ഒടുവിൽ മന്ത്രിക്ക് ബോധോദയം ; സീറ്റ് പ്രശ്നം പരിഹരിക്കുമെന്ന് സഭയിൽ ഉറപ്പ്

തിരുവനന്തപുരം : രണ്ടാം ഘട്ട അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ മുഴുവൻ എ പ്ലസ് കിട്ടിയവർക്ക് ഇനിയും പ്ലസ് വൺ പ്രവേശനം കിട്ടിയില്ലെന്ന് സമ്മതിച്ച് മന്ത്രി വി ശിവൻകുട്ടി. ഫുൾ എ പ്ലസ് ലഭിച്ച 5,812 പേർക്കാണ് ഇനി പ്രവേശനം ലഭിക്കാനുള്ളതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സീറ്റ് കുറവുള്ള താലൂക്കുകളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭ്യമായില്ലെന്ന് നിയമസഭയിൽ സമ്മതിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പൂർത്തിയാകുന്നതോടെ അവർക്ക് പ്രവേശനം ലഭിക്കുമെന്ന് വ്യക്തമാക്കി.താലൂക്ക് അടിസ്ഥാനത്തിൽ സീറ്റൊഴിവുകളുടെ പട്ടിക എടുത്തു. 50 താലൂക്കുകളിലാണ് പ്ലസ് വൺ സീറ്റ് കുറവ്. സയൻസ് സീറ്റ് കുറവ് 36 താലൂക്കിൽ. ഹ്യുമാനിറ്റീസ് സീറ്റ് കുറവ് 41 താലൂക്കിൽ. കൊമേഴ്സ് സീറ്റ് 46 താലൂക്കിൽ കുറവ്. മുമ്പ് ആനുപാതികമായി സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 മുതൽ 20 ശതമാനം വരെ വർധന നൽകും. അടിസ്ഥാന സൗകര്യമുളള എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിൽ ആവശ്യമുള്ളതിന്‍റെ 20 ശതമാനം മാനേജ്മെന്‍റ് സീറ്റിന് നൽകും. പൊതുമെറിറ്റും 20 ശതമാനം വരെ വർധിപ്പിക്കും. സീറ്റ് വർധനയിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ താൽകാലിക ബാച്ച് അനുവദിക്കും.സയൻസ് ഗ്രൂപ്പിലാണ് താൽക്കാലിക ബാച്ച്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആവശ്യാനുസരണം സീറ്റ് വർധിപ്പിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment