Connect with us
48 birthday
top banner (1)

Editorial

ക്ഷേത്രോദ്ഘാടനച്ചൂണ്ടയില്‍ഇരയെക്കൊളുത്തി ബി.ജെ.പി

Avatar

Published

on

നിരീക്ഷകന്‍ ഗോപിനാഥ് മഠത്തില്‍

Advertisement
inner ad

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അടുപ്പില്‍ തിളയ്ക്കുന്ന അദ്ധ്യായമായി അയോദ്ധ്യ എന്നും മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളിലെല്ലാം ആ അടുപ്പിലേക്ക് കൂടുതല്‍ വിറകു കൂട്ടി അനാവശ്യമായ ചൂടു കൂട്ടുന്ന പതിവും കാണപ്പെടുന്നുണ്ട്. ശുഷ്ക്കമായ അംഗങ്ങളുമായി പാര്‍ലമെന്‍റിന്‍റെ ഒരുമൂലയില്‍ യാതൊരു പ്രസക്തിയുമില്ലാതെയിരുന്ന ബിജിപിക്ക് എം.പിമാരെ വര്‍ദ്ധിപ്പിക്കാനും ഭരണഅവസരം നല്കിയത് അയോദ്ധ്യയും അവിടുത്തെ ആരാധനയുമായി ബന്ധപ്പെട്ട വിഷയവുമായിരുന്നു. പ്രത്യേക നിശ്ചയബോധത്തോടെ ഹിന്ദുത്വവികാരമുണര്‍ത്തി എല്‍.കെ അദ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥഘോഷയാത്ര രാജ്യത്ത് അതുവരെ നിലനിന്നിരുന്ന രാഷ്ട്രീയവിശ്വാസത്തില്‍ മതമെന്ന കറുപ്പ് കലര്‍ത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിന്‍റെ ഫലമായി ഇന്ത്യന്‍ ഭരണനേതൃത്വത്തിലേയ്ക്ക് വാജ്പേയി സര്‍ക്കാരുകള്‍ വന്നു. പിന്നാലെ മോദി സര്‍ക്കാരുകളും. ഈ ബിജെപി സര്‍ക്കാരുകളെല്ലാം അധികാരത്തിലെത്തുന്നതിന് അന്തര്‍ധാരയായി വര്‍ത്തിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവിഷയമായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തോടെ സംഗതി ശുഭകരമാകും എന്ന് ഇന്ത്യയിലെ ജനങ്ങളും പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വവും വിശ്വസിച്ചിരുന്നെങ്കില്‍ ആ ധാരണ തിരുത്തിക്കൊണ്ട് 2024 ലെ തിരഞ്ഞെടുപ്പുവേദിയില്‍ ക്ഷേത്ര ഉദ്ഘാടനത്തെ തുടര്‍ അധികാരത്തിന്‍റെ തുറുപ്പുചീട്ടാക്കി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അവിടെയും അധികാരത്തിനായി അവര്‍ വീണ്ടും ഉപയോഗിക്കുന്നത് അയോദ്ധ്യയേയും ശ്രീരാമനെയുമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയ പാര്‍ട്ടിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കം സ്നേഹോഷ്മളതകൊണ്ടല്ല, മറിച്ച് ഇന്ത്യാസഖ്യത്തില്‍ വിള്ളലുണ്ടാക്കി അധികാരലക്ഷ്യം സ്വന്തമാക്കാനുള്ള കുടിലതന്ത്രം മാത്രമാണ്. അവരുടെ ഈ ലക്ഷ്യയാത്ര പ്രതിപക്ഷ നിരയില്‍ ഇതിനകം ഒരുചെറിയ ഓളം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ചില പാര്‍ട്ടികള്‍ ക്ഷണത്തെ അംഗീകരിക്കുകയും മറ്റുപാര്‍ട്ടികള്‍ നിരാകരിക്കുകയും ചെയ്തുകഴിഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ശിവസേന ഉദ്ധവ്താക്കറെ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സിപിഎം പങ്കെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സും പങ്കെടുക്കാന്‍ ഇടയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെയും സോണിയാഗാന്ധിയെയും രാമക്ഷേത്രനിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഈ വിഷയത്തില്‍ പ്രാദേശിക നിലനില്പ്പിനെയും ദേശീയ രാഷ്ട്രീയ പ്രസക്തിയെയും അടിസ്ഥാനമാക്കി വ്യക്തമായും ബുദ്ധിപരവുമായൊരു തീരുമാനമാകും കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ സാധ്യത.
അത്തരത്തില്‍ വിദഗ്ധമായി വീണ്ടും അയോദ്ധ്യ എന്ന ഇരയെ ചൂണ്ടയില്‍ കൊളുത്തി എറിഞ്ഞാണ് ബിജെപി ഇന്ത്യന്‍ രാഷ്ട്രീയതടാകത്തിന്‍റെ കരയില്‍ തപം കൊള്ളുന്നത്. ഇരയില്‍ ഏതുപാര്‍ട്ടിയാണോ കൊത്തുന്നത് അവര്‍ തങ്ങളുടെ പാര്‍ട്ടി സ്വത്വത്തെ അംഗീകരിക്കുന്നവരായും കൊത്താത്തവര്‍ ബിജെപിയുടെ നയങ്ങളെ അംഗീകരിക്കാത്തവരായും നിര്‍ണ്ണയിച്ച് വേട്ടയാടലിന്‍റെ പുതിയ തന്ത്രം മെനയാനും ഇത് കാരണമാകും. ബിജെപി ഒരു മതാധിഷ്ഠിതപാര്‍ട്ടിയാണെന്ന ജനവിശ്വാസത്തിലേയ്ക്ക് മറ്റു പാര്‍ട്ടികളെയും ബന്ധിപ്പിക്കാനുള്ള ശ്രമം കൂടി ഇതിന് പിറകിലുണ്ട്. ഹിന്ദുമതവിശ്വാസികളുടെ ആരാധനാമൂര്‍ത്തിയുടെ ക്ഷേത്രോദ്ഘാടനത്തിന് ക്ഷണിച്ചിട്ട് പോയില്ലെങ്കില്‍ അത് ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് അനുകൂലമായും പോയാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് അനുകൂലമായും ചിത്രീകരിക്കുന്ന സന്നിഗ്ധ അവസ്ഥാവിശേഷവും ഭയവുമാണിപ്പോള്‍ ഇന്ത്യന്‍ പ്രതിപക്ഷപാര്‍ട്ടികളെ പ്രധാനമായും ഭരിക്കുന്നത്. ഇങ്ങനെ അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിന് ഒരു ഉദാഹരണം കേരളത്തിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുഫലം തന്നെയാണ്. ഇരുപതില്‍ ഇരുപത് സീറ്റും കേരളത്തില്‍ പ്രതിപക്ഷം സ്വന്തമാക്കിയിട്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് ബിജെപിയാണ്. അതുകൊണ്ട് പ്രാദേശിക സ്കെയില്‍ കൊണ്ട് ദേശീയതയെ അളക്കാന്‍ ശ്രമിക്കുന്നത് പാളിച്ചയാകുമോ എന്ന ഭീതിയാണ് പല പ്രതിപക്ഷപാര്‍ട്ടികളെയും ചഞ്ചല ചിത്തരാക്കുന്നത്. സിപിഎമ്മോ തൃണമൂലോ ക്ഷണം നിരസിക്കുന്നതിന് പ്രധാന കാരണം അവര്‍ കൈയാളുന്നത് ഓരോ സംസ്ഥാനത്തിന്‍റെ ഭരണം മാത്രമാണ്. വിശാല കാഴ്ചപ്പാടില്‍ അവര്‍ സംസാരിക്കുന്ന പല വാക്കുകളും ബംഗാള്‍, കേരളം എന്ന കിണറുകളുടെ ഇത്തിരി വട്ടത്തില്‍ മാത്രം ഒതുങ്ങുന്നതും മുഴങ്ങുന്നതുമാണ്. ഏതായാലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധാപൂര്‍വ്വമായ സമീപനം വേണം ഇന്ത്യാ സംഘടനയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്.

വാല്‍ക്കഷണം:
ഹൈന്ദവ മത സങ്കല്പങ്ങളെയും ദൈവങ്ങളെയും ഉപയോഗിച്ചുള്ള രാഷ്ട്രീയ വീക്ഷണമാണ് ബിജെപിയുടെ നിലനില്‍പ്പ്. അയോദ്ധ്യയും ശ്രീരാമനുമാണ് ഇതുവരെ അവരുടെ ഭരണത്തിന്‍റെ ആധാര ഘടകങ്ങള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും അവര്‍ അതേഘടകങ്ങള്‍ തന്നെയാണ് ക്ഷേത്രപ്രതിഷ്ഠാദിനത്തിന്‍റെ പേരില്‍ എടുത്ത് ഉപയോഗിക്കുന്നത്. ഇത് അവരുടെ ശ്രീരാമനെ ഉപയോഗിച്ചുള്ള അവസാനത്തെ തിരഞ്ഞെടുപ്പാണെന്നാണ് പലരും കരുതുന്നത്. ക്ഷേത്രം പണിത് പ്രതിഷ്ഠയും പൂജയും നടന്നുകഴിഞ്ഞാല്‍ പിന്നെ പ്രശ്നം അവസാനിക്കും എന്നാണ് ചിന്ത. അടുത്തുവരുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ലെങ്കിലും 2029 ല്‍ നടക്കാനിടയുള്ള ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഹിന്ദു ദൈവം ശ്രീകൃഷ്ണനായിരിക്കും. മഥുരയെ ചൊല്ലി തര്‍ക്കം ആരംഭിച്ചത് അതിനുവേണ്ടിയാണ്.

Advertisement
inner ad

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Editorial

രാഹുല്‍: ഗംഗയ്ക്ക് ചാല്‍ കീറിയ ഭഗീരഥന്‍; മുഖപ്രസംഗം വായിക്കാം

Published

on

ഫാസിസത്തിന്റെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ചുള്ള വരവിനെ മയക്കുവെടികൊണ്ട് വീഴ്ത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചത് ഭിന്നതകളില്ലാത്ത ഐക്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നിരവധി നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത് വലിയൊരു പ്രതിരോധ കോട്ടയായി മാറുകയായിരുന്നു. നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന നരേന്ദ്രമോദിയുടെ അഹങ്കാരത്തോടെയുള്ള വിളംബരം അതിമോഹവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനമായിരുന്നു. വിമോചന പോരാട്ടങ്ങള്‍ക്ക് പടത്തലവന്‍ നേതൃത്വം നല്‍കുന്നതുപോലെയാണ് രാഹുല്‍ഗാന്ധി ചുവന്ന പുറംചട്ടയുള്ള ഇന്ത്യന്‍ ഭരണഘടനയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

രാഹുല്‍ രക്ഷിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പരിപാവനമായ ഭരണഘടനയെയുമായിരുന്നു. എണ്ണമറ്റ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുമോയെന്ന് സന്ദേഹിച്ച വേളയിലാണ് പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. തങ്ങള്‍ നാനൂറ് സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയെ ശിരച്ഛേദം ചെയ്യാനുള്ള കൊലവാള്‍ ആവശ്യപ്പെടുന്നതിന് തുല്യമായിരുന്നു. രാജ്യത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ മുറുകെപ്പിടിച്ച വീര്യവും യുദ്ധതന്ത്രങ്ങളും രാഹുല്‍ നേടിയത് ഏതെങ്കിലും സൈനിക പാഠശാലകളില്‍ നിന്നോ പുസ്തകത്താളുകളില്‍ നിന്നോ ആയിരുന്നില്ല.

Advertisement
inner ad

ഇന്ത്യയുടെ ഹൃദയത്തില്‍ കൈവെച്ചും ദരിദ്രരും ദീനരും ദുഃഖിതരുമായ ശതകോടി ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടും രാഹുല്‍ ഇന്ത്യയുടെ സങ്കടം കാണാന്‍ നാടുനീളെ സഞ്ചരിച്ചു. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിന്റെ ദുഃഖം കാണാന്‍ രാജധാനി വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരന്റെ പരിത്യാഗത്തിന് സമാനമായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്രകള്‍.


ഒന്നാംഘട്ടം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും രണ്ടാംഘട്ടം മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും യാത്ര ചെയ്തു. ഇതൊരു ഉല്ലാസയാത്രയായിരുന്നില്ല. മരംകോച്ചുന്ന കൊടുംതണുപ്പും കത്തിയാളുന്ന വെയിലും തിമിര്‍ത്ത് പെയ്യുന്ന മഴയും കൂസാതെയുള്ള യാത്രയില്‍ രാഹുല്‍ കണ്ടത് യഥാര്‍ഥ ഇന്ത്യയെ ആയിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചേരികളിലെയും പട്ടിണിയും ദാരിദ്ര്യവും കണ്ണീരും സങ്കടങ്ങളും മുഖാമുഖം കണ്ടു. പതിതരുടെയും അധഃസ്ഥിതരുടെയും ദുഃഖത്തിനറുതി വരുത്തുന്ന ഒരു രാഷ്ട്രീയത്തിന് മാത്രമേ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്ന് രാഹുല്‍ മനസ്സില്‍ കുറിച്ചിട്ടു. ഇതോടൊപ്പം നാടുനീളെ ബിജെപി വിതച്ച വര്‍ഗീയ വിഷവിത്തുകളെ പൂര്‍ണമായും പിഴുതെറിഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണിയെന്ന രാഷ്ട്രീയ സഖ്യം അങ്ങിനെ രൂപം കൊണ്ടതാണ്.

Advertisement
inner ad

സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള വിളംബരം മുഴക്കിക്കൊണ്ട് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ തെക്ക് നിന്ന് വടക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും രാഹുല്‍ സഞ്ചരിച്ചു. ആരും ക്ഷണിക്കാതെയും യാത്രാസൗകര്യങ്ങളില്ലാതെയും രാഹുലിനെ കാണാനും കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടി. സ്വന്തം മുത്തശ്ശിയുടെയും പിതാവിന്റെയും ജീവനുകള്‍ രാജ്യത്തിനുവേണ്ടി ബലിനല്‍കിയ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ രാഹുലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തുപകര്‍ന്നതേയുള്ളൂ. സംഘര്‍ഷഭൂമികളില്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മുന്നേറിയ രാഹുലിന്റെ നിശ്ചയദാര്‍ഢ്യം ഫാസിസത്തിനെതിരായ പോരാട്ടത്തിന് ‘ഇന്ത്യ’ക്ക് ഊര്‍ജമായി.


ആരോഗ്യപരമായ അവശതകളുണ്ടായിട്ടും സോണിയാ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിയെ നിയമക്കുരുക്കുകളില്‍ പെടുത്താനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിര്‍ഭയനായി രാഹുല്‍ഗാന്ധി ഈ പോരാട്ടം നയിച്ചു.

Advertisement
inner ad


പ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് രാഹുല്‍ മോദിയെയും ബിജെപിയെയും ആക്രമിച്ചു. രാഹുലിന്റെ കൂരമ്പുകളേറ്റ് നിലംപൊത്തുന്ന മോദിപ്പടയെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നാം കണ്ടത്. നാനൂറ് പ്ലസ് ലക്ഷ്യംവെച്ച എന്‍ഡിഎയ്ക്ക് 292 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഹുലാണ് ഇന്ത്യ മുന്നണിയുടെ ഊര്‍ജടാങ്ക് എന്ന് മനസ്സിലാക്കിയ ബിജെപി രാഹുലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചതിപ്രയോഗങ്ങളും ശരപ്രയോഗങ്ങളും മറികടന്ന് രാഹുല്‍ ഇന്ത്യ മുന്നണിയെ കരുത്തുറ്റ ശക്തിയാക്കി മാറ്റി.

മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ദുര്‍ബ്ബലപ്പെടുത്താന്‍ രാജ്യത്ത് ഒരു ശക്തിയേയും അനുവദിക്കില്ലെന്ന ജനങ്ങളുടെ ഉജ്വലമായ പ്രഖ്യാപനമാണ് ഈ വിധിയെഴുത്തിലൂടെ പ്രഘോഷിക്കപ്പെടുന്നത്.
ഗംഗയെ വഴിച്ചാലുകള്‍ കീറി ആകാശത്തുനിന്നും ഭൂമിയിലെത്തിച്ച ഭഗീരഥന്റെ പ്രയത്‌നത്തിന് തുല്യമായിരുന്നു രാഹുലിന്റെ അധ്വാനവും ലക്ഷ്യവും.

Advertisement
inner ad
Continue Reading

Editorial

ജോസ്‌ മാണി സിപിഎം അരക്കില്ലത്തില്‍ വെന്തുരുകരുത്

വീക്ഷണം എഡിറ്റോറിയൽ

Published

on


വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടെ സങ്കട കടലിലാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌. പലതരം കയ്പേറിയതും നോവിക്കുന്നതുമായ ചെയ്തികള്‍ സിപിഎമ്മില്‍ നിന്നുണ്ടായിട്ടും പാര്‍ട്ടി പിളര്‍ത്താനും എല്‍ഡിഎഫില്‍ ചേക്കേറാനും പ്രേരിപ്പിച്ചത്‌ സംസ്ഥാന മന്ത്രിയാകാനുള്ള ജോസ്‌ കെ മാണിയുടെ അത്യാര്‍ത്തിയായിരുന്നു. യുഡിഎഫിനോട്‌ കൊടുംചതി കാണിച്ച്‌ എല്‍ഡിഎഫിലേക്ക്‌ പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന രാജ്യസഭ അംഗത്വം എപ്പോഴും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം ജോസ്‌ മാണിയെ രണ്ടാമനെന്ന പരിഗണന നല്‍കി പ്രധാനവകുപ്പും സിപിഎം വാഗ്ദാനം ചെയ്തിരുന്നു. പിതാവ്‌ കെ.എം മാണി ജീവിച്ചിരുന്ന കാലത്ത്‌ യുഡിഎഫ്‌ വിട്ടു പോയ മാണിധഗൂപ്പിനെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റ്‌ നല്‍കുകയും പുനഃസ മാഗമം സാധ്യമാക്കുകയും ചെയ്തു. മാണിയുടെ മരണശേഷം ഗ്രൂപ്പിന്റെ സര്‍വാധിപതിയായത്‌ ജോസായിരുന്നു. യേശുവിനെ ഒറ്റുകൊടുത്ത മുപ്പത്‌ വെള്ളിക്കാശിന്റെ പാപം പൊതിഞ്ഞുനില്‍ക്കുന്ന അക്കല്‍ദാ മയെപ്പോലെ ഈ രാജ്യസഭാ സീറ്റ്‌ ചതിയുടെ കറ പുരണ്ടതായിരുന്നു. അതിന്റെ കാലാവധി അവസാനിക്കുമ്പോള്‍ അത്‌ തിരികെ കിട്ടണമെന്ന്‌ ജോസ്‌ മാണിക്ക്‌ നിര്‍ബന്ധമുണ്ട്‌. മൂന്ന്‌ സീറ്റ്‌ ഒഴിവ്‌ വരുമ്പോള്‍ രണ്ടെണ്ണം എല്‍ഡിഎഫിനും ഒന്ന്‌ യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫിന്റെ രണ്ട്‌ സീറ്റു കള്‍ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും രഹസ്യമായി പകുത്തെടുത്തുകഴിഞ്ഞു. ജോസ്‌ മാണിക്ക്‌ അനൗദ്യോഗികമായി ലഭിച്ച മറുപടി അടുത്ത ഒഴിവില്‍ നോക്കാമെന്നായിരുന്നു. കോട്ടയം ലോക്സഭ സീറ്റില്‍ ചാഴികാടന്റെ തോല്‍വി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന്‌ ലോക്സഭയിലും രാജ്യസഭയിലും അംഗത്വമി ല്ലാതാവും. ഇന്ത്യ മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ തനിക്കൊരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന ജോസ്‌ മാണിയുടെ രഹസ്യ വിശ്വാസം പരസ്ൃമായിരിക്കയാണ്‌. ഇത്തരമൊരു മോഹവുമായ്‌ പണ്ടൊരു കേരള കോണ്‍ഗ്രസുകാരന്‍ ഡല്‍ഹിയില്‍ കറങ്ങി നടന്നിരുന്നു. തോമസ്‌ കുതിരവട്ടം. എന്നാല്‍ കെ.എം മാണിയുടെ കുശാഗ്രബുദ്ധി കുതിരവട്ടത്തിന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തി. 1990-91ല്‍ കെ ചന്ദ്രശേഖറിന്റെ മ്രന്തിസഭയില്‍ അംഗമാകാനായിരുന്നു കുതിരവട്ടം കുപ്പായം തയ്പ്പിച്ചത്‌. ദേശീയ പാര്‍ട്ടി പദവിയും ചിഹ്നവും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും ജോസ്‌ മാണി യുടെ മോഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസിനെപ്പോലെ ഘടകകക്ഷികള്‍ക്ക്‌ കരുതലും കൈത്താങ്ങും നല്‍കാന്‍ സിപിഎം ഒരിക്കലും തയ്യാറാകില്ല. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി യുടെ കൊല്ലം സീറ്റ്‌ സിപിഎം കവര്‍ന്നെടുത്തപ്പോള്‍ ഇടതുമുന്നണി വിട്ട ആര്‍ എസ്‌പി ക്ക്‌ അതേ സിറ്റിങ്‌ സീറ്റ്‌ നല്‍കി കോണ്‍ഗ്രസ്‌ യുഡിഎഫിലേക്കാനയിച്ചു. കോഴിക്കോട്‌ സീറ്റ്‌ ജനതാദളില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ അവര്‍ക്ക്‌ അഭയം നല്‍കിയതും കോണ്‍ഗ്രസായിരുന്നു. ഘടകക്ഷികളുടെ ആവശ്യങ്ങള്‍ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോണ്‍ഗ്രസിനില്ല. 2011 ലെ മന്ത്രിസഭയില്‍ അഞ്ചാംമന്ത്രി സ്ഥാനവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ്‌ ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭാ സീറ്റും മുസ്ലിംലീഗിന്‌ നല്‍കിയത്‌ കോണ്‍ഗ്രസ്‌ പുലര്‍ത്തുന്ന മുന്നണി മര്യാദയുടെ ഭാഗമാണ്‌.
അരനൂറ്റാണ്ടിലേറെക്കാലം കെ.എം മാണി കേരള കോണ്‍ഗ്രസുകാരുടെ വത്തിക്കാന്‍ പോലെ കാത്തു സൂക്ഷിച്ച പാലായില്‍ ജോസ്‌ മാണി തോറ്റത്‌ കേരള കോണ്‍ഗ്രസിന്റെ ദുരന്ത ചരിത്രത്തില്‍ ഏറ്റവും കഠിനമായതാണ്‌. പ്രണയകാലത്തും മധുവിധു നാളിലും ജോസ്‌ മാണിയെ തലയിലും നിലത്തും വെയ്ക്കാതെ ലാളിച്ച സിപിഎം ആവേശമൊക്കെ ആറിത്തണുത്ത്‌ തിരയടങ്ങിയ കടല്‍പോലെ നിശ്ചലമായിരിക്കയാണ്‌. നാല്‍ പതിറ്റാണ്ടിലേറെക്കാലം തിരുവിതാംകൂറിലെ കര്‍ഷകര്‍ക്ക്‌ അവകാശബോധ ത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം മാണിയുടെ മകന് രാഷ്ര്രീയത്തിന്റെയും കര്‍ഷക രാഷ്ര്രീയത്തിന്റെയും നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ല. എതിരാളികള്‍ മനസ്സില്‍ കാണുന്നത്‌ മാനത്ത്‌ കാണുന്ന അതീവ കൗശലക്കാരനായ രാഷ്ദ്രീയക്കാരനായിരുന്നു കെ.എം മാണി. അത്തരമൊരു മനസ്സോ മാനമോ കൌശലമോ ഇല്ലാത്ത ജോസ്‌ കെ മാണി സിപി എമ്മിന്റെ അരക്കില്ലത്തില്‍ കിടന്ന്‌ വെന്തുരുകാതെ യുഡിഎഫിലേക്ക്‌ തിരിച്ചുവരുന്നതാണ്‌ നല്ലത്‌.

