞ്ചാണ് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടവരെ കേള്‍ക്കുന്നതിനും വിധി പ്രസ്ഥാവിക്കുന്നതിനും തീരുമാനിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ‘ആര്‍ട്ടിക്കിള്‍ 14’ ലുഭ്യാതി രംഗരാജന്‍ പറയുന്നത് മോഡി സര്‍ക്കാര്‍ നിരപരാധികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ട രാജ്യദ്രോഹ നിയമത്തെപ്പറ്റി ഒരു പുനരവലോകനം നടത്തുന്നത് നല്ലതാണെന്നാണ്. ഈ കേസ് സംബന്ധിച്ച് ആവശ്യമായ രേഖകള്‍, വിവരങ്ങള്‍ നല്‍കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ കുറച്ചുകാലം നീട്ടി ചോദിക്കുകയും തല്‍ക്കാലം കൊണ്ട് രാജ്യദ്രോഹക്കുറ്റം കുറെക്കൂടി ശക്തിപ്പെടുത്തി പഴുതുകള്‍ കണ്ടെത്താനും സാധ്യതയുണ്ടെന്നാണ് രംഗരാജന്‍ പറയുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് ലാ നെറ്റ്‌വര്‍ക്കിന്റെ സഹസ്ഥാപകനും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകനുമായ മിഹിര്‍ദേശായിയുടെ അഭിപ്രായത്തില്‍ കുറെക്കാലമായി ബുദ്ധിജീവികളെയും മനുഷ്യാവകാശപ്പോരാളികളെയും വിമതവാദികളെയും എതിരിടാനുള്ള ആയുധമായി മോഡി സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമങ്ങളാണ് യു.എ.പി.എയും എന്‍.എസ്.എയും ഐ.പി.സിയിലെ ചില വകുപ്പുകളും. യു.എ.പി.എ യഥാര്‍ത്ഥത്തില്‍ തീവ്രവാദനിരോധന നിയമം തന്നെയാണ്. ഈ നിയമപ്രകാരം പോലീസിന് സംശയിക്കപ്പെട്ട വ്യക്തിക്കെതിരെ ചാര്‍ട്ട്ഷീറ്റിന്‍പ്രകാരം വിചാരണ കൂടാതെ ആറുമാസം വരെ തടവില്‍ പാര്‍പ്പിക്കാനുള്ള അധികാരമുണ്ട്. അതുപോലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡനുസരിച്ച് മൂന്നുമാസം വരെയും തടവില്‍ പാര്‍പ്പിക്കാം. ഇതിനൊക്കെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. പക്ഷേ ഭരണകൂടത്തിനെതിരെയുള്ള കടുത്ത വിമര്‍ശകരെയാണ് കൂടുതലും ഈ നിയമം വേട്ടയാടുന്നത്. കഴിഞ്ഞ നവംബറില്‍ ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍ യു.എ.പി.എ നിയമപ്രകാരം അറസ്റ്റുചെയ്തത് 102 പേരെയാണ്. ഇതില്‍ സാമൂഹികമാധ്യമ ഉപയോക്താക്കളും സുപ്രീം കോടതി വക്കീലന്മാരും പത്രപ്രവര്‍ത്തകരും സാമൂഹികപരിഷ്‌ക്കരണ വാദികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് വമ്പിച്ച കലാപങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്ന മുന്‍ധാരണയിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ നിയമങ്ങളുടെ അന്തഃസാരം മനസ്സിലാക്കാതെ, എന്താണ് ആ നിയമം യഥാര്‍ത്ഥത്തില്‍ അനുശാസിക്കുന്നതറിയാതെ, നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യമെന്തെന്നറിയാതെ, അതിന്റെ വിശുദ്ധത ബോധ്യമാകാതെ വ്യക്തിഹത്യയ്ക്കും എതിരഭിപ്രായ കീഴ്‌പ്പെടുത്തലുകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കുമെതിരെ എടുത്തു പ്രയോഗിക്കുന്ന ഭരണാധികാരികളും വിലകുറഞ്ഞ അധമ തന്ത്രമാണ് ഈ നിയമമെന്നാണ് ദേശായിയുടെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹത്തെക്കുറിച്ച് യു.എ.പി.എ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കി ആവശ്യമെങ്കില്‍ മുന്നോട്ടുപോകുകയാണ് ഒരു ഭരണകൂടം ചെയ്യേണ്ട അടിയന്തിരമായ കാര്യം. നിയമങ്ങള്‍ നമുക്ക് ആവശ്യമായ കാര്യമാണ്. പക്ഷേ അതൊരിക്കലും നമ്മുടെ ഒത്തൊരുമയെ ഹനിക്കുന്നതും അടിസ്ഥാനമൗലികാവകാശങ്ങളെ തകര്‍ക്കുന്നതുമായിരിക്കരുത്. രാജ്യദ്രോഹനിയമം ഒരുകാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ചതാണെങ്കില്‍ ജനാധിപത്യ ഇന്ത്യയില്‍ അത് ഇന്ത്യക്കാര്‍ ഇന്ത്യക്കാര്‍ക്കെതിരെ തന്നെ പ്രയോഗിക്കുന്നു എന്നതാണ് വിചിത്രം. അപ്പോള്‍ ലഭിച്ചതെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സ് സഹനസമരത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ എട്ടുവര്‍ഷം കൊണ്ട് ഇല്ലാതാക്കിയവരാണ് ഇതിനു പിന്നിലെന്നത് ലജ്ജയും അറപ്പും ഉളവാക്കുന്നു.

Related posts

Leave a Comment