സുമാത്ര: ഭൂചലനങ്ങളുടെ നാടായ ഇന്തോനേഷ്യയിലെ സുമാത്രയിൽ വീണ്ടും അതിശക്തമായ ഭൂചലനം. 14 പേർ മരിച്ചെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. 85 പേർക്കു പരിക്കേറ്റു.കെട്ടടങ്ങൾക്കും വസ്തുവകകൾക്കും വലിയ തോതിൽ നാശമുണ്ടായി. പ്രാദേശിക സമയം ഇന്നു പുലർച്ചെയാണ് പടിഞ്ഞാറൻ സുമാത്രൻ പ്രവിശ്യയിലെ മലയോര പട്ടണമായ ബുകിട്ടിംഗിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 6.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അയൽ രാജ്യങ്ങളായ മലേഷ്യയിലും സിംഗപ്പൂരിലും ചലനം അനുഭവപ്പെട്ടു. ബുകിടിംഗിയിൽ നിന്ന് 70 കിലോമീറ്റർ അകലെ കടലിൽ 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പുലർച്ചെയായതിനാൽ ആളുകൾ ഉറക്കത്തിലായിരുന്നു. സുനാമി ഭീഷണിയില്ലെങ്കിലും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ട്. കൃത്യമായ നാശനഷ്ടം വിലയിരുത്തിയിട്ടില്ല.
സുമാത്രയിൽ വീണ്ടും ഭൂചലനം, 14 പേർ മരിച്ചു