Continue Reading

Editorial

വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും പാര്‍ട്ടിയെ വിഴുങ്ങുമ്പോള്‍; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു തരത്തിലുള്ള സൗഹാര്‍ദ്ദമോ ബിസിനസ്സ്, പണമിടപാടുകളോ ഓഹരി പങ്കാളിത്തമോ ഉണ്ടാകരുതെന്ന് തെറ്റുതിരുത്തല്‍ ‘കല്‍പനകളി’ ലൂടെ അണികളെ ഉദ്‌ബോധിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് പ്രേരിപ്പിക്കുന്ന പ്ലീനവും മറന്നു, രേഖയും വലിച്ചുകീറി കോര്‍പ്പറേറ്റുകറുടെയും പണച്ചാക്കുകളുടെയും മാത്രമല്ല രാജ്യം ഭരിക്കുന്ന ഫാസിസ്റ്റുകളുടെയും ഇഷ്ടതോഴന്‍മാരായി വളരുകയും വികസിക്കുകയുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പാര്‍ട്ടി പ്ലീനം എന്നു പറഞ്ഞാല്‍ അസാധാരണവും അപൂര്‍വവുമായ സംഘടനാ പരിപാടിയാണ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലയളവിലുണ്ടാകുന്ന അസാധാരണവും ഗുരുതരവുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്ലീനം സംഘടിപ്പിക്കാറുള്ളത്.

ഇതനുസരിച്ചായിരുന്നു 37 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ഡിസംബറില്‍ പാലക്കാട് പാര്‍ട്ടി പ്ലീനം ചേര്‍ന്നത്. ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ചയും പാര്‍ട്ടി നതാക്കളിലും അണികളിലും വളര്‍ന്നു വരുന്ന ആഡംബര മുതലാളിത്ത ജീവിത രീതികളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഇല്ലായ്മയും പലതരം മാഫിയകളുമായുള്ള സൗഹാര്‍ദ്ദ- സാമ്പത്തിക ബന്ധങ്ങളും പ്ലീനം ചര്‍ച്ച ചെയ്തു. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ സുഖലോലുപത, വിലപിടിപ്പുള്ള വീടുകളോടും വാഹനങ്ങളോടും വസ്ത്രങ്ങളോടും കാണിക്കുന്ന ആര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹത്തിന്റെയും മറ്റു ആഘോഷങ്ങളുടെയും പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്ത സഹജമായ ആര്‍ഭാടങ്ങള്‍, സ്വകാര്യ സ്വത്തു സമ്പാദനം എന്നിവ പ്ലീനത്തിന്റെ വിമര്‍ശനത്തിനും വിവാദത്തിനും വിധേയമായി. സാധാരണക്കാരില്‍ നിന്നു അകന്നു പോയ പാര്‍ട്ടി ഇടത്തരക്കാരുടെയും മുതലാളിമാരുടെയും കുത്തകകളുടെയും പ്രസ്ഥാനമായി മാറുന്നത് തൊഴിലാളി വര്‍ഗം വേദനയോടെയാണ് കാണുന്നതെന്ന് പ്ലീനത്തിന്റെ ചര്‍ച്ചകള്‍ പിന്നീട് ഒന്നൊന്നായി പുറത്തു വന്നു. 1978ലെ സാല്‍ക്കിയ പ്ലീനം നടക്കുമ്പോള്‍ കുതിപ്പിന്റെ പാതയിലായിരുന്ന സിപിഎം 2013 പാലക്കാട് പ്ലീനം നടക്കുമ്പോള്‍ ആസന്ന മരണത്തിന്റെ പാളത്തിലായിരുന്നു. പാലക്കാട് പ്ലീനം സംഘടിപ്പിച്ചവരും തെറ്റുതിരുത്തല്‍ രേഖകള്‍ തയ്യാറാക്കിയവരും അതിന്റെ ഘാതകരായി തീരുകയായിരുന്നു.

Advertisement
inner ad

കേരള നേതാക്കളുടെ ചങ്ങാത്ത മുതലാളിത്വത്തിന്റെ ഉപജ്ഞാതാക്കളും ഉപഭോക്താക്കളുമായി മാറുകയായിരുന്നു. ലോട്ടറി മാഫിയ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പാര്‍ട്ടി പത്രത്തനായി രണ്ടു കോടി വാങ്ങിയ പത്രത്തിന്റെ അന്നത്തെ ജനറല്‍ മാനേജറായിരുന്ന ഇ പി ജയരാജന്‍ പ്രതിക്കൂട്ടിലായി. പാലക്കാട്ടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പാര്‍ട്ടി പത്ര പരസ്യവും ആശംസകളും സ്വീകരിച്ചത് പാര്‍ട്ടിയെ നാണക്കേടിലാക്കി. മറ്റൊരു വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കറുമായുള്ള അധമ ചങ്ങാത്തം പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കി. വ്യവസായിയും ബിജെപിയുടെ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരനുമായി ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി വ്യവസായ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കി. മാസപ്പടി വിവാദത്തില്‍ കരിമണല്‍ രാജാവ് ശശിധരന്‍ കര്‍ത്തായുടെയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെയും ബന്ധം പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിട്ടും ഭരണകൂടവും പാര്‍ട്ടിയും വീണയ്ക്ക് വീണമീട്ടുകയായിരുന്നു. വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായുള്ള ബന്ധം ഒടുവില്‍ ഇ പി ജയരാജനെ എത്തിച്ചിരിക്കുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ പ്രകാശ് ജാവേദ്ക്കറുമായി ഇ പി നടത്തിയ കൂറുമാറ്റ ചര്‍ച്ച സിപിഎം അണികളെ രോഷം കൊള്ളിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അസുഖം കാരണം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്തപ്പോളും കാല്‍ക്കാലിക സെക്രട്ടറിയായി എ വിജയരാഘവനെയും പിന്നീട് സ്ഥിരം സെക്രട്ടറിയായി എം വി ഗോവിന്ദനെയും നിശ്ചയിച്ചപ്പോള്‍ അവരേക്കാള്‍ സീനിയറായ തന്നെ അവഗണിച്ചത് ഇ പിക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇനി സിപിഎമ്മില്‍ തനിക്ക് ഭാവിയില്ലെന്ന് മനസ്സിലാക്കിയ ഇ പി ബിജെപിയില്‍ കൂടേറാനാണ് ശ്രമിച്ചത്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ പി ജയരാജന്‍ അഴിച്ചുവിട്ട വേട്ടപ്പട്ടികള്‍ ഇപിക്കെതിരെ കുരച്ചു ചാടി. മതില്‍ചാടിയാല്‍ മരണം തീര്‍ച്ചയെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞു. പിന്നീട് മാസങ്ങളോളമായി സിപിഎമ്മിനകത്ത് പൊട്ടലും ചീറ്റലും തുടരുകയായിരുന്നു. മനുഷ്യനീതിക്കും മാനവിതകക്കും വേണ്ടി നിലകൊണ്ടിരുന്ന പാര്‍ട്ടിയുടെ അധഃപതനം അണികളെ വല്ലാതെ തളര്‍ത്തുന്നു.

Advertisement
inner ad

1964ന് ശേഷം സിപിഎം കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നടന്നു തീര്‍ത്ത വഴികള്‍ ചെറുതല്ലായിരുന്നു. അതിനെയൊക്കെ വിസ്മരിച്ചും ത്യാഗത്തിന്റെ പൈതൃകം തിരസ്‌കരിച്ചുമാണ് അപ്രഭ്രംശ യാത്ര തുടരുന്നത്. കമ്യൂണിസ്റ്റുകാര്‍ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്നും ജനങ്ങളുടെ പണം തട്ടിയെടുക്കില്ലെന്നും മുതലാളിത്തവുമായി ഒത്തുകളിക്കില്ലെന്നും സ്വന്തം പിതാവിനോ മാതാവിനെ ദൈവത്തിനോ തെറ്റിയാല്‍ പോലും പാര്‍ട്ടിക്ക് തെറ്റില്ലെന്ന് വിശ്വസിച്ചിരുന്നവരെയാണ് സിപിഎം വഞ്ചിച്ചിരിക്കുന്നതെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ള പോലുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement
inner ad
Continue Reading

Featured